അലെപ്പോയില്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

Friday 16 December 2016 8:21 pm IST

അലെപ്പോ: സിറിയയിലെ അലെപ്പോ നഗരത്തിലെ, വിമതരുടെ പിടിയില്‍ ഇപ്പോഴും തുടരുന്ന കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ നടപടി. മൂന്നു ദിവസത്തിനുള്ളില്‍ അരലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ കഴിയുമെന്നു പ്രതീക്ഷ. ഇന്നലെ തുടക്കത്തില്‍ 13 ആംബുലന്‍സുകള്‍, 20 ബസുകള്‍ എന്നിവയിലാണ് ആളുകളെ കൊണ്ടുപോയത്. രോഗികള്‍ക്കും മുറിവേറ്റവര്‍ക്കുമായിരുന്നു മുന്‍ഗണന. റെഡ്‌ക്രോസ് തുടങ്ങിയ രാജ്യാന്തര സമിതികളുടെ വാഹനങ്ങള്‍ നാട്ടുകാരുമായി പോയ വാഹനങ്ങള്‍ക്ക് ഒപ്പം പോയി. വിമതരുടെ പിടിയില്‍ പൂര്‍ണമായി അമര്‍ന്നിരുന്ന അലെപ്പോയുടെ 90% ഭാഗങ്ങളും റഷ്യയുടെ പിന്തുണയോടെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം മോചിപ്പിച്ചിരുന്നു. ഇതോടെയാണ് വിമതരുമായി ആളുകളെ ഒഴിപ്പിക്കുന്നതിനു ധാരണയായത്. എന്നാല്‍, ധാരണ നിലവില്‍ വന്ന് ആദ്യ ദിവസം ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നു നഗരം സംഘര്‍ഷഭരിതമായതായിരുന്നു കാരണം. ഇന്നലെ താരതമ്യേന നഗരം ശാന്തമായതിനാലാണ് ആളുകളെ ഒഴിപ്പിക്കാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.