അഷ്ടപദീലയം

Saturday 17 December 2016 4:50 pm IST

കല ഭഗവാനുള്ള ആത്മാര്‍പ്പണമാണ് അഷ്ടപദി ആചാര്യന്‍ രതീഷ് ബാബുവിന്. കഴിഞ്ഞ 35 വര്‍ഷമായി മുടക്കം കൂടാതെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടപദി അവതരിപ്പിക്കുന്നു. വിശേഷാവസരങ്ങളിലൊക്കെ ഭഗവാനു മുന്നില്‍ പാടാന്‍ രതീഷ് ഉണ്ടാകും. പക്ഷെ ക്ഷേത്രത്തിന് ഉള്ളില്‍ നിന്നുകൊണ്ടല്ല ഈ സംഗീതാര്‍ച്ചന. ഭഗവാനുവേണ്ടി പാടുമ്പോള്‍ ഭക്തരുടേയും ഉള്ളം നിറയണം. സോപാനത്തിന് അടുത്തുനിന്ന് അഷ്ടപദി ആലപിക്കുന്നത് ഭഗവാനുവേണ്ടിയാണ്. അപ്പോള്‍ അത് കേള്‍ക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടാകും. ജയദേവന്‍ എഴുതിയ ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് അഷ്ടപദിയില്‍ പാടുന്നത്. ക്ഷേത്രത്തിന് വെളിയില്‍ ഒരുക്കിയ വേദിയിലിരുന്നാണ് രതീഷ് ബാബു അഷ്ടപദി കച്ചേരി അവതരിപ്പിക്കുന്നത്. കേവലം കച്ചേരിയെന്ന് പറയാനാവില്ല. രാസലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഈ കഥ കച്ചേരിക്കിടയില്‍ വിശദീകരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗീതഗോവിന്ദ യജ്ഞം എന്നാണ് തന്റെ അഷ്ടപദി കച്ചേരിയെ രതീഷ് ബാബു വിശേഷിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തിലാണ് അവതരണം. ഓരോ മുഹൂര്‍ത്തത്തിനും അനുസരിച്ചുള്ള രാഗത്തിലാണ് കച്ചേരി. രണ്ട് മണിക്കൂറാണ് അഷ്ടപദി കച്ചേരിയുടെ ദൈര്‍ഘ്യം. 1980 മുതലിങ്ങോട്ട് എല്ലാ വര്‍ഷവും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ അന്ന്, ഭഗവാന് പറകൊടുക്കുന്ന സമയത്ത് അഷ്ടപദി കച്ചേരി അവതരിപ്പിച്ചുവരുന്നു. നിരവധി സ്ഥലങ്ങളില്‍, വിശേഷിച്ച് ഗുരുവായൂരില്‍ അഷ്ടപദി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പണ്ഡിതനായിരുന്ന ഗണപതി ശര്‍മ്മയുടെ അംഗീകാരം നേടിയ ശേഷമാണ് അഷ്ടപദി കച്ചേരി വേദിയില്‍ അവതരിപ്പിച്ചുതുടങ്ങുന്നത്. ചെറുപ്പം തൊട്ടേ സംഗീതം അഭ്യസിക്കുന്നു. ഇപ്പോഴും പഠനം തുടരുന്നു. പണ്ഡിതശ്രീ ജി. മാധവന്‍ നായരാണ് അഷ്ടപദിയില്‍ ഗുരു. ഗാനങ്ങള്‍ സംവിധാനം ചെയ്ത തിരുവാമ്പാടി ടി.എ. സുകുമാരന്‍ ഭാഗവതര്‍ 59 വര്‍ഷം എഐആറിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ആലപ്പുഴ കളര്‍കോട് ബാഹുലേയ പണിക്കരുടേയും അമ്മുലക്ഷ്മി അമ്മയുടേയും മൂന്നാമത്തെ മകനാണ് രതീഷ് ബാബു. മകന്റെ സംഗീതത്തിലുള്ള വാസന തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. ആലപ്പി ഹരിദാസായിരുന്നു സംഗീതത്തില്‍ ആദ്യ ഗുരു. കളര്‍കോട് മഹാദേവ സ്വാമി, കൈതവന രവീന്ദ്രനാഥ് എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. ബിരുദ പഠനത്തിന് ശേഷം നാടക പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി. എസ്എന്‍ തിയേറ്റേഴ്‌സ് എന്ന പേരില്‍ അമച്വര്‍ കലാ സംഘം തുടങ്ങി. കേരളത്തിലുടനീളം പരിപാടികള്‍ അവതരിപ്പിച്ചു. പാടി അഭിനയിക്കുക എന്നത് അക്കാലത്ത് വളരെ പ്രചാരം നേടിയിരുന്നു. കരുണ എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ പ്രത്യേക പരാമര്‍ശം നേടി. നാടക രംഗത്തുനിന്ന് നേരെയെത്തിയത് സിനിമയിലേക്ക്. രണ്ട് വര്‍ഷത്തോളം ഉദയ സ്റ്റുഡിയോയുമായി സഹകരിച്ചു. തുടര്‍ന്ന് രചന പ്രൊഡക്ഷന്‍സിലെത്തി, സംവിധായകന്‍ കെ.പി. കുമാരനൊപ്പം സഹകരിച്ചു. അവിടെ നിന്ന് ചെന്നൈയിലെത്തി. ചിത്രരചനയില്‍ ഡിപ്ലോമ നേടി. കേരളത്തിലെത്തി കേരള ശബ്ദം പബ്ലിക്കേഷന്‍സില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റായി. സംവിധായകന്‍ വിനയനൊപ്പം ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്യാഗരാജ സ്വാമികള്‍ എന്ന സീരിയലില്‍ അഭിനയിക്കുകയും സ്‌നേഹസീമ എന്ന ടെലിഫിലിമിനുവേണ്ടി അഷ്ടപദി പാടിയിട്ടുമുണ്ട്. പക്ഷെ യഥാര്‍ത്ഥ നിയോഗം അദ്ധ്യാപനമായിരുന്നതിനാല്‍ സ്വദേശയമായ ആലപ്പുഴയിലെത്തി സനാതന ധര്‍മ്മ വിദ്യാശാലയിലെ അദ്ധ്യാപകനായി. ഇപ്പോള്‍ ആലപ്പുഴ അബട്ട് ഗ്രിഗറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. അഷ്ടപദിയിലേക്ക് അദ്ധ്യാപകനായി നിയമനം ലഭിക്കുന്നതിന് മുമ്പുതന്നെ ഗുരുവായ മാധവന്‍ നായര്‍ക്കൊപ്പം വിവിധ യജ്ഞങ്ങളില്‍ പങ്കെടുക്കാന്‍ പോവുക പതിവായിരുന്നു. ഇത് ആത്മീയതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഭഗവാനും ഗോപികമാരും തമ്മിലുള്ള പ്രണയവും ഭക്തിയും വിവരിക്കുന്ന ഗീതഗോവിന്ദത്തോട് ആഭിമുഖ്യം വരികയും അതിലെ ഗീതങ്ങള്‍ ആലപിക്കുകയും ചെയ്തു. പിന്നെ വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും ലളിതമായ പ്രഭാഷണങ്ങളിലൂടെയും അഷ്ടപദിയെ ജനകീയമാക്കാന്‍ ശ്രമിച്ചു. രണ്ട് വര്‍ഷം തിരുവാമ്പാടി സുകുമാരന്‍ ഭാഗവതരുടെ കീഴില്‍ കഠിന പരിശ്രമം നടത്തി. അങ്ങനെ 1980 ല്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മുന്നില്‍ ആദ്യമായി അഷ്ടപദി കച്ചേരി അവതരിപ്പിച്ചു. 1987 ല്‍ ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ മുന്നില്‍ പാടാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അന്ന് അദ്ദേഹമത് പൂര്‍ണമായും ആസ്വദിച്ചു. രതീഷ് ബാബു സത്യസായി ബാബയുടെ ഭക്തനുമാണ്. 1998 ല്‍ അഖില കേരള ജ്യോതിഷ ശാസ്ത്ര മണ്ഡലം അഷ്ടപദി ആചാരപ്പട്ടം നല്‍കി ആദരിച്ചു. 24 അഷ്ടപദി തല്ലജങ്ങളാണ് ഇടയ്ക്ക, തബല, ഓടക്കുഴല്‍, ഹാര്‍മോണിയം, കീബോഡ് എന്നീ വാദ്യമേളങ്ങളോടെ അഷ്ടപദി കച്ചേരിയില്‍ അവതരിപ്പിക്കുന്നത്. രാജു പനയ്ക്കല്‍(പുല്ലാങ്കുഴല്‍), കളര്‍കോട് ശ്രീകൃഷ്ണ കുമാര്‍(ഇടയ്ക്ക), കളര്‍കോട് സഹദേവന്‍(തബല), മനോജ്(ഹാര്‍മോണിയം), അമൃതപുരി സുധീന്ദ്രനാഥ്(കീബോഡ്) എന്നിവരാണ് ഇപ്പോള്‍ വാദ്യമേളങ്ങളുമായി കൂടെയുള്ളത്. വിവാഹാവസരങ്ങളിലും മറ്റ് ചില ആഘോഷങ്ങളിലും അഷ്ടപദി കച്ചേരി അവതരിപ്പിക്കണമെന്ന ആവശ്യവുമായെത്തുന്നവരുമുണ്ട്. ഭാര്യ പുഷ്പലത. ഗണേഷ് ബാബു, സായ് സുബ്രഹ്മണ്യം എന്നിവരാണ് മക്കള്‍. ലക്ഷ്മി, അഞ്ജു എന്നിവര്‍ മരുമക്കള്‍. സിദ്ധാര്‍ത്ഥ്, ദേവി, ഗൗരി എന്നിവര്‍ കൊച്ചുമക്കള്‍. പ്രണവ് നാരയണന്‍, ഭാവന ചന്ദ്രന്‍, രേവതി ചന്ദ്രന്‍, ഗോകുല്‍ കൃഷ്ണ, പാര്‍വതി തുടങ്ങി നിരവധി ശിഷ്യന്മാരാലും സമ്പന്നമാണ് രതീഷ് ബാബുവിന്റെ ജീവിതം. ആത്മീയപാതയിലാണ് ഇപ്പോള്‍ ആചാര്യ രതീഷ് ബാബുവിന്റെ സഞ്ചാരം. യോഗയും പ്രകൃതി ജീവനവും ആ ജീവിതത്തിന്റെ ഭാഗമാക്കി. ആത്മീയ സര്‍വോദയ സംഘത്തിന്റെ അദ്ധ്യക്ഷനാണ് ഇദ്ദേഹം. സൗജന്യമായി യോഗാ ക്ലാസും ഇവിടെ നടത്തിവരുന്നു.