പാത്രം അഴിമതി: ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പ്രയാര്‍

Friday 16 December 2016 7:59 pm IST

ശബരിമല: ശബരിമലയില്‍ പാത്രം വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഇതിനാവശ്യമായ നിര്‍ദ്ദേശം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കൂടുതല്‍ അന്വേഷണം വേണ്ടിവന്നാല്‍ സംസ്ഥാന പോലീസ് വിജിലന്‍സിന് ഫയല്‍ കെമാറാനും ബോര്‍ഡ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം. 2013-14 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ക്ഷേത്രത്തിലേക്ക് പാത്രങ്ങള്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതായുമുള്ള വാര്‍ത്ത 'ജന്മഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പ്രസിഡന്റിന്റെ പ്രതികരണം. പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് തയ്യാറായില്ല. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍നിന്നു പ്രസ്തുത തുക തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്മേലുള്ള അന്വേഷണം മരവിപ്പിച്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയ സംഭവമാണ് 'ജന്മഭൂമി' പുറത്തുകൊണ്ടുവന്നത്. മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വി.എസ്. ജയകുമാര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെയായിരുന്നു നടപടി. ആവശ്യത്തിലധികം പാത്രങ്ങളുള്ളപ്പോള്‍ അനാവശ്യമായി പുതിയവ വാങ്ങിയത് അന്യായമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംഭവത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്മീഷണറെയും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസറെയും അന്വേഷിക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തി. ഗുരുതരമായ ക്രമക്കേടായിട്ടും കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരിക്കല്‍പോലും ഇതിനായി യോഗം ചേര്‍ന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുക്കണമെന്ന് 2007 ഏപ്രില്‍ 12ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതും അന്വേഷണസമിതി പാലിച്ചില്ല. വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ കമ്മീഷണര്‍ പാര്‍വതി പമ്പയില്‍ തെളിവെടുപ്പിനെത്തി. ഫയലുകള്‍ കണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. നാലര മണിക്കൂറിലേറെ തെളിവെടുപ്പ് നീണ്ടുനിന്നു. പാത്രങ്ങള്‍ വാങ്ങിയതിന്റെ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.