നോട്ടു അസാധുവാക്കല്‍: കേസുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Friday 16 December 2016 3:34 pm IST

ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന കേസുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇവ സുപ്രീം കോടതിയിലേക്ക് മാറ്റും. അഞ്ചംഗ ഭരണഘടനാ ബഞ്ചായിരിക്കും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കുക. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണ്. അതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കുന്നില്ലെന്നും സുപ്രീംക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമായത് കൊണ്ടാണ് ഉത്തരവിറക്കാത്തത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ നോട്ടുകള്‍ മറ്റ് പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കുന്നത് പോലെ തന്നെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നോട്ടുകള്‍ ലഭ്യമാകുന്ന മുറക്ക് മറ്റ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്ന അതേ അനുപാതത്തില്‍ തന്നെ സഹകരണ ബാങ്കുകള്‍ക്കും എത്തിക്കണം. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. നോട്ടു നിരോധനത്തിനെതിരെയും സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ചതുമായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.