അദ്ദേഹമായിരുന്നു, കെ. വിഷ്ണുശര്‍മ്മ

Saturday 17 December 2016 4:31 pm IST

പൊരുതാനായി ജനിച്ച ചിലരുണ്ട്, അവര്‍ക്കതാണ് ജീവിതം. വെല്ലുവിളികളോട് ഏറ്റുമുട്ടലാവും ശൈലി. ഒറ്റപ്പെടുത്തിയില്ലെങ്കിലും ഒറ്റപ്പെട്ടു നില്‍ക്കും. അങ്ങനെ ഒറ്റയാനായിരുന്നു, കഴിഞ്ഞ ദിവസം അന്തരിച്ച കാവാലം ഗോവിന്ദന്‍കുട്ടി നായര്‍. പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, സംഘാടകന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, പ്രസാധകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വിജയിച്ച അദ്ദേഹം 83-ാം വയസിലാണ് അന്തരിച്ചത്. നാട്ടുകാരെന്നതിനേക്കാള്‍ എന്റേയും അച്ഛന്റേയും കൂട്ടുകാരനെന്നായിരുന്നു അദ്ദേഹം പറയാറ്. എനിക്ക് അദ്ദേഹത്തിന്റെ പകുതിയോളം പ്രായം, അച്ഛന് അദ്ദേഹത്തേക്കാള്‍ 10 വയസ് അധികം. എത്ര ദൃഢമായിരുന്നു അദ്ദേഹത്തിന് നാടും നാട്ടിലെ പഴയ കൂട്ടുകാരുമായുള്ള ബന്ധമെന്നോ. ആഴ്ചയില്‍ ഒന്നോ രണ്ടോ കത്തുകള്‍ കാവാലത്തെ പോസ്റ്റ് ഓഫീസ് വഴി വന്നില്ലെങ്കില്‍ ഉറപ്പിക്കാം, കാവാലം ഗോവിന്ദന്‍ കുട്ടി കിടപ്പിലാണ്. 2016 നവംബര്‍ അവസാനം ഒരു കാര്‍ഡുണ്ടായിരുന്നു; ഇനി ആ വടിവൊത്ത കൈയക്ഷരം അച്ഛനേയും ചങ്ങാതിയായ മുണ്ടടി മണിയന്‍ ചേട്ടനേയുമൊന്നും തേടിയെത്തില്ല. കാവാലത്ത് ജനിച്ച്, ആലപ്പുഴയില്‍ പഠിച്ച്, തൊഴിലിന് തലസ്ഥാനത്തെത്തിപ്പെട്ട കാവാലം ഗോവിന്ദന്‍കുട്ടി നായര്‍ തിരുവനന്തപുരത്ത് തമലത്ത് സ്ഥിരതാമസമാക്കി. സ്‌കൂള്‍ കാലത്ത് മലയാളം മുന്‍ഷിയോട് കലഹിച്ച 'സമര്‍ത്ഥനായ' വിദ്യാര്‍ത്ഥി. സ്‌കൂളിലെ പരിപാടികളില്‍ പ്രസംഗിച്ചും വാദിച്ചും ചര്‍ച്ച നയിച്ചും നായകനായവന്‍. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസില്‍ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. വയലാര്‍ രവിയും മറ്റും കെഎസ്‌യു രാഷ്ട്രീയം കാമ്പസില്‍ പയറ്റുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു ഗോവിന്ദന്‍കുട്ടി. ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍ നായരുടെ പ്രിയപ്പെട്ടവന്‍. യുവാവായിരിക്കെ, ടിക്കറ്റുവെച്ച് കഥാപ്രസംഗം നടത്തി സേവനങ്ങള്‍ക്ക് ധന സമാഹരണം നടത്തിയവന്‍. ഈ മിടുക്കൊക്കെ കണ്ടാവണം മന്നത്ത് പത്മനാഭന്‍ 'മലയാളി' പത്രത്തിന്റെ പത്രാധിപ സമിതിയിലേക്ക് ഗോവിന്ദന്‍കുട്ടിയെ ശുപാര്‍ശ ചെയ്തത്. മലയാളിയില്‍ കുട്ടനാട് രാമകൃഷ്ണപിള്ളയുടെ കണ്ണിലുണ്ണിയായി. കെ. ബാലകൃഷ്ണന്റെ 'കൗമുദി'യിലും പി. കേശവദേവിന്റെ 'തരംഗ'ത്തിലും ഞായറാഴ്ചപ്പതിപ്പില്‍ സാഹിത്യമെഴുതി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നോവല്‍, 'മിനി', പ്രസിദ്ധീകരിച്ച ഗോവിന്ദന്‍കുട്ടി നേരത്തേ ഇവരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. സംസ്ഥാനത്ത് ശിശുക്ഷേമ സമിതി തുടങ്ങിയപ്പോള്‍ ആദ്യത്തെ സംസ്ഥാന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായി ഗോവിന്ദന്‍കുട്ടി. സമിതിയുടെ, 'നമ്മുടെ കുഞ്ഞുങ്ങള്‍' എന്ന മാസികയുടെ പിന്നില്‍ അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകനുണ്ടായിരുന്നു. പക്ഷേ, ഒറ്റയാന് സര്‍ക്കാര്‍ സംവിധാനത്തിന്റെ ചട്ടക്കൂട്ടിലും മേലധികാരികളുടെ ചിട്ടതെറ്റിച്ചുള്ള നടപടികളിലും സഹകരിച്ചു പോകാനായില്ല. മേലുദ്യോഗസ്ഥന്റെ ചെയ്തികള്‍ക്കു കൂട്ടു നില്‍ക്കാഞ്ഞതിന് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം വന്നു. ഒടുവില്‍ രാജിവെച്ചു. അത് പുതിയ പോരാട്ടമുഖം തുറക്കുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം കുടുംബ ജീവിത ചെലവ്, ജോലിയില്ലായ്മ. മടിച്ചില്ല, 'പഠിച്ച പണി'യിലേക്ക് തിരിഞ്ഞു. ആരുടെയും ആശ്രിതനല്ലാത്ത ജോലി. സ്വയം പ്രസാധകനായി. മാതൃകയും പ്രചോദനവും ശങ്കേഴ്‌സ് വീക്ക്‌ലി. കുട്ടികള്‍ക്കു വേണ്ടി അങ്ങനെ 'ബാലാരാമം' മാസിക പിറന്നു; 'പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി' എന്ന മുദ്രാവാക്യവുമായി. മാസികയുടെ പ്രചാരണത്തിന് സംസ്ഥാനത്തെമ്പാടും സ്‌കൂളുകളില്‍ പ്രസംഗിച്ചു നടന്നു. ഇന്നിറങ്ങുന്ന ബാല-സ്‌കൂള്‍ മാസികകളുടെ മുന്‍ഗാമിയായിരുന്നു ബാലാരാമം. ബാലാരാമത്തിനു വരുന്ന മണിയോര്‍ഡറുകള്‍ കൈകാര്യം ചെയ്യാനും മാസിക അയക്കാനും മാത്രമായി എന്നു പോലും പറയാവുന്ന വിധം ഒരു പോസ്റ്റ്ഓഫീസ് പ്രവര്‍ത്തിച്ചു. വന്‍ വിജയമായ ആ പരീക്ഷണം ക്രമേണ സ്ഥാപനമായി, പ്രസ്ഥാനം പോലെയായി. പയ്യെപ്പയ്യെ ഗോവിന്ദന്‍കുട്ടി ബാലസാഹിത്യ രംഗത്തേക്കു തിരിഞ്ഞു. ബാലസാഹിത്യം അച്ചടിക്കാന്‍ മാത്രമായി സംസ്ഥാനത്ത് ആദ്യമായാരു അച്ചുകൂടം സ്ഥാപിച്ചത് ഗോവിന്ദന്‍കുട്ടിയാണ്. അങ്ങനെ കാവാലം പ്രിന്റേഴ്‌സും ബാലവാടി പ്രസാധനശാലയും തിരുവനന്തപുരത്തെ പൂജപ്പുരയില്‍ പിറന്നു. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗത്തിന് 12 പുസ്തകങ്ങളും സെക്കണ്ടറി വിഭാഗത്തിന് എട്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. രാമായണം കഥകള്‍, ഭാരതകഥകള്‍, ജാതക കഥകള്‍, അറബിക്കഥകള്‍ എന്നിവക്കൊപ്പം മൃച്ഛകടികം, രഘുവംശം, ഊരുഭംഗം, പത്തുകല്‍പ്പനകള്‍... എല്ലാം കുട്ടികള്‍ക്കു വായിക്കാന്‍. കുറേ നാടന്‍ കളികള്‍ എന്നൊരു പുസ്തകം, ഒപ്പം ക്രിക്കറ്റിനെക്കുറിച്ച് എഴുതിയ പുസ്തകവും 1977-ല്‍ പ്രസിദ്ധീകരിച്ചു. ക്രിക്കറ്റിന് ഇത്ര മാര്‍ക്കറ്റുണ്ടാകുന്നതിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ്. കീഴടങ്ങില്ലെന്ന വാശിയാണ് സര്‍ക്കാര്‍ ജോലി രാജിവെക്കാന്‍ കാരണം. ഈ സ്വാശ്രയ പദ്ധതി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തു. മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി, വാശിയായിരുന്നു അതും. പുസ്തകങ്ങളുടെയെല്ലാം ജനറല്‍ എഡിറ്റര്‍ കാവാലം ഗോവിന്ദന്‍കുട്ടിനായര്‍. പുസ്തകം എഴുതുന്നത് 'കെ. വിഷ്ണുശര്‍മ്മ.' ലോക സാഹിത്യത്തില്‍ പ്രസിദ്ധമായ 'പഞ്ചതന്ത്രം ഉപാഖ്യാനം' എഴുതിയ വിഷ്ണുശര്‍മ്മക്ക് ഇനീഷ്യല്‍ ചേര്‍ത്ത തൂലികാനാമത്തില്‍ എഴുതിയത് ഗോവിന്ദന്‍കുട്ടി നായരായിരുന്നു. പുസ്തകത്തിന് ആധികാരികതയുണ്ടാകാനായിരുന്നുവത്രേ അത്. ഈ തൂലികാ നാമത്തില്‍ മറഞ്ഞിരുന്നില്ലെങ്കില്‍ മികച്ച ബാലസാഹിത്യകാരന്മാരില്‍ ഒരാളായി അറിയപ്പെട്ടേനെ. ഗോവിന്ദന്‍കുട്ടി നായരാണ് കെ. വിഷ്ണുശര്‍മ്മയെന്ന് എം.ടി. എഴുതിക്കൊടുത്ത സമ്മത പത്രം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. 1960 കളില്‍ ജന്മനാടായ കാവാലം വട്ട് അദ്ദേഹം തലസ്ഥാനത്തുകാരനായി. അവസാനകാലം എറണാകുളത്ത് കാക്കനാട് മകള്‍ക്കൊപ്പമായിരുന്നു. അച്ഛനുമായുള്ള കത്തിടപാടുകള്‍ വ്യക്തിവിശേഷങ്ങളും അന്വേഷണങ്ങളും മാത്രമായിരുന്നില്ല. അതില്‍ നാടിന്റെ ചരിത്രം, പഴയ കാലത്തെ രേഖപ്പെടുത്താത്ത സംഭവങ്ങള്‍, അനുഭവങ്ങള്‍ അങ്ങനെ ഒരോന്നും. വാര്‍ത്തകളോടും സംഭവങ്ങളോടും ഏറെ സൂക്ഷ്മമായി പ്രതികരിക്കുമായിരുന്ന അദ്ദേഹത്തെ മരിക്കുന്നതിനു മൂന്നു നാള്‍ മുമ്പ് ആശുപത്രിയില്‍ കണ്ടു. തിരിച്ചറിഞ്ഞ ഉടന്‍ പോക്കറ്റില്‍നിന്നൊരു കുറിപ്പെടുത്തു നീട്ടി. വടിവുടയാത്ത കൈയക്ഷരത്തില്‍, ആശുപത്രിയെക്കുറിച്ചും ആശുപത്രിയിലെ അനാവശ്യ ചികിത്സകളെക്കുറിച്ചും മറ്റുമുള്ള കുറിപ്പ്. അത് തട്ടിപ്പാണെന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടു ചെയ്യണമെന്നും നിര്‍ദ്ദേശം. ആസ്തമ കലശലായി അവശനായി, ഓക്‌സിജന്‍ സിലിണ്ടര്‍ അല്‍പ്പം മുമ്പ് മാറ്റിയതേ ഉള്ളു. ആവേശത്തോടെ ഓരോന്നു പറഞ്ഞു, ആ അവശതയിലും വാശിയായിരുന്നു, തെറ്റെന്നു തിരിഞ്ഞതിനെ ചെറുക്കാനുള്ള പോരാട്ട മനസ്സ്....  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.