ചരല്‍ക്കുന്ന് (പത്തനംതിട്ട): കേരളത്തിലെ സഹകരണ മേഖലയിലെ സ്തംഭനം സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും, ജനകീയ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് സിപിഎം നേതാക്കള്‍ സാമ്പത്തിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
സഹകരണ മേഖലയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ഉത്തരവാദി കേരള സര്‍ക്കാരാണ്. ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞ കാര്യം നേരത്തെ റിസര്‍വ്വ് ബാങ്ക് പറഞ്ഞതാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് ഇനി സഹകരണ ബാങ്കുകളുടെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതെന്ന് റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുമായി മുഖ്യമന്ത്രി നേരിട്ട് കണ്ട് സംസാരിച്ച് പരിഹാരം ഉണ്ടാക്കണം. കേരള സര്‍ക്കാര്‍ ഇത്രയും നാള് ആര്‍ബിഐയുമായും കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടാനാണ് ശ്രമിച്ചത്.
ആര്‍ബിഐയുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കാം എന്നു പറഞ്ഞാല്‍ തീരാവുന്ന പ്രശ്നത്തെ ഒരുകാരണവശാലും ആര്‍ബിഐയെ ഞങ്ങള്‍ അടുപ്പിക്കില്ല എന്നു പറഞ്ഞ് ഇത്രത്തോളം നീട്ടിയതും ഇവരാണ്. സഹകരണ ബാങ്കുകള്‍ രാജ്യത്തുള്ള നിയമങ്ങള്‍ പാലിക്കണം എന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ബിജെപിയുമൊക്കെ ആവശ്യപ്പെട്ടിട്ടുള്ളത്. സഹകരണ മേഖലയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവരുടെ താത്പര്യം പരിരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സഹകരണ ബാങ്കുകളിലെ സാധാരണ നിക്ഷേപകരെ ഇടതുപക്ഷം വഞ്ചിക്കുകയാണ്. ഇതിനെതിരേ സഹകാരികളെ അണിനിരത്തി പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും.
വിവാദങ്ങളുണ്ടാക്കി സംസ്ഥാനത്തെ ഭക്ഷ്യ മേഖലയിലേതടക്കമുള്ള പ്രശ്നങ്ങള്‍ മറച്ചുവെക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. റേഷന്‍ സമ്പ്രദായം താറുമാറായി. സംസ്ഥാനത്തിന് ആവശ്യമായ 12 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളേക്കാള്‍ അധികം കേന്ദ്രം അനുവദിച്ചു. ഇതുമുഴുവന്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. ഇത് വിതരണം ചെയ്യാന്‍ സര്‍ക്കാരിനാവുന്നില്ല.
കേരളം രൂക്ഷമായ കുടിവെള്ള പ്രതിസന്ധി അഭിമുഖീകരിക്കാന്‍ പോകുന്നു. സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തോളം കുടിവെള്ള പദ്ധതികളില്‍ ഭൂരിഭാഗവും മുടങ്ങിക്കിടക്കുന്നു. ഇത് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇത്തരത്തില്‍ അടിയന്തര പ്രധാന്യം കിട്ടേണ്ട നിരവധി പ്രശ്നങ്ങള്‍ കേരളത്തിലുണ്ട്. ഇതൊന്നും പരിഹരിക്കാന്‍ സാധികാത്ത സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങളിലുടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: