പി.ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങി

Monday 23 April 2012 12:17 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങി. ഹൗസ്‌ സര്‍ജന്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിന്‌ മുന്നോടിയായി ഒരാഴ്ച മെഡിക്കല്‍ കോളജുകളില്‍ പി.ജി വിദ്യാര്‍ത്ഥികള്‍ റിലേസമരം നടത്തിയിരുന്നു. ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാറുമായും വകുപ്പ്‌ സെക്രട്ടറിയുമായും രണ്ട്‌ തവണ നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. പ്രശ്‌നപരിഹാരത്തിന്‌ കൂടുതല്‍ സമയം വേണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ ഡോക്‌ടര്‍മാരുടെ സംഘടന തയ്യാറായില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെ എണ്ണായിരത്തോളം ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ആശുപത്രി ജോലികളില്‍ നിന്ന് ഇത്രയും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. തങ്ങള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നു കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. നിബിന്‍ നഹാസ് വ്യക്തമാക്കി. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായി സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.