ഒരുലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം; അപ്പര്‍കുട്ടനാടിന് ഇനി ദാഹമകറ്റാം സ്വപ്ന പദ്ധതി പൂര്‍ത്തിയാകുന്നു

Friday 16 December 2016 10:09 pm IST

തിരുവല്ല:അപ്പര്‍ കുട്ടനാട് ജനതയുടെ ചിരകാല സ്വപ്‌നമായ പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാകുന്നു. കടപ്ര പഞ്ചായത്തിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിക്കു സമീപമുള്ള റവന്യൂ വക 2 ഏക്കര്‍ ഭൂമിയിലാണ് പദ്ധതിക്കാവശ്യമായ കിണറും ജലശുദ്ധീകരണശാലയും നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. പമ്പിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള യന്ത്ര സംവിധാനം മാത്രമാണ് ഇനി പൂര്‍ത്തിയാകേണ്ടിയിരിക്കുന്നത് . പമ്പയാറിന്റെ തീരത്തായി നിര്‍മ്മിക്കുന്ന 9 മീറ്റര്‍ വ്യാസവും 18 മീറ്റര്‍ താഴ്ചയുമുള്ള കിണറിന്റെ 75ശതമാനം പണികള്‍ പൂര്‍ത്തിയായി. 14 മീറ്റര്‍ താഴ്ചയില്‍ കുഴി എടുത്ത് കഴിഞ്ഞു. 140 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുവാന്‍ ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.ശുദ്ധീകണശാലയുടെ പൈലിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായി. വാട്ടര്‍ അതോറിട്ടി അടൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ചിക്കാഗോ കണ്‍സ്ട്രക്ഷന്‍ കമ്പനി പണികള്‍ നടത്തുന്നു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുള്‍പ്പെടുത്തി ജലശുദ്ധീകരണശാല,ജലസംഭരണികള്‍,ജലവിതരണ സംവിധാനം എന്നിവയ്ക്കാണ് 27 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടുള്ളത്. നിലവില്‍ കുട്ടനാട്,തിരുവല്ല പ്രദേശങ്ങള്‍ക്കുവേണ്ടി 31 വര്‍ഷം മുന്‍പ് തിരുവല്ലയില്‍ സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നാണ് പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി അപ്പര്‍കുട്ടനാട്ടിലെ നിരണം,കടപ്ര,നെടുമ്പ്രം,പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമാകും. 4 പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിദിനം 70 ലിറ്റര്‍ ജലം എന്ന തോതില്‍ 30 വര്‍ഷത്തെ ആവശ്യം മുന്‍കൂട്ടി കണ്ടാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിര്‍ദിഷ്ട പദ്ധതി വഴി 4 പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കിണറില്‍ നിന്നും ജലം പമ്പ് ചെയ്ത് ജലശുദ്ധീകരണശാലയില്‍ എത്തിച്ച് സംഭരിക്കും. പഞ്ചായത്തുകളില്‍ പുതിയതായി നിര്‍മ്മിക്കുന്നതും ഇപ്പോള്‍ നിലവിലുള്ളതുമായ ജലസംഭരണിയിലേക്ക് പമ്പ് ചെയ്ത് എത്തിച്ചശേഷം നിലവിലുള്ള ജലവിതരണശൃംഖലകള്‍ വഴി വിതരണം ചെയ്യും. പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലത്ത് 7.7 ലക്ഷം ലിറ്ററും,നിരണം പഞ്ചായത്തിലെ ഇരതോട്ടില്‍ 1 ലക്ഷം ലിറ്ററും, കടപ്ര പഞ്ചായത്തിലെ മോടിശ്ശേരിയില്‍ 7.5 ലക്ഷം ലിറ്ററും,നെടുമ്പ്രം പഞ്ചായത്തിലെ 3.5 ലക്ഷം ലിറ്ററും ശേഷിയുള്ള പുതിയ ജലസംഭരണിളൂടെ വിതരണം നടത്തും. ഇതുകൂടാതെ നെടുമ്പ്രം, കടപ്ര,നിരണം പഞ്ചായത്തുകളിലെ നിലവിലുള്ള ജലസംഭരണികളും പദ്ധതിയില്‍ ഉപയോപ്പെ തായി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.