ആരണ്യക തീര്‍ത്ഥയാത്ര

Friday 16 December 2016 11:52 pm IST

ദണ്ഡകാരണ്യം ഒരു അതിക്രമത്തിന്റെയും ശാപത്തിന്റെയും ശേഷപത്രമാണ്. ഇക്ഷ്വാകുവംശത്തിലെ രാജാവിന് നൂറോളം പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഇളയവന്‍ ദണ്ഡന്‍. അവന് കാലവശാലും കര്‍മവശാലും അത്യാപത്തുണ്ടാകുമെന്നറിഞ്ഞ് പിതാവ് വിന്ധ്യസാനുവില്‍ ശതയോജന വിസ്താരത്തില്‍ ഒരു രാജ്യം ചമച്ചു നല്‍കി. കുലഗുരുവായി ശുക്രാചാര്യരേയും. ഒരു ചൈത്രമാസാരംഭത്തില്‍ ശുക്രാചാര്യര്‍, ഗുരുവിനെ വന്ദിക്കാന്‍ പുറപ്പെട്ടു പോയപ്പോള്‍ ദണ്ഡന്‍ പര്‍ണശാലയിലെത്തി. അവിടെ കണ്ട മനോഹരിയായ കന്യകയോട് അഭിനിവേശം തോന്നി. ധര്‍മബുദ്ധിയായ കന്യക രാജാവിന് വഴങ്ങിയില്ല. പക്ഷേ, ദണ്ഡന്‍, വിവേകശൂന്യനായി അന്യായം കാണിച്ചു. ശുക്രാചാര്യര്‍ ശോകത്താല്‍, അതിലുപരി രോഷത്താല്‍ ശപിച്ചു. ദണ്ഡനും പടയും വീടും വെന്തു വെണ്ണീറായി. അവിടെ ഉണ്ടായിരുന്ന തപോധനരെ നാട്ടിന് പുറത്ത് താമസിപ്പിച്ചു. ധൂളി വര്‍ഷിച്ചു. ദണ്ഡകം വനമായി. ജനങ്ങള്‍ താമസിച്ച ഇടം ജനസ്ഥാനവുമായി. അത്രിമുനിയുടെ അതിശാന്തവും അനുഗ്രഹദായകവുമായ ആശ്രമത്തില്‍നിന്ന് സീതയും രാമലക്ഷ്മണന്മാരും എത്തിയത്, സൂര്യരശ്മികള്‍ കടക്കാത്ത ഈ ഉഗ്രവനത്തിലാണ്. വാല്മീകിയുടെ സങ്കടം ഈ കഥ, വരാന്‍ പോകുന്ന ധാര്‍മികക്ഷയത്തിനും കൊടും യുദ്ധത്തിനും കളമൊരുക്കിയതില്‍ ആശ്ചര്യപ്പെടാനില്ല. സത്യപരാക്രമനായ രാമനും അനുജനും ആദ്യം ഏറ്റുമുട്ടേണ്ടിവന്നത്, ഒരു ഘോരരൂപത്തോടാണ്. വികടം, വികൃതം, ദീര്‍ഘം, വിഷമോദരം ഈ വക വൈകൃതഭാവം നിറഞ്ഞ വിരാധന്‍, ഭൈരവനാദത്തോടെ ഓടിവന്നു സീതയെ അങ്കതലത്തിലെടുത്തു. വിരാധാങ്കതയായ ദേവിയെ കണ്ട് ശുഭാചാരയായ സീതയ്ക്ക് ഇങ്ങനെയൊരു വിധി വന്നല്ലോ എന്നു വിചാരിച്ച് ധര്‍മകര്‍ക്കശനായ രാമന്‍ പരവശനായി. പ്രാണപ്രിയയെ അന്യന്‍ സ്പര്‍ശിക്കുക ദുസ്സഹം. മറ്റെന്തും രാമന്‍ സഹിക്കും. രാവണ രാജധാനിയില്‍ പ്പെട്ടുപോയ സീതയെക്കുറിച്ചുണ്ടായ കടുകോളം പോന്ന ആശങ്ക സീതയെ ശോകവഹ്നിയില്‍ നീറ്റിയത് വാല്മീകി മനം നൊന്ത് എഴുതിപ്പോയതറിയാം. വികൃതാകാരനും പാപചേതസ്സുമായ വിരാധനെ ക്രുദ്ധനായി രാമന്‍ വധിച്ചു. വിരാധന്റെ ജന്മപാപങ്ങള്‍ അസ്തമിച്ചു പൂര്‍വരൂപം ലഭിച്ച് വിരാധന്‍ കടന്നുപോയി. കാലങ്ങളായി രാമദര്‍ശന കാംക്ഷയോടെ തപം ചെയ്ത ശരഭംഗ മുനിയുടെ ബ്രഹ്മലോകയാത്രയ്ക്ക്, ആത്മാഹുതിക്ക് രാമന്‍ സാക്ഷി സ്വരൂപനായി നിന്നു. സുതീകൃഷ്ണ താപസന്റെ അനുജ്ഞയോടുകൂടി അഗസ്ത്യന്റെ പുണ്യാശ്രമത്തിലെത്തി. വിശ്വകര്‍മാവിനാല്‍ നിര്‍മിതമായ ചാപവും അക്ഷയസായകവും തൂണീരവും വിശിഷ്ടായുധങ്ങളും നല്‍കി ആശീര്‍വദിച്ചു. ആസന്നമായ യുദ്ധം മുന്നില്‍ കണ്ടതുപോലെ. ദണ്ഡകവനത്തിലെ ദൃഢയോഗ സമാഹിതരായ തപസ്വികള്‍, മുനിമണ്ഡലമാകെ, ധര്‍മജ്ഞനായ രാമനെ അഭയം തേടി. അങ്ങ് ത്രിലോകങ്ങളിലും സത്യസന്ധമെന്ന് ശാശ്വതകീര്‍ത്തി കേട്ടവന്‍ ധര്‍മമൂര്‍ത്തി, ഞങ്ങള്‍ക്ക് രക്ഷതന്നാലും-രാമനവര്‍ക്ക് ശരണം നല്‍കി. സീതാവാങ്മാധുര്യം അരണ്യകാണ്ഡത്തിലെ മനോഹരവും ചിന്തനീയവുമായ ഒരു മുഹൂര്‍ത്തമാണ് രാമനോട് സീത പറയുന്ന വിനയമധുരവും ആലോചനാമൃതവുമായ വാക്കുകള്‍. മെല്ലെപ്പറഞ്ഞ ആ വാക്കുകള്‍ രാമന്‍ ശ്രദ്ധിച്ചു. ആര്യപുത്രാ- നാമിവിടെ വന്നത് യുദ്ധത്തിനല്ല. പിതൃസത്യപരിപാലനാര്‍ത്ഥം വനവാസത്തിന് ഇറങ്ങിയതാണ്. ഇവിടെ താപസജീവിതമാണ് സ്വധര്‍മം. പക്ഷെ അങ്ങിപ്പോള്‍ രാക്ഷസവധ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അങ്ങ് മിഥ്യാവാക്യം പറയുകയേ ഇല്ല. അങ്ങയുടെ അചിത്യമഹിമാനം ആരറിയുന്നില്ല. പക്ഷെ ഇവിടെ വൈരം വിനാ പരദ്രോഹമാണ് അങ്ങ് ചെയ്യാനുദ്ദേശിക്കുന്നത്. ശരണാഗത രക്ഷണം മനുകുല ധര്‍മം, രാമന്‍ പ്രത്യുത്തരം പറഞ്ഞു. ആര്‍ത്ത സ്വരം എവിടെ കേട്ടാലും ആര്‍ത്തത്രാണ പരായണരായ ക്ഷത്രിയര്‍ അവിടെത്തും. അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാജ്യം ഉപേക്ഷിച്ചവര്‍, വല്‍ക്കലം ധരിച്ചവര്‍ സ്വധര്‍മമായ തപോവന ജീവിതം പിന്തുടരണം. സീത തുടര്‍ന്നു- രാജ്യം ഉപേക്ഷിച്ച്, വല്‍ക്കലവും ജടാമകുടവും ധരിച്ചവര്‍ താപസജീവിതമാണ് നയിക്കേണ്ടത്. പരമധര്‍മമായ യുദ്ധമല്ല. ഇവിടെ പരമധര്‍മ്മം ഭയാവഹമാണ്. അപരാധം ചെയ്യാത്തവരെ വധിക്കുന്നത് അന്യായം. ധര്‍മ്മാദര്‍ത്ഥ പ്രഭവതേ ധര്‍മ്മാത് പ്രഭവതേ സുഖം ധര്‍മ്മേണ ലഭതേ സര്‍വ്വം ധര്‍മ്മ സാരമിദം ജഗത് ഇവിടെ ശത്രു നിധനത്തിനല്ല നാം വന്നത് എന്ന സീതയുടെ അഭിപ്രായത്തിന്റെ സാധുത രാമന്‍ മനസ്സിലാക്കി. പണ്ടൊരിക്കല്‍ ഇന്ദ്രന്‍ ഒരു ഋഷിക്ക് മൂര്‍ച്ചയുള്ള ഒരു വാള്‍ നല്‍കി, താന്‍ വരുവോളവും അതിന്റെ മൂര്‍ച്ചയും മിനുസവും നഷ്ടപ്പെടാതെ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചുപോയി. സന്യാസധര്‍മ്മം സ്വീകരിച്ചിരുന്ന ഋഷി, ആയുധം പരിരക്ഷിച്ച് ധ്യാനമനനങ്ങള്‍ മറന്നു. അതുപോലെ വനവാസം വ്യര്‍ത്ഥമാകരുതല്ലോ. പക്ഷേ ശരണാഗതരക്ഷണം മനുകുല ധര്‍മ്മമാണ് രാമന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പഞ്ചവടിയില്‍ മഹാതാപസനായ അഗസ്ത്യന്‍ നിര്‍ദ്ദേശിച്ച് പഞ്ചവടിയില്‍ പര്‍ണശാല ഉയര്‍ന്നു. പുഷ്പിതകാനന മധ്യത്തിലായിരുന്നു പഞ്ചവടി. ചൈത്രമാസം വിജനമായ ആശ്രമത്തില്‍ പുരാവൃത്തം പറഞ്ഞിരുന്ന സീതാരാമന്മാരുടെ പുരോഭാഗത്ത് ഒരു തരുണി പ്രത്യക്ഷയായി. ഗോദാവരീ തീരങ്ങളിലെ മണലില്‍ ശംഖചക്രാങ്കിതമായ പാദമുദ്രകള്‍ കണ്ട ശൂര്‍പ്പണഖ അടയാളം വച്ച് ആളിന്റെ സൗന്ദര്യം അളന്നു. അദ്ഭുതകരം, അത്രയ്ക്ക് മനോഭിരാമമായ പുരുഷാകാരം! പര്‍ണശാലയുടെ തിരുമുറ്റത്ത് എത്തിയ രാക്ഷസി മുഖവുര കൂടാതെ ഇംഗിതം പറഞ്ഞു. ''ഈ മനുഷ്യസ്ത്രീയെ ഉപേക്ഷിക്കണം. എന്നെ വരിക്കണം. നിനക്കനുരൂപ ഞാനാണ്.'' ഈ വരപ്രാര്‍ത്ഥന രാമന്റെ മനസ്സില്‍ പരിഹാസവും അല്‍പ്പം നര്‍മ്മഭാവവും ഉളവാക്കി. പ്രാകൃതജനങ്ങളോടു പരിഹാസം അരുതെന്നറിയാമെങ്കിലും പിന്നീടത് വിനയാകുമെന്ന് ചിന്തിച്ചുമില്ല. രാക്ഷസിയോടുള്ള പരിഹാസവചനങ്ങള്‍ ഒരളവുവരെ അവള്‍ അനുസരിച്ചുവെങ്കിലും, പിന്നീടത് ഭൈരവഭാവമായി പരിണമിച്ച് രാക്ഷസിയുടെ നാസികകുച വിച്ഛേദനത്തില്‍ കലാശിക്കുകയാണുണ്ടായത്. ശോണിതാഭിഷക്തയായി വിവര്‍ണവദനയായി, രാക്ഷസാകാരമാര്‍ന്ന് ശൂര്‍പ്പണഖ ഭൂമിയില്‍ വീണു. ഒരു മഹായുദ്ധത്തിന്റെ നാന്ദിയാണിവിടെ കുറിച്ചത്. ശൂര്‍പ്പണഖ ക്രൂരാകാരയായി മാറി മനോഭിരാമനായ ഒരു മനുഷ്യനോടുള്ള ആസക്തി നിരോധിക്കപ്പെട്ടപ്പോള്‍ അത് വിനാശകരമായി വിനയായി. കാമം ക്രോധമായി. അഗ്നിയായി, രാക്ഷസവംശം ആ എരിതീയില്‍ വെന്തെരിഞ്ഞു. ചതുര്‍ദശ രാക്ഷസരെയും ദൂഷണ ത്രിശിരസ്സുകളെയും രാമന്‍ വധിച്ചു. ഖരന്‍ സുവര്‍ണ വര്‍ണാഭമായ മഹാരഥത്തില്‍ പോരിനെത്തി. ഖരതരമായ വാക്കുകള്‍ ഉയര്‍ന്നു. രൂക്ഷതരമായ ആ യുദ്ധത്തില്‍ രാമന്‍ ഒരടി പിന്നാക്കം വച്ചതുപോലെ. അത്ര പരാക്രമിയായിരുന്നു ഖരന്‍. രാമന്‍ രക്ഷോഗണങ്ങളെ സംഹരിച്ചു. ജനസ്ഥാനം ഹതസ്ഥാനമായി. മുനിമണ്ഡലത്തിന് രക്ഷാസ്ഥാനവുമായി. നാളെ: മാരീച നിഗ്രഹം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.