ചുരം മാലിന്യനിക്ഷേപം തടയാന്‍ കര്‍മ്മസമിതി

Saturday 17 December 2016 6:06 pm IST

കല്‍പ്പറ്റ : ചുരത്തിലെ മാലിന്യനിക്ഷേപം തടയുന്നതിനായി വൈത്തിരി, പുതുപ്പാടി പഞ്ചായത്തുകളില്‍ കര്‍മ്മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചുരം അവലോകനയോഗംതീരുമാനിച്ചു. ഘട്ടംഘട്ടമായിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചുരം മാലിന്യമുക്ത കര്‍മ്മ പദ്ധതി എന്ന പേരില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഡദ്ധ സംഘടനകളുടെയും ടൂറിസം രംഗത്തെ സംരംഭകത്ത കൂട്ടായ്മയുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ വയനാട് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ചുരത്തിന്റെ കാനന ഭംഗിയും ദൂരക്കാഴ്ചയും ആസ്വദിക്കുന്നതിനായി നൂറുകണക്കിന് വിദേശീയരുള്‍പ്പെടെ ടൂറിസ്റ്റുകള്‍ ദിവസവും ചുരം വ്യൂപോയിന്റില്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ വ്യൂപോയിന്റില്‍ത്തന്നെ അനധികൃതമായി ചെറു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതുമൂലം ഗതാഗത തടസ്സവും ഭക്ഷണാവശിഷ്ടം പ്ലാസ്റ്റിക് മുതലായ പാഴ് വസ്തുക്കള്‍ താഴ് വാരത്തിലേക്ക് വലിച്ചെറിയുകയും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയുന്നതായി യോഗം വിലയിരുത്തി. താമരശ്ശേരി ചുരം സാങ്കേതികമായി വയനാട് ജില്ലയുടെ ഭാഗമല്ലായെങ്കിലും ജില്ലയിലേക്ക് എത്തിച്ചേരുന്ന യാത്രികര്‍ക്ക് ഈ പാത വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ചുരം വൃത്തിയും വെടിപ്പുമുള്ളതാക്കി പരിപാലിക്കുന്നതിന് വനം പോലീസ്, ദേശീയപാത അതോറിറ്റി, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണവും വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പറഞ്ഞു. നിലവില്‍ അടിയാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ചുരത്തിലെ മാലിന്യം തടയുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുവരുന്നതിനെ ജില്ലാകളക്ടര്‍ ഡോ.ബി.എസ്.തിരുമേനി പ്രശംസിച്ചു. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി നടപ്പിലാക്കി വരുന്ന മാലിന്യ വിമുക്ത കര്‍മ്മ പദ്ധതിയെപ്പറ്റി ജില്ലാകളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ പാഴ്‌വസ്തുക്കളെ അവയുടെ സ്വഭാവമനുസരിച്ച് വേര്‍തിരിച്ച് സംസ്‌കരിക്കും. കൃത്യമായ ഇടവേളകളില്‍ ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഇവ ശേഖരിക്കും. ശേഖരിക്കപ്പെടുന്ന പാഴ്‌വസ്തുക്കള്‍ മറ്റ് പ്രദേശങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നില്ല എന്നതാണ് പദ്ധതിയുടെ ആര്‍ഷണീയത. തരംതിരിച്ച് അവിടെ തുടര്‍ സംസ്‌ക്കരണം നടത്തുകയും മറ്റ് ഉത്പന്നങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. കോഴിക്കോട് നിറവ് എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.