അയ്യപ്പഭക്തന് വെട്ടേറ്റു; മൂന്നുപേര്‍ അറസ്റ്റില്‍

Friday 16 December 2016 8:07 pm IST

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മിഥുന്‍

പെരുമ്പടപ്പ് (മലപ്പുറം): അയ്യപ്പന്‍വിളക്കില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന് വെട്ടേറ്റു. ആര്‍എസ്എസ് തെക്കംതിയ്യം ശാഖാ സേവാപ്രമുഖ് കൂടിയായ അയിരൂര്‍ തോട്ടത്തില്‍ വേലായുധന്റെ മകന്‍ മിഥു(23)നെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ മൂന്നുപേരെയും പെരുമ്പടപ്പ് പോലീസ് പിടികൂടി. അയിരൂര്‍ സ്വദേശികളായ തോണിക്കടവില്‍ വീട്ടില്‍ ഷഫീഖ് (26), അബു സാലിഹ് (30), വേട്ടോവോഞ്ചേരി വീട്ടില്‍ ശിഹാബ് (32) എന്നിവരാണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ മിഥുനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍. തലക്ക് നേരെയുള്ള വെട്ട് തടഞ്ഞപ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

അയിരൂര്‍ തെക്കംതിയ്യത്ത് അയ്യപ്പന്‍ വിളക്കില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം തീര്‍ത്ഥം കലാവേദി ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു മിഥുന്‍. അപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിലെത്തിയതും മിഥുനെ അടുക്കലേക്ക് വിളിച്ചതും. കുശലാന്വേഷണത്തിന് ശേഷം എന്നാണ് മലക്ക് പോകുന്നതെന്ന് ചോദിച്ചു. 18ന് പോകുമെന്ന് മറുപടി നല്‍കിയതും, നീ ഒരിക്കലും പോകില്ലെടാ എന്ന് അലറികൊണ്ട് ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ച വാള്‍ ഊരി വെട്ടി. ആളുകള്‍ ഓടിക്കൂടിയതോടെ സംഘം രക്ഷപ്പെട്ടു.

പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എന്നാല്‍, തൃശൂരില്‍ ഞെരമ്പുകള്‍ തുന്നിചേര്‍ക്കുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്താന്‍ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

നാളെ ശബരിമലക്ക് പോകാനിരുന്ന അയ്യപ്പഭക്തനെ വെട്ടിക്കൊന്ന്, നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിടാനുള്ള ചിലരുടെ ആസൂത്രിതനീക്കമാണ് ഇതിന്റെ പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.