ഗായത്രി- വിശ്വഹൃദയമന്ത്രം

Saturday 17 December 2016 7:16 pm IST

വിശ്വവ്യാപകമായ ഹൃദയം, പ്രപഞ്ചത്തിന്റെ സത്താപരമായ നിലനില്‍പാണ്. സത്തയുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിനും ശരീരം, മനസ്സ്, പ്രാണന്‍ എന്നീ അവസ്ഥാ വിശേഷങ്ങളും അതീത ഭൗതിക ദൃഷ്ടിയില്‍ സംജാതമായിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അതീത ഭൗതികമായ വ്യാഹൃതി മനുഷ്യന്റെ സൂക്ഷ്മ പ്രപഞ്ചത്തിലേക്ക് കടക്കുമ്പോള്‍ അത് ഭാഷയില്‍ വ്യാഹൃതിയായി മാറുന്നു. യോഗികള്‍ ഈ വ്യാഹൃതിയെ ധ്യാനസങ്കല്‍പത്തിലൂടെ സ്വാശീകരിച്ച് മാനവന്റെയും ഇതരജീവികളുടെയും ശ്രേയസ്സിനായി സമര്‍പ്പിക്കുന്നു. ഭൗതികമായ വ്യവസ്ഥിതിയില്‍ പ്രപഞ്ചത്തെ ആവരണംചെയ്തു വര്‍ത്തിക്കുന്ന വ്യാഹൃതിക്ക് ഋഷികള്‍ ഭൂര്‍, ഭുവ, സ്വ എന്ന് നാമകരണം ചെയ്തതിന്റെ സാംഗത്യം ഭൂമി, അന്തരീക്ഷം, സ്വര്‍ഗം എന്നീ വ്യവസ്ഥിതികള്‍ മനുഷ്യശരീരത്തില്‍ അതിന്റെ സൂക്ഷ്മാംശങ്ങളായി സമ്പൂര്‍ണമായും സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. മന്ത്രം വാക്കിന്റെ സൂക്ഷ്മരൂപമായി പ്രപഞ്ചത്തിലെ സൂക്ഷ്മാകാശത്തില്‍ സ്ഥിതി ചെയ്യുന്നു. മനോ-ബുദ്ധികളുടെ സംയോഗത്താല്‍ വാക്കിനെ സ്വാംശീകരിക്കുന്നതുകൊണ്ടാണ് വാക്കിന്റെ സൂക്ഷ്മാംശത്തെ മന്ത്രം എന്ന് പേരിട്ടത്. ശരീരം, മനസ്സ്, പ്രാണന്‍ (ബുദ്ധി) എന്ന മൂന്ന് വ്യവഹാരങ്ങള്‍ ഗായത്തില്‍ (ശരീരത്തില്‍) വര്‍ത്തിക്കുകയും സാധനയുടെ പര്യവസനത്തില്‍ സ്വശരീരമുള്‍പ്പെടെ ധ്യാനാവസ്ഥയില്‍ ഉണര്‍ത്തി, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് 'ഗായത്രീ' മന്ത്രത്തിന്റെ സഫലീകരണം. ഗായത്ര്യാസ്തുപരം നാസ്തി-ഗായത്രിയില്‍ക്കവിഞ്ഞ് മന്ത്രങ്ങളില്ല എന്ന് പറയുന്നത്, അത് ഛന്ദോബദ്ധമായി അക്ഷരഗണനാക്രമത്തില്‍ കാലസ്വരൂപമായി നിലനില്‍ക്കുന്നതുമൂലമാണ്. കാലം സര്‍വതിനെയും ഭക്ഷിക്കുന്നു. (കാലോ ജഗത് ഭക്ഷകഃ) അതിനാല്‍ കാലാതിവര്‍ത്തിയായി മനുഷ്യപ്രജ്ഞ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. തപസ്സിന്റെ പരമമായ അവസ്ഥ പ്രാണായാമത്തിന്റെ അത്യന്താവസ്ഥയില്‍ അക്ഷരബ്രഹ്മത്തെ ഉപാസിച്ച് കൈവല്യാനുഭൂതി നേടുന്നതാണ്. ഈ അക്ഷരബ്രഹ്മം ഗായത്രിയുടെ സ്വരസംഭാവനയാണ്. ഈ ജ്ഞാനം പ്രാചീന ഋഷിമാരുടെ ധ്യാനാധിഷ്ഠിതമായ കണ്ടെത്തലാണ്. പരമശിവന്‍ 96 കോടി ഗായത്രി ജപിച്ചാണ് പരമശിവപദം പൂകിയതെന്ന് ശിവസംഹിതയും പുരാണവും ഉദ്‌ഘോഷിക്കുന്നു. പ്രപഞ്ച സംവിധാനത്തില്‍ സൂക്ഷ്മമന്ത്രമായ ഗായത്രി, ശബ്ദഘോഷമായി 24 അക്ഷരതേജസ്സാല്‍ ഭൗതികമായി പ്രത്യക്ഷപ്പെട്ടത് ജിജ്ഞാസുവായ സാധകന് വേണ്ടിയാണ്. ഇതില്‍മാത്രം ശ്രദ്ധാലുവായ സാധകന്മാര്‍ക്ക് ഇഹലോകത്തില്‍ ആവശ്യങ്ങളെല്ലാം തനിയെ വന്നുചേരുമെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. സര്‍വവേദസാരമായ ഗായത്രിയെ വേദങ്ങള്‍ ഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആത്മലോകത്തില്‍ സ്ഥിരപ്രതിഷ്ഠനായ സോമരാജനെ (ആത്മസത്ത) സാധകന്റെ സഹസ്രാര പത്മത്തിലേക്ക് ആനയിക്കാന്‍ ഗായത്രിയെ ഹംസത്തിന്റെ രൂപത്തില്‍ പ്രചയ, പ്രചച എന്ന ഛന്ദോബദ്ധമായ പ്രാസരൂപത്തില്‍ ഋഷിമാര്‍ ആത്മലോകത്തിലേക്കയച്ചു. ഗായത്രി സോമരാജനെ ഭൂമിയിലേക്ക് കൊണ്ടുവന്നു. പ്രതീകവല്‍ക്കരിച്ച, ഭൗതികാതീതമായ ഒരാഖ്യാനത്തെ ഫലപ്രദമായ രീതിയില്‍ ഋഷിമാര്‍ പ്രാധാന്യത്തെ അവതരിപ്പിക്കുകയാണിവിടെ. ''ഗായതിം വേദതത്ത്വാഗമ സകല പുരാണേതിഹാസൈക ബീജാം ജീവബ്രഹ്മൈക്യരൂപാം പ്രണവ ലിപിമയിം സര്‍മന്ത്രാളിസേവ്യാം'' ''മന്ത്രപ്രയോഗങ്ങളിലെയും, പുരാണ ഇതിഹാസങ്ങളിലെയും, വേദതത്വാഗമങ്ങളുടെയും സാരസര്‍വസ്വമാണ് ഗായത്രി, ജീവ-ബ്രഹ്മാനുഭവത്തിന് ഇതിലുപരിയായി യാതൊന്നുമില്ല. സര്‍വമന്ത്രങ്ങളാലും പരിസേവിതമായ ഈ മന്ത്രം പ്രണവാക്ഷരത്താല്‍ പ്രകടിതമാണ്.'' ഈ മന്ത്രാര്‍ത്ഥത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ഭാരതീയരായ നാം ദിവസവും എത്ര കോടിമന്ത്രമാണ് ജപിക്കുന്നതെന്നും ആ ജപത്തിന്റെ ഭൗതികാംശം ഈ ദേശത്തെ രക്ഷിക്കുന്നുവെന്നതും മഹത്തായ സത്യമാണ്. മന്ത്രത്തില്‍ 'തത്' എന്ന പ്രയോഗം സൃഷ്ടാവിന്റെ അസ്തിത്വത്തെ നാമരൂപങ്ങളില്ലാതെ വിശേഷിപ്പിക്കുന്നു. സൃഷ്ടാവ് പുരുഷനോ, സ്ത്രീയോ അല്ല. എന്നാല്‍ അത് രണ്ടും സമന്വയിപ്പിച്ചതുമാണ്, തന്മൂലം ആ സത്തയെ സവിത്, ദേവ എന്നീ പദങ്ങള്‍കൊണ്ട് പുരുഷ/സ്ത്രീപരമായ സൃഷ്ടിയുടെ അത്യാവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. പ്രകാശവത്തായ ചൈതന്യത്തെ ജിജ്ഞാസു സ്വാംശീകരിക്കുന്നു. തനിക്കും തന്റെ സമൂഹ (യോഗ നഃ)ത്തിനും വേണ്ടി ഈ ജൈവ-ആത്മീയചൈതന്യത്തെ സ്വീകരിക്കുന്നു. എന്റെ വ്യക്തിപരമായ വികാസത്തോടൊപ്പം, സമൂഹത്തിന്റെ വികസനത്തിനും അത് ഉപകരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു; കാരണം ഗായത്രിയുടെ ഓരോ അക്ഷര ബീജത്തിലും അതിനിഗൂഢമായ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഋഷിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാമന്ത്രസ്യ ചാപസ്യ സ്ഥാനേ സ്ഥാനേ പദേ പദേ ഗൂഢോ രഹസ്യ ഗര്‍ഭോ- നന്തോപദേശ സമുച്ചയ: അനന്തമായ ഉപദേശ സമുച്ചയങ്ങള്‍ അടങ്ങിയ, ഓരോ പദത്തിലും, നിഗൂഢമായ മന്ത്രരഹസ്യങ്ങള്‍ സാക്ഷാത്കരിച്ചത്, സൃഷ്ടാവ് തന്നെയാണ്. വിശ്വത്തിന്റെ മിത്രം സൃഷ്ടാവായ സവിതാവാണ്. പ്രസവിച്ച അമ്മയെന്നര്‍ത്ഥം. അമ്മയായ സവിതാ ഗായത്രിയായി പരിണമിച്ച് മന്ത്രരൂപമാകുന്നു. ശബ്ദബീജാക്ഷരമായ ഈ ഗായത്രിയെ രാജാവായ വിശ്വാമിത്രനു മുന്‍പും ഋഷികള്‍ സാധന ചെയ്ത് മോക്ഷപദം പ്രാപിച്ചിട്ടുണ്ടെന്ന വസ്തുതയും രേഖപ്പെടുത്തട്ടെ. 2018 ജനുവരി 22 മുതല്‍ 28 വരെ പാലക്കാട് കിണാശ്ശേരിയിലെ യാഗഭൂമിയില്‍ ശ്രീ തഥാതന്റെ ദിവ്യസാന്നിധ്യത്തില്‍ ഗായത്രീ വിശ്വമഹായജ്ഞം നടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.