ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യ-ബെല്‍ജിയം ഫൈനല്‍

Friday 16 December 2016 9:46 pm IST

ലഖ്‌നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ബെല്‍ജിയും തമ്മില്‍ ഏറ്റുമുട്ടും. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെയും ബെല്‍ജിയം ഹാട്രിക്ക് കിരീടം പ്രതീക്ഷിച്ചെത്തിയ ജര്‍മ്മനിയെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ട് സെമിയും ഷൂട്ടൗട്ടിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. ഷൂട്ടൗട്ടില്‍ ഇന്ത്യ 4-2ന് വിജയിച്ചപ്പോള്‍ ബെല്‍ജിയം 4-3ന്റെ ജയത്തോടെയാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന സെമി നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് സമനില പാലിച്ചു. ഇന്ത്യക്കായി 42-ാം മിനിറ്റില്‍ ഗുര്‍ജന്‍ത് സിങ്ങും 48-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങും ഗോളുകള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയക്കായി 14-ാം മിനിറ്റില്‍ ടോം ക്രെയ്ഗും 57-ാം മിനിറ്റില്‍ ലച്ച്‌ലന്‍ ഷാര്‍പ്പും ലക്ഷ്യം കണ്ടു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ഹര്‍ജീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, മന്‍പ്രീത് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ ബ്ലേക്ക് ഗോവേഴ്‌സിനും ജാക്ക് വെല്‍ക്കിനും മാത്രമാണ് ഗോള്‍ നേടാന്‍ കഴിഞ്ഞത്. മാത്യു ബേഡിന്റെയും ഷാര്‍പ്പിന്റെയും ഷോട്ടുകള്‍ ഇന്ത്യന്‍ ഗോളി തടുത്തിട്ടു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലില്‍ ഇടംപിടിക്കുന്നത്. 2001-ല്‍ ചാമ്പ്യന്മാരായ ഇന്ത്യ 1997-ല്‍ റണ്ണേഴ്‌സായി. ബെല്‍ജിയം ആദ്യമായാണ് ഫൈനലിലെത്തുന്നത്. ബെല്‍ജിയം-ജര്‍മ്മനി ആദ്യ സെമി നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിധിനിര്‍ണ്ണയിച്ചത്. നാളെയാണ് ഇന്ത്യ-ബെല്‍ജിയം ഫൈനല്‍. ലൂസേഴ്‌സ് ഫൈനലില്‍ ഓസ്‌ട്രേലിയ ജര്‍മ്മനിയെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.