ജലശുദ്ധീകരണ പ്ലാന്റ് സജ്ജമായിട്ടില്ലെന്ന് ഉന്നതാധികാര സമിതി

Friday 16 December 2016 8:03 pm IST

ശബരിമല: സന്നിധാനത്ത് കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്ത സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ണ്ണമായി സജ്ജമായിട്ടില്ലെന്ന് ശബരിമല ഉന്നതാധികാരസമിതി. ഒരുവര്‍ഷം കൊണ്ട് പൂര്‍ണ സജ്ജമാകുമെന്ന് ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍ പറഞ്ഞു. സംസ്‌കരണത്തിന്റെ നാലാംഘട്ടമായ ഓസോണൈസേഷന്‍ ഇപ്പോള്‍ നടക്കുന്നില്ല. ഓസോണ്‍ വാതകം കടത്തിവിട്ട് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ഇത് പരാജയമാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ക്ലോറിന്‍ കടത്തിവിട്ടാണ് ജലശുദ്ധീകരണം നടത്തുന്നത്. ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ജലത്തില്‍ ലോഹത്തിന്റെ അളവ് ക്രമാതീതമാകും. ഇത് നദീജലത്തില്‍ കലര്‍ന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതിനാല്‍ കോളിഫോം ബാക്ടീരിയ വര്‍ദ്ധിക്കുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ അപ്പം, അരവണ പ്ലാന്റുകളില്‍ നിന്ന് പുറന്തള്ളുന്ന എണ്ണ, ഗ്രീസ് എന്നിവ കലര്‍ന്ന വെള്ളം പ്ലാന്റില്‍ ശുദ്ധീകരിക്കാനുമാകുന്നുമില്ല. അഞ്ച് ദശലക്ഷം ലിറ്ററാണ് പ്ലാന്റിന്റെ ശേഷി. എന്നാല്‍, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിരുന്നത് 20 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കണമെന്നായിരുന്നു. 50 വര്‍ഷം മുന്നില്‍ കണ്ടുള്ള നിര്‍ദേശമായിരുന്നു ഇത്. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 2014 ജനുവരിയിലാണ് 21 കോടി മുതല്‍മുടക്കി പ്ലാന്റ് നിര്‍മാണം ആരംഭിച്ചത്. പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാകുന്നതിന് മുമ്പ് തിരക്കിട്ട് അന്നത്തെ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.