ഭക്ഷ്യ ഭദ്രതാ നിയമ ലംഘനം; സര്‍ക്കാരിനെതിരെ കേസ് നല്‍കും

Friday 16 December 2016 10:32 pm IST

ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കാര്‍ഡുടമകളുടെ സഹകരണത്തോടെ കോടതിയെ സമീപിക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. ഭക്ഷണം പൗരന്റെ അവകാശമാണെന്നും റേഷന്‍ ഭക്ഷ്യധാന്യം അതാതു മാസത്തിന്റെ മൂന്നാം വാരത്തിനകം നല്‍കിയില്ലെങ്കില്‍ പുറമെ നിന്നു ധാന്യങ്ങള്‍ വാങ്ങാന്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ഭക്ഷ്യഭദ്രതാ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മാസത്തെ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായാണ് കോടതിയെ സമീപിക്കുക. ഇതിന്‍പ്രകാരം 150 കോടിയിലേറെ രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് റേഷന്‍ പ്രതിസന്ധിക്കു കാരണം. എഫ്‌സിഐയില്‍ നിന്ന് നവംബര്‍ മാസത്തെ റേഷന്‍ ക്വാട്ട ഇതുവരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നേയ്ക്കകം എടുത്തില്ലെങ്കില്‍ ഇത് നഷ്ടപ്പെടും. അട്ടിക്കൂലിയുടെ പേരില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ഭക്ഷ്യവിതരണം തടസ്സപ്പെടുത്തുകയാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. അവശ്യനിയമപ്രകാരം ഇവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതില്‍ ഭക്ഷ്യവകുപ്പ് സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ വകുപ്പുമന്ത്രി പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.