മാദ്ധ്യമ പ്രവര്‍ത്തകന് സന്നിധാനത്ത് പോലീസിന്റെ ക്രൂരമര്‍ദ്ദനം

Saturday 17 December 2016 8:14 pm IST

ശബരിമല: ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ടര്‍ സുജിത് സുരേന്ദ്രന് സന്നിധാനത്ത് പോലീസിന്റെ മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി എട്ടരയോടെ പതിനെട്ടാം പടിയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ഒരുസംഘം പോലീസുകാരാണ് മര്‍ദ്ദിച്ചത്. അയ്യപ്പഭക്തന് നേരെയുള്ള പോലീസിന്റെ ഗുണ്ടായിസം ചോദ്യംചെയ്തതാണ് കാരണം. കൊടിമരത്തിന് സമീപം പടിഞ്ഞാറേ നടയില്‍ സെല്‍ഫിയെടുത്ത ഭക്തനെ പോലീസ് അക്രമിച്ചു. ഇത് ചോദ്യം ചെയ്ത സുജിതിനെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചു. സെലിബ്രിറ്റികള്‍ക്കൊപ്പം സോപാനത്ത് നിന്നുവരെ സെല്‍ഫിയെടുക്കാന്‍ മത്സരിക്കാറുള്ള പോലീസ് പാവപ്പെട്ട ഭക്തരെ തടയുന്നതെന്തിനെന്നായിരുന്നു സുജിത്തിന്റെ ചോദ്യം. ഇത് ചോദിക്കാന്‍ നീയാരാടാ എന്ന് ചോദിച്ച് പോലീസുകാര്‍ മര്‍ദ്ദനം തുടങ്ങുകയായിരുന്നു. സംഭവം സുജിത് സ്‌പെഷ്യല്‍ ഓഫീസറെ വിളിച്ചറിയിക്കാന്‍ തുടങ്ങവെ അസഭ്യവര്‍ഷമാണ് പോലീസ് നടത്തിയത്. സിഐയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. സ്‌പെഷ്യല്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങിയപ്പോള്‍ സന്നിധാന പോലീസ് സ്‌പെഷ്യല്‍ ഓഫീസറോ ഡിജിപിയോഅല്ല ഏതവന്‍ വന്നാലും ഞങ്ങളെ ഒന്നും ചെയ്യില്ലെന്നാക്രോശിച്ചാണ് മര്‍ദ്ദിച്ചത്. സ്‌പെഷ്യല്‍ ഓഫീസറും മറ്റ് മാധ്യമപ്രവര്‍ത്തകരുമെത്തിയാണ് സുജിത്തിനെ രക്ഷിച്ചത്. സീസണ്‍ ആരംഭിച്ചത് മുതല്‍ പോലീസ് ഭക്തരെ ചൂരല്‍ വടിക്ക് മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിലെ പ്രതികാരമായായിരുന്നു മര്‍ദ്ദനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുജിത്തിനെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹനുണ്ണിത്താനുള്‍പ്പെടയുള്ളവര്‍ സുജിത്തിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സിസിടിവി ദൃശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എന്‍.വിജയകുമാര്‍ അറിയിച്ചു. ഡിഐജി പി.വിജയന്റെ നിര്‍ദേശപ്രകാരം സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സോപാനം ഡിവൈഎസ്പി വിശ്വംഭരനെ ചുമതലപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി ഉയര്‍ന്ന മൂന്ന് പോലീസുകാരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്റെയും പോലീസുകാരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു. പമ്പ-കുമളി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ബദലായി സമാന്തര സര്‍വ്വീസ് ശബരിമല: പമ്പ-കുമളി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ബദലായി ചെറുവാഹനങ്ങളുടെ സമാന്തര സര്‍വ്വീസ്. ഇതിന് പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായമെന്ന് ആക്ഷേപം. ടാറ്റാ സുമോ, ക്വാളിസ് തുടങ്ങിയ ജീപ്പുകളാണ് അനുമതിയില്ലാതെ സര്‍വ്വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസിക്ക് പമ്പയില്‍നിന്ന് കുമളിയിലേക്ക് 110 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇരുനൂറ് രൂപയാണ് സമാന്തര സര്‍വ്വീസുകാര്‍ ഈടാക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സിന്റെ ലഭ്യതക്കുറവും തിക്കും തിരക്കുമൊക്കെ സഹിക്കാന്‍ കഴിയാത്ത യാത്രക്കാരാണ് സമാന്തര സര്‍വ്വീസിനെ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ പതിനഞ്ച് സര്‍വ്വീസുകള്‍ നടത്തുന്നു. ഈ സര്‍വ്വീസുകള്‍ക്ക് കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് വരുമാനം കുറയുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് അവരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.