ഭായി മഹാവീര്‍ മഹാപാരമ്പര്യം

Saturday 17 December 2016 7:08 pm IST

മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ഡോ. ഭായി മഹാവീര്‍ അന്തരിച്ചു. അദ്ദേഹം മുതിര്‍ന്ന ബിജെപി നേതാവായിരുന്നു. പ്രധാനമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു' എന്ന തീരെ അപ്രധാന വാര്‍ത്ത ചില പത്രങ്ങളില്‍ വയിക്കാനിടയായി. ജന്മഭൂമിയും ജനം ചാനലുമടക്കം മാധ്യമങ്ങള്‍ അദ്ദേഹത്തിന് അതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ മിനക്കെട്ടില്ല എന്നത് പൊറുക്കാനാവാത്ത വീഴ്ചയായി എന്നു തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഗീതാമഹോത്‌സവത്തിലെ ഒരു പ്രധാനാതിഥിയായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കപ്പെടരുതാത്ത മഹദ്‌വ്യക്തിയായിരുന്നു അദ്ദേഹം. പഞ്ചാബിലെ ശതാബ്ദങ്ങളുടെ പാരമ്പര്യമുള്ള പ്രശസ്തമായ ഒരു കുടുംബത്തിന്റെ ഇങ്ങേയറ്റത്ത് മഹാവീര്‍ജി ജനിച്ചു. ദല്‍ഹിയിലെ ചാന്ദനീചൗക്കില്‍ സ്ഥിതിചെയ്യുന്ന അതുല്യ ബലിദാനത്തിന്റെ ചരിത്രമുണര്‍ന്നുനില്‍ക്കുന്ന ഗുരുദ്വാരാശീഷ്ഗഞ്ജ് ഭാരതത്തിലെ ഹൈന്ദവ ജനതയുടെ അവിസ്മരണീയ പുണ്യസ്ഥാനമാണ്, സിഖ് പന്ഥിലെ സുപ്രധാനമായ ഗുരുദ്വാരയും. കശ്മീരിലെ ഹിന്ദുക്കളെ മാര്‍ക്കം കൂട്ടാന്‍ മുഗള്‍ അധികൃതര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ഗുരുതേഗ് ബഹാദൂറിനെ സമീപിക്കുകയും താന്‍ മതംമാറിയാലെ അവരും മാറേണ്ടൂ എന്ന് അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെക്കൊണ്ട് കശ്മീരി ഹിന്ദുക്കളുടെ കാര്യം പറയാന്‍ അദ്ദേഹം ദല്‍ഹിയിലേക്കു പുറപ്പെട്ടപ്പോള്‍ കൂടെപോയത് മതീദാസ് എന്ന അനുയായിയായിരുന്നു. ചാന്ദനിചൗക്കിലെ വിചാരണക്കുശേഷം താന്‍ തലപോയാലും മതംമാറില്ലെന്നു ശഠിച്ച ഗുരുവിനെ കഴുത്തുവെട്ടിക്കൊല്ലാന്‍ വിധിച്ചു. ബാക്കി കൂടെവന്നവരെ ശിഷ്യരായിട്ടാണ് ഗുരു കണക്കാക്കിയതെങ്കില്‍ മതീദാസിനെ സഹോദരനായി കരുതി ഭായീ എന്നു വിളിച്ചു. ആ പരമ്പരയില്‍പ്പെട്ടവരൊക്കെ പേരിനു മുമ്പായി ഭായി ചേര്‍ത്തു. കഴിഞ്ഞ നൂറ്റാണ്ടിലെ ആദിവര്‍ഷങ്ങളില്‍ പ്രസിദ്ധ വിപ്ലവകാരിയും ധര്‍മപ്രചാരകനുമായി പ്രവര്‍ത്തിച്ച ഭായി പരമാനന്ദിന്റെ പുത്രനായിരുന്നു ഭായിമഹാവീര്‍. ബ്രിട്ടീഷുകാര്‍ക്കെതിരായി വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഭായി പരമാനന്ദിനെ ലാഹോര്‍ ഹൈക്കോടതി ആന്തമാനിലേക്കു നാടുകടത്താന്‍ വിധിച്ചു. അവിടെ വീര സവര്‍ക്കര്‍ താമസിച്ച കാലത്തുതന്നെ ഭായി പരമാനന്ദനുമുണ്ടായിരുന്നു. തമ്മില്‍ കാണാന്‍ അവസരമുണ്ടായില്ലെന്നു മാത്രം. ഭായിജിയുടെ ലാഹോറിലെ വീട് പഞ്ചാബ് സര്‍ക്കാര്‍ കണ്ടുകെട്ടി. അദ്ദേഹത്തിന്റെ ഭാര്യയേയും അഞ്ചു വയസുള്ള മഹാവീറിനേയും സഹോദരിയേയും വീട്ടില്‍നിന്നിറക്കിവിടുമ്പോള്‍ അവര്‍ക്ക് ധരിച്ചിരുന്ന വസ്ത്രമല്ലാതെ ഒന്നുമെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. കൈക്കുഞ്ഞിന്റെ ഒരുടുപ്പ് ജനലിലൂടെ പുറത്തിട്ട് പോലീസുകാര്‍ പോയശേഷം എടുക്കാമെന്ന് അമ്മ വിചാരിച്ചു. അവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി കാത്തുനിന്നപ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ കുഞ്ഞുടുപ്പ് എടുത്ത് പോലീസിനെ ഏല്‍പ്പിച്ചുവത്രെ. ഭായിജിയുടെ കുടുംബത്തിന്റെ ഹൃദയംഗമമായ സഹായത്തില്‍ കഴിഞ്ഞ ആ അയല്‍ക്കാരിയുടെ പ്രവൃത്തി കണ്ട്, ഒരിറ്റു കണ്ണീരുപോലും വീഴ്ത്താതെയാണ് പത്‌നി പോയത് എന്ന് വായിച്ചതോര്‍ക്കുന്നു. ഭായി പരമാനന്ദ് 'കാലാപാനി' വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ലാഹോര്‍ നിവാസികളായ ഹിന്ദുക്കളും സിക്കുകാരും അത്യധികം ആഹ്‌ളാദത്തോടെ സ്വീകരിച്ചു. അദ്ദേഹം ആര്യസമാജ മിഷനറിയായി വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു. സംഘസ്ഥാപകന്‍ പൂജനീയ ഡോക്ടര്‍ജിയെ ലാഹോറിലേക്ക് ക്ഷണിച്ചതും അവിടെ ശാഖ ആരംഭിക്കാന്‍ ഒത്താശ ചെയ്തതും അദ്ദേഹമായിരുന്നു. ഡോക്ടര്‍ജിയുടെ ആതിഥേയനുമായിരുന്നു. ചെറുപ്പത്തില്‍ ഡോക്ടര്‍ജിയില്‍നിന്നുതന്നെ സംഘത്തിന്റെ ആശയം പകര്‍ന്നുകിട്ടിയ ആളായിരുന്നു ഭായി മഹാവീര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പ്രചാരകനാകാന്‍ വൈകിയില്ല. ലാഹോറിലേയും പഞ്ചാബിലേയും സംഘപ്രവര്‍ത്തനത്തില്‍ മര്‍മപ്രധാനമായ പങ്കാണ് അദ്ദേഹം വഹിച്ചത്. വിഭജനത്തിന്റെ കരാളദിനങ്ങളില്‍ ലാഹോറിലെ ഹിന്ദുക്കളും സിക്കുകാരും അനുഭവിക്കേണ്ടിവന്ന ഭീഷണികളും ദുരിതങ്ങളും തരണം ചെയ്യാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങളേയും അനുഭവങ്ങളേയും കുറിച്ച് വിഭജനത്തിന്റെ അരനൂറ്റാണ്ട് എത്തിയപ്പോള്‍ ഓര്‍ഗനൈസര്‍ വാരികയിലെഴുതിയ ഒരു ലേഖനത്തില്‍ മഹാവീര്‍ജി വിവരിച്ചു. ചോര മരവിപ്പിക്കുന്ന ആ സംഭവങ്ങള്‍ അതിശയോക്തിയോ വാചാടോപമോ ഇല്ലാതെ സഹജമായ വിധത്തിലാണ് അദ്ദേഹം വിവരിച്ചത്. ലാഹോറില്‍ നിന്ന് മിക്കവാറും എല്ലാ അഭയാര്‍ഥികളെയും അതിര്‍ത്തി കടത്തിയ ശേഷമാണ് അദ്ദേഹവും മറ്റും പോന്നത്. ദല്‍ഹിയിലെത്തിയശേഷവും പ്രവര്‍ത്തനം തുടര്‍ന്നു. 1948 ല്‍ സംഘത്തെ സര്‍ക്കാര്‍ നിരോധിക്കുകയും, പൂജനീയ ഗുരുജിയെ കാരാഗ്രഹത്തിലടയ്ക്കുകയും ചെയ്ത കാലത്ത് സര്‍സംഘചാലകന്റെ ചുമതലകള്‍ അര്‍പ്പിക്കപ്പെട്ടിരുന്നത് ഭായി മഹാവീറിന്റെ ചുമലിലായിരുന്നു. അദ്ദേഹം മികച്ച സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു. ഭാരതീയ ജനസംഘം രൂപീകൃതമായപ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ദീനദയാല്‍ജിയോടൊപ്പം ഭായി മഹാവീറും അടല്‍ജിയും നാനാജി ദേശ്മുഖും സുന്ദര്‍സിംഗ് ഭണ്ഡാരിയുമൊക്കെ ഉണ്ടായിരുന്നു. ജനസംഘത്തിന് നൂതനമായ ഒരു രാജനൈതിക പ്രത്യയ ശാസ്ത്രം വികസിപ്പിച്ചെടുക്കാന്‍ ദീനദയാല്‍ജി പരിശ്രമിക്കുമ്പോള്‍, സാമ്പത്തികശാസ്ത്രപരമായ കാര്യങ്ങള്‍ക്ക് ഭായിമഹാവീറിന്റെ സഹായം ഏറെ ഉപകരിച്ചു. പാശ്ചാത്യലോകത്തെ ധനതത്വശാസ്ത്ര വികാസത്തിന്റെ ദശാപരിണാമങ്ങള്‍ നേരിട്ട് പഠിക്കാന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ കാലം മഹാവീര്‍ജിയെ പ്രാപ്തനാക്കി. പ്രചാരകനായിരിക്കെ അദ്ദേഹം വിവാഹജീവിതത്തില്‍ ഏര്‍പ്പെടേണ്ട സാഹചര്യമുണ്ടായി. എന്നാലും ജനസംഘ നേതൃനിരയില്‍ അദ്ദേഹം തുടര്‍ന്നു. ദല്‍ഹി ഡിഎംവി കോളേജില്‍ പ്രൊഫസറായി ജോലിചെയ്തു. അതിനിടെ അദ്ദേഹം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍ജിയെപ്പറ്റി അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍്രഗസുകാരുടെയും ഭാഗത്തുനിന്നുവന്നപ്പോള്‍, അതിന് മറുപടിയായി മഹാവീര്‍ജി ചെയ്ത പ്രഭാഷണം, ഒരുപക്ഷേ സഭാതലത്തില്‍ നടത്തപ്പെട്ട ഏറ്റവും മനോഹരവും ആധികാരികവുമായ ബൗദ്ധിക് തന്നെ യായിരുന്നു. പല പത്രങ്ങളും അത് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. മഹാവീര്‍ജിയുടെ കേരള സന്ദര്‍ശനങ്ങള്‍ക്കിടയിലെ അനുഭവങ്ങള്‍കൂടി വിവരിക്കട്ടെ. 1969 ലാണെന്നു തോന്നുന്നു മട്ടാഞ്ചേരിയിലെ സാമുദ്രീസദനില്‍ ജനസംഘത്തിന്റെ സംസ്ഥാന പഠനശിബിരം നടന്നു. അവിടെ ക്ലാസെടുക്കാന്‍ അടല്‍ജി വരുമെന്നാണറിയിച്ചിരുന്നത്. ആ അവസരം പ്രയോജനപ്പെടുത്താന്‍ മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണവും ഏര്‍പ്പാടുചെയ്തു. ഒരു രൂപയുടെ പാസ് എടുക്കുന്നവര്‍ക്കേ ഹാളില്‍ പ്രവേശനം അനുവദിച്ചുള്ളൂ. സംസ്ഥാനാധ്യക്ഷനടക്കം ആരെയും അതില്‍നിന്നൊഴിവാക്കിയില്ല. ജനസംഘത്തിന്റെ പണദാരിദ്ര്യം തന്നെയാണ് ആ നടപടിക്കു കാരണം. ദല്‍ഹിയിലെ എന്തോ അടിയന്തരാവശ്യംമൂലം അടല്‍ജിക്കു വരാനായില്ല. പകരം അതേ വിമാനത്തിലെത്തിയത് മഹാവീര്‍ജി ആയിരുന്നു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയവര്‍ക്ക് ഇഛാഭംഗമായി. എന്നാല്‍ പഠനശിബിരത്തിലെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് തൃപ്തിയായി. ടൗണ്‍ഹാളില്‍ പാസ് എടുത്തു വന്നവരോട് പരിപാടി തുടങ്ങിയപ്പോഴെ വിവരം പറഞ്ഞുള്ളൂ. മഹാവീര്‍ജിയുടെ മനോഹരമായ ഇംഗ്ലീഷ് പ്രഭാഷണവും അതിലും മനോഹരമായ പരമേശ്വര്‍ജിയുടെ വിവര്‍ത്തനവും കഴിഞ്ഞപ്പോള്‍ ഹാളിലെത്തിയവര്‍ക്ക് അത്യന്തം തൃപ്തിയായി. സ്വതസ്സിദ്ധമായ സാമ്പത്തിക ദൃഷ്ടിയിലുള്ള വിശകലനത്തിനുള്ളിലെ ഏകാത്മമാനവദര്‍ശനധാര സകലരെയും ആഹ്‌ളാദിപ്പിച്ചു. മഹാവീര്‍ജിയെ മടക്കിയയക്കാന്‍ വിമാനത്താവളത്തില്‍ പോയിരുന്നു. വിമാനം പറന്നുയര്‍ന്നത് കണ്ടാണ് തിരിച്ചുവന്നത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് അഡ്വ. രാജഗോപാല്‍റാവുവിന്റെ വീട്ടിലേക്കു ഫോണ്‍. വിമാനം തിരിച്ചുവന്നു. മഹാവീര്‍ജിയെ അവിടെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ഹോട്ടലില്‍ ചെന്നു കണ്ടു. അദ്ദേഹം സുസ്‌മേരവദനന്‍. 1972 ലാണെന്നു തോന്നുന്നു ജനസംഘത്തിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തിലെ മുഖ്യാതിഥിയായി അദ്ദേഹം എത്തി. മലപ്പുറം ജില്ല രൂപീകരിച്ചശേഷം ആദ്യത്തെ വന്‍സമ്മേളനം അതായിരുന്നു. ബംഗ്ലാദേശ് യുദ്ധത്തില്‍ വീരമൃത്യുവരിച്ച ഒരു ഭടന്റെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെ സംവേദന അറിയിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രയാസമില്ലായിരുന്നു. ആശയങ്ങള്‍ അടുക്കിലും ചിട്ടയിലും, മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കുന്നതുമൂലം വിവര്‍ത്തകന് എളുപ്പമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗതിവിഗതികളില്‍ മഹാവീര്‍ജിക്ക് നിര്‍ണായക പങ്കുണ്ടായതായി തോന്നിയില്ല. എന്നാലും അദ്ദേഹം രാജ്യസഭാംഗമായിരുന്നു. അടല്‍ജിയുടെ സര്‍ക്കാര്‍ വന്നപ്പോള്‍ അദ്ദേഹത്തെ മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ആ സ്ഥാനം അദ്ദേഹം അതിപ്രശസ്തമായിത്തന്നെ നിര്‍വഹിച്ചു. അതിനിടയിലാണ് നേരത്തെ പരാമര്‍ശിച്ചതുപോലെ ഗീതാസമ്മേളനത്തിന് തിരുവനന്തപുരത്ത് വന്നത്. സംഘപരിവാറിന് മറക്കപ്പെടരുതാത്ത ആ മഹദ്‌വ്യക്തിത്വത്തിനു മുന്നില്‍ ആദരാഞ്ജലികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.