സര്‍ക്കാര്‍ നോക്കുകുത്തി; റേഷന്‍ വിതരണം പ്രതിസന്ധിയില്‍

Friday 16 December 2016 7:27 pm IST

ആലപ്പുഴ: എഫ്‌സിഐയിലെ ചുമട്ടുതൊഴിലാളികളുടെ അട്ടിക്കൂലി സമരം തുടരുന്നു, സര്‍ക്കാര്‍ നോക്കുകുത്തി, റേഷന്‍ കടകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. ഭക്ഷ്യമന്ത്രിക്ക് സ്വന്തം ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും കഴിയുന്നില്ല. 30 മുതല്‍ 50 വരെ ലോഡ് എത്തിയിരുന്നിടത്ത് ഇപ്പോള്‍ സപൈ്‌ള ഗോഡൗണുകളില്‍ എത്തുന്നത് 16 ലോഡ് സാധനങ്ങള്‍ മാത്രമാണ്. അട്ടിക്കൂലി നിഷേധിച്ചതിനെ തുടര്‍ന്നാണ് എഫ്‌സിഐ വര്‍ക്കേഴ്‌സ് യൂണിയന്‍ തൊഴിലാളികള്‍ നിസ്സഹകരണ സമരം തുടങ്ങിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് എഫ്‌സിഐ വര്‍ക്കേഴ്‌സ് യുണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ സര്‍ക്കാര്‍ കളക്ടറുടെ മധ്യസ്ഥതയില്‍ ചര്‍ച്ചക്ക് വിളിച്ചു. ഒത്തുതീര്‍പ്പിന്റെ വഴി സ്വീകരിച്ച തൊഴിലാളികള്‍ പിന്നീട് നിസ്സഹകരണ സമരം തുടരുകയായിരുന്നു. സമരം മൂലം ഭൂരിഭാഗം റേഷന്‍ കടകളിലും സാധനങ്ങളുടെ കടുത്ത ദൗര്‍ലഭ്യമാണ് നേരിടുന്നത്. നവംബറിലെ റേഷന്‍ പൂര്‍ണമായും കടകളില്‍ ലഭിച്ചിട്ടില്ല. മുന്‍ഗണനപ്പട്ടിക പ്രകാരം ഒരു അംഗത്തിന് നാല് കിലോ അരിയാണ് നല്‍കേണ്ടത്. എന്നാല്‍ രണ്ടു കിലോ വീതമാണ് നല്‍കാന്‍ കഴിയുന്നത്. സബ്‌സിഡി നിരക്കില്‍ ഒരംഗത്തിന് രണ്ടു കിലോയാണ് സാധാരണ ലഭിക്കാറ്. എന്നാല്‍ 800 ഗ്രാം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. സാധനങ്ങള്‍ ലഭിക്കാത്തതുമൂലം കുട്ടനാട്, ചേര്‍ത്തല താലൂക്കില്‍ വിതരണം മുടങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രിസ്മസിന് കടകളില്‍ റേഷന്‍ എത്താത്ത സാഹചര്യം ഉണ്ടാകും. ആവശ്യത്തിനു ഭക്ഷ്യധാന്യം എത്തിക്കാത്തതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച അളവില്‍ വിതരണം നടത്താന്‍ കഴിയുന്നില്ലെന്ന ആക്ഷേപവുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്. നവംബറിലെ ഭക്ഷ്യധാന്യം പോലും ഡിസംബര്‍ പകുതിയായിട്ടും ലഭിച്ചിട്ടില്ല. ഭക്ഷ്യഭദ്രതാ നിയമപ്രകാരം പൂര്‍ണമായി ഭക്ഷ്യധാന്യ വിതരണം നടത്താന്‍ കഴിയുന്നില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്കു സൗജന്യമാണു ഭക്ഷ്യധാന്യം. ഒരംഗത്തിനു നാലു കിലോ അരി നല്‍കണമെങ്കിലും 2.10 കിലോ വിതരണം ചെയ്യാനുള്ള അരി മാത്രമേ കടകളില്‍ ലഭിച്ചിട്ടുള്ളു. രണ്ടു രൂപ നിരക്കില്‍ നല്‍കാന്‍ ഒരംഗത്തിനു 800 ഗ്രാം വീതമാണു കിട്ടിയത്. മുന്‍ഗണനേതര വിഭാഗത്തില്‍ ഒരു കാര്‍ഡിന് ഒരു കിലോ അരി 8.90 രൂപ നിരക്കില്‍ വിതരണം ചെയ്യാനാണ് അനുമതി. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രിസ്മസ് ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യമില്ലാത്ത സ്ഥിതിയുണ്ടാകുമെന്നു കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു. അര്‍ഹമായ ഭക്ഷ്യധാന്യം എല്ലാ റേഷന്‍ കടകളിലും എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താറും ജില്ലാ സെക്രട്ടറി വര്‍ഗീസ് പാണ്ടനാടും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.