സാഹിത്യ അക്കാദമിയുടെ പുത്തന്‍ പുറപ്പാട്

Friday 16 December 2016 9:29 pm IST

കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡണ്ടും, പുകസയുടെ പുതിയ പ്രസിഡന്റുമായ വൈശാഖന്റെ പുതിയ അക്കാദമി പരിഷ്‌കരണത്തെക്കുറിച്ച് വായിച്ചു. സാഹിത്യം ഇനിമുതല്‍ അക്കാദമി ചുവരുകള്‍ ഭേദിച്ച് സാധാരണക്കാരുടെ ഇടയിലേക്കിറങ്ങും എന്നതായിരുന്നു വൈശാഖന്‍ സാറിന്റെ പ്രഖ്യാപനം. പ്രസിഡന്റിന്റെ വാക്കുകള്‍ കേട്ട് സാസ്‌കാരികകേരളവും, വായനാസമൂഹവും, എഴുത്തുകാരും കോള്‍മയിര്‍കൊണ്ടുപോയി! സാഹിത്യത്തിന്റെ പ്രകാശം ഒട്ടുമെത്താത്ത നിരവധി മേഖലകളുണ്ടെന്നും, അവിടങ്ങളിലേക്ക് എത്തുകയാണ് അക്കാദമി ചെയ്യേണ്ടതെന്നും, അവരിലെ എഴുത്തുകാരെ കണ്ടെത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നുമൊക്കെ സാറ് പറഞ്ഞു. വൈശാഖന്‍ സാറിന്റെ ഈ പ്രഖ്യാപനത്തിന് കുറച്ചുകൂടെ വ്യക്തത ലഭിക്കുന്നത് സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറിയായ ഡോ. കെ.പി. മോഹനന്‍ സാറിന്റെ പ്രഖ്യാപനത്തില്‍നിന്നുമാണ്. ഗ്രാമങ്ങളിലെ കലാസമിതികള്‍, വായനശാലകള്‍ എന്നിവയിലൂടെ അക്കാദമി സഞ്ചരിക്കും എന്നതായിരുന്നു അത്. അതായത് ഇതേവരെ തൃശൂരിലെ പാലസ് റോഡിലെ പ്രൗഡഗംഭീരമായ കെട്ടിടത്തിലെ ശീതളിമയില്‍ വിശ്രമിച്ചിരുന്ന സാഹിത്യത്തെ കേരളത്തിലെ സിപിഎമ്മിന്റെയും, സിപിഐയുടെയും പാര്‍ട്ടി ഓഫീസുകളിലേക്കും, സിഐടിയു ഓഫീസുകളിലേക്കും, ചുവന്ന ചായമടിച്ച ചെന്താര ആര്‍ട്‌സ് ക്ലബ്ബുകളിലേക്കുമെത്തിക്കുമെന്ന് പറയാതെ പറഞ്ഞുവെക്കുകയായിരുന്നു പാര്‍ട്ടിക്കാരായ പ്രസിഡണ്ടും, സെക്രട്ടറിയും ചേര്‍ന്ന്. വൈശാഖന്‍സാറും മോഹനന്‍സാറും പറയുന്ന ഗ്രന്ഥശാലകളെ ഭരിക്കുന്നത് കേരള ലൈബ്രറി കൗണ്‍സില്‍ എന്നൊരു അര്‍ദ്ധ പാര്‍ട്ടി സംവിധാനമാണെന്ന് അറിയാത്ത നിഷ്‌കളങ്കരായ കേരളത്തിലെ വായനക്കാരും പൊതുജനങ്ങളും അക്കാദമി പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനത്തില്‍ മനംമയങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. പക്ഷെ എകെജി സെന്ററുകളും, സിഐടിയു ഓഫീസുകളും, ചെഞ്ചായമടിച്ച് നക്ഷത്രംവരച്ചുവച്ച എണ്ണമറ്റ ആര്‍ട്‌സ് ക്ലബ്ബുകളെന്ന പാര്‍ട്ടി യുവജനസംഘടനാ ഓഫീസുകളുമൊക്കെ ലൈബ്രറി കൗണ്‍സിലിന്റെ കണക്കില്‍ വായനശാലകളാണെന്നു മനസ്സിലാക്കികഴിഞ്ഞാലാണ് അക്കാദമിയുടെ പുതിയ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യശുദ്ധി പിടികിട്ടുക. മൂലധനവും റഷ്യന്‍ സാഹിത്യവും, ഇഎംഎസിന്റെയും നായനാരുടെയും പാര്‍ട്ടി പുസ്തകങ്ങളും, പുകസയുടെ തിണ്ണനിരങ്ങുന്നവരുടെയും പുസ്തകങ്ങള്‍ പൊടിപിടിച്ച് അട്ടിയിട്ടിരിക്കുന്ന അലമാരകള്‍ ഇവിടങ്ങളിലൊക്കെയുണ്ട് എന്നതാണ് ചുവന്ന പെയിന്റടിച്ച ഈ കെട്ടിടങ്ങള്‍ക്ക് വായനശാലാ പദവി ലഭിക്കാന്‍ കാരണം. ഇത്തരം കേന്ദ്രങ്ങളില്‍ ടി.വി.പരിപാടികള്‍ കാണാനും, അത്യാവശ്യം 'വൈകിട്ടത്തെ പരിപാടികള്‍' ആസ്വദിക്കാനുമെത്തുന്നവരെയാണ് വൈശാഖന്‍ ലക്ഷ്യമിട്ടതെന്നതില്‍ സംശയമില്ല. ഇവിടങ്ങളിലും ഇപ്പോള്‍ ആളുകള്‍ കുറയുന്നുവെന്ന ആശങ്ക പരിഹരിക്കാന്‍ 'ഫ്രീ വൈഫൈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്ത് യുവതയെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു ഈയിടെ. നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലമല്ലാത്ത സാഹിത്യമെഴുതുന്നവരെയൊന്നും എഴുത്തുകാരായി കണക്കാക്കാന്‍ കഴിയില്ലെന്നും, അവര്‍ക്കൊന്നുംതന്നെ മുഖ്യധാരായിടങ്ങളില്‍ എഴുത്തിടങ്ങള്‍ അനുവദിക്കരുതെന്നുതെന്നുമുള്ള പാര്‍ട്ടി തിട്ടൂരം ബഹുപക്ഷം മാധ്യമങ്ങളും അക്ഷരംപ്രതി പാലിക്കുന്നുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഈയിടെ പ്രസിദ്ധമായൊരു മുഖ്യധാരാ സാഹിത്യ ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ പാര്‍ട്ടി തിട്ടൂരമനുസരിക്കാത്ത ഒരു എഴുത്തുകാരനോട് പറഞ്ഞത്, നിങ്ങളുടെ എഴുത്തൊക്കെ കൊള്ളാം, പക്ഷെ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല. കാരണം ആരാണ് എഴുതുന്നതെന്നു നോക്കിയും, അയാള്‍ ഏതുപക്ഷക്കാരനാണെന്നുനോക്കിയുമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്'എന്നുമാണ്. പാര്‍ട്ടി ചരിത്രവും സിന്ദാബാദ് വിളിയും മൂലധനപരാമര്‍ശവുമില്ലാത്തതൊന്നും സാഹിത്യമല്ലെന്ന തിട്ടൂരത്തെ ഒ.വി.വിജയനെപ്പോലെയുള്ളവര്‍ പണ്ടേ വിമര്‍ശിച്ചിട്ടുള്ളതാണല്ലോ. 'പുരോഗമന സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതി'എന്ന നോവല്‍ സംഗ്രഹത്തില്‍ ഒ.വി. വിജയന്‍ പറയുന്നതിപ്രകാരമാണ്. നിലാവുള്ള രാത്രിയില്‍, ആറ്റുവക്കത്തെ വിജനതയില്‍, ബാഹ്യലോകത്തെ വിസ്മരിച്ചുകൊണ്ട് സല്ലാപങ്ങളില്‍ മുഴുകിയിരിക്കുന്ന കാമുകിയും കാമുകനും. പെട്ടെന്ന് കാമുകി പറഞ്ഞു. എന്റെമനസ്സില്‍ എന്തോ ഒന്ന്...' പറയൂ തങ്കം..' ചേട്ടന്‍ കാറല്‍ മാര്‍ക്‌സിന്റെ മൂലധനം വായിച്ചിട്ടുണ്ടോ?' നേരുപറഞ്ഞാല്‍ ഇല്ല. വായിക്കണമെന്ന് കരുതിയിരുന്നതാണ്.' വേഴ്ചയുടെ മൂര്‍ധന്യത്തില്‍ കാമുകി വീണ്ടും പറഞ്ഞു. ചേട്ടാ, അരുത്, ക്ഷമിക്കൂ. നമുക്ക് മൂലധനം വായിക്കാം. ഞാനത് കൊണ്ടുവന്നിട്ടുണ്ട്.' അവളതു വായിച്ചുതുടങ്ങി. ഈ ഇടവേളയില്‍ മൂലധനത്തിലെ നാലുവാല്യങ്ങളും എഴുതിച്ചേര്‍ക്കണമെന്നും, ഒരുവാല്യം നായിക വായിക്കുക, അടുത്ത വാല്യം നായകന്‍ വായിക്കുക എന്നിങ്ങനെയായാല്‍, നാടകീയത, രസം, പരിണാമഗുപ്തി എന്നിവയാല്‍ നോവല്‍ സമൃദ്ധമാകുമെന്നും ഇത് ഏറ്റവും വലിയ വിപ്ലവസന്ദേശമുള്ളതും, ഏറ്റവും നീണ്ടതുമായ നോവലായിത്തീരുമെന്നും' ഒ.വി. വിജയന്‍ ഈ കമ്മിസാറന്‍മാരെ കളിയാക്കുന്നുണ്ട്. ഇത്തരത്തില്‍ മൂലധനമെഴുതിച്ചേര്‍ത്ത കൃതികളെ ചര്‍ച്ചചെയ്യാനും, പാര്‍ട്ടിയോഗങ്ങളെ സാഹിത്യചര്‍ച്ചകളായി ബ്രാന്റ്‌ചെയ്യാനും, പാര്‍ട്ടി ഓഫീസുകളെ സാഹിത്യ അക്കാദമിയുടെ ഉപകേന്ദ്രങ്ങളാക്കിമാറ്റുവാനുമുള്ള പാര്‍ട്ടി അജണ്ടയുടെ ഭാഗമായാണ് പുകസ പ്രസിഡന്റിന്റെ പുതിയ നീക്കമെന്നതില്‍ സംശയമില്ല. ഈയിടെ സാഹിത്യ അക്കാദമിയില്‍ നടന്ന ഒരു പരിപാടിയില്‍, വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം മൂലധനം തിരുകിക്കയറ്റുന്ന പാര്‍ട്ടിക്കാരനായ എഴുത്തുകാരന്‍ പറഞ്ഞത് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയത് ഏറ്റവും വലിയ തെറ്റായിപ്പോയിയെന്നാണ്. സുഗതകുമാരിയെയും സി. രാധാകൃഷ്ണനെയും, അക്കിത്തത്തെയുമൊക്കെ ആ മൂലധന മാന്യദേഹം വിളിച്ചത് സംഘികളെന്നാണ്. ഇവരൊക്കെ ചേര്‍ന്നുള്ള സാഹിത്യ പ്രചാരണം എങ്ങനെയായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സാഹിത്യം അക്കാദമി ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെടേണ്ടതല്ലെന്നും, അത് സാധാരണക്കാരുടെയിടയില്‍ പ്രചരിക്കേണ്ടതും, പാര്‍ശ്വവത്കൃതരെ ഉള്‍ക്കൊള്ളുന്ന തരത്തിലുമാവണമെന്നതില്‍ തര്‍ക്കമില്ല. എല്ലാവരെയുമുള്‍ക്കൊള്ളുന്ന വിധത്തിലുമായിരിക്കണമത്. നേരത്തെ പറഞ്ഞതുപോലെ അക്കാദമി ഭരിക്കുന്നവരുടെ രാഷ്ട്രീയക്കാരല്ലാത്തവരെ അധിക്ഷേപിക്കുന്നതിനും, ഭ്രഷ്ടുകല്‍പ്പിച്ചു മാറ്റിനിര്‍ത്തുന്നതിനും, അയിത്തം പാലിക്കുന്നതിനുള്ളതുമൊക്കെയായതു മാറുമോയെന്നത് ആശങ്കാജനകമാണ്. പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന കേരളീയ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ അനുഭവമതാണ്. പാര്‍ശ്വവത്കൃരായ എഴുത്തുകാരും സാഹിത്യകാരന്‍മാരും ആശങ്കപ്പെടുന്നതുപോലെ അക്കാദമി പ്രഖ്യാപിച്ച സാഹിത്യപ്രചാരണം പാര്‍ട്ടിക്കാരിലൂടെയും, പാര്‍ട്ടി ഓഫീസുകളിലൂടെയുമാകുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിയുള്ള വായനക്കാര്‍ക്കും, സര്‍ഗ്ഗധനരായ സാഹിത്യാസ്വാദകര്‍ക്കും അത് അനുഭവപ്പെടുക ഈ ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ പറഞ്ഞതുപോലെ രാഷ്ട്രീയ പുറപ്പാട്' മാത്രമായാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.