ഡിടിപിസി ഭരണം കുത്തഴിഞ്ഞു; ഭരണം മൂന്നംഗസംഘത്തിന്

Saturday 17 December 2016 8:51 pm IST

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞു. ഭരണം നടത്തുന്നത് മൂന്നു ജീവനക്കാര്‍. ഇവര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്ത്രീ തൊഴിലാളികള്‍ രംഗത്ത്. കനാല്‍ മാനേജ്‌മെന്റ് ഓഫീസിലെ മൂന്നു ജീവനക്കാര്‍ക്കെതിരെയാണ് ഡിടിപിസിയിലെ ക്ലീന്‍ ഡെസ്റ്റിനേഷന്‍ കുടുംബശ്രീ യൂണിറ്റിലെ 54 സ്ത്രീതൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഡിടിപിസിയുടെ സെക്രട്ടറി ചുമതല വഹിക്കുന്ന ആര്‍ഡിഒയ്ക്ക് പരാതി നല്‍കി മൂന്നുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. മുന്‍കാലങ്ങളില്‍ ഇവരുടെ ജോലിക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഡിടിപിസി പാര്‍ക്ക് സൂപ്രണ്ടായിരുന്നു. മറ്റു ജില്ലകളിലും പാര്‍ക്ക് സൂപ്രണ്ടിനാണ് മേല്‍നോട്ടച്ചുമതല. എന്നാല്‍ ഇവിടെ കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ജീവനക്കാര്‍ ഭരണം ഏറ്റെടുക്കുകയയിരുന്നു. ആലപ്പുഴ സ്വിമ്മിങ് പൂളിനു കിഴക്കുഭാഗത്തെ കനാലോരത്തെ ഗാര്‍ഡന്‍ നനയ്ക്കുന്നതും പുല്ലുവെട്ടുന്നതും ഇവരായിരുന്നു. എന്നാലിപ്പോള്‍ ഈ പണിയും സ്ത്രീതൊഴിലാളികള്‍ ചെയ്യണമെന്നാണ് ഇവരുടെ ഉത്തരവ്. മൂന്നംഗ സംഘം പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന സ്ഥിതിയാണുള്ളത്. കൂടാതെ സ്ത്രീ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുയരുന്നു. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് തൊഴിലാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.