ഐഎസ്എല്‍ ഫൈനല്‍; പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 16 December 2016 10:25 pm IST

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്ന നാളെ കുടിവെള്ളവും മറ്റ് ഭക്ഷ്യവസ്തുക്കളും വിലകൂട്ടി വില്‍ക്കുന്നത് തടയാന്‍ സ്റ്റേഡിയത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ജില്ലാകളക്ടര്‍, ജിസിഡിഎ സെക്രട്ടറി, നഗരസഭാസെക്രട്ടറി, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. നടപടികള്‍ സ്വീകരിച്ച ശേഷം 24ന് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം ഫയല്‍ ചെയ്യണം. മനുഷ്യാവകാശ പ്രവര്‍ത്തകനും നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാണികള്‍ക്ക് ന്യായവിലക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വം സംഘാടകര്‍ക്കുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. മത്സരം കാണാനെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കുന്നതില്‍ വരെ സംഘാടകര്‍ കൊള്ളയടി നടത്തുകയാണ്. വന്‍ വില നല്‍കിയാണ് കാണികള്‍ മത്സരം കാണുന്നതിനുളള ടിക്കറ്റുകള്‍ എടുക്കുന്നത്. സ്റ്റേഡിയത്തില്‍ കുടിവെള്ളം വിറ്റതു പോലും ഇരട്ടിവിലയ്ക്കാണ്. കുടിവെള്ളമെങ്കിലും സൗജന്യമായി നല്‍കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചപ്പോള്‍ പരിശോധന പേരില്‍ മാത്രം ഒരുക്കിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.