മണി ശൈലിയില്‍ വിയോജിപ്പ്;സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി

Saturday 17 December 2016 9:40 pm IST

ഇടുക്കി പ്രസ് ക്ലബിന് സമീപം സേവ് സിപിഎം ഫോറം എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു

ഇടുക്കി: എംഎം മണിയുടെ ശൈലിയെച്ചൊല്ലി സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റിയില്‍ കടുത്ത വിഭാഗീയത. രണ്ട് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പരസ്യമായി വിഭാഗീയ പ്രവര്‍ത്തനം ശക്തമാക്കി. ഒന്നര വര്‍ഷം മുമ്പ് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് ഇപ്പോഴത്തെ ഏരിയ സെക്രട്ടറി റ്റി. ആര്‍ സോമന്‍ വിജയിച്ചത്.

വിഭാഗീയ പ്രവര്‍ത്തനത്തിലൂടെയാണ് സോമന്‍ വിജയിച്ചതെന്ന് പാര്‍ട്ടി ജില്ലാ ഘടകം കണ്ടെത്തുകയും ഇദ്ദേഹത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയുണ്ടാക്കിയത്.

റ്റി.ആര്‍ സോമനൊപ്പം സംസ്ഥാന കമ്മിറ്റിയംഗമായ കെ.പി മേരിക്കെതിരെയും നടപടി എടുക്കാനാണ് ജില്ലാ സെക്രേട്ടറിയറ്റിന്റെ തീരുമാനം. തൊടുപുഴയിലെ വിഭാഗീയ പ്രവര്‍ത്തനത്തിന് മേരി തടയിട്ടില്ലെന്നതാണ് കാരണം. തൊടുപുഴ ഏരിയ കമ്മിറ്റി നേതൃത്വം എം.എം മണി, കെ.കെ ജയചന്ദ്രന്‍ എന്നിവരുടെ ശൈലിയോട് യോജിപ്പ് പുലര്‍ത്തുന്നില്ല. ഇതാണ് അച്ചടക്ക നടപടിയുടെ കാരണമെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.

നടപടിക്കെതിരെ സേവ് സിപിഎം ഫോറം എന്ന പേരില്‍ ഇടുക്കി പ്രസ് ക്ലബിന് മുന്നിലും വിവിധ ഭാഗങ്ങളിലും വെച്ച ഫ്‌ളെക്‌സില്‍ ജില്ലാ നേതൃത്വത്തിനും തൊടുപുഴയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വണ്ടിക്കാശിന് പോലും ഗതിയില്ലാതിരുന്ന ജില്ലാ നേതാവ് കോടീശ്വരനായത് എങ്ങിനെയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്നും ബോര്‍ഡില്‍ ആവശ്യപ്പെടുന്നു.

റ്റി. ആര്‍ സോമനെ അനുകൂലിക്കുന്നവരാണ് ബോര്‍ഡ് വച്ചതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ചേരിപ്പോര് രൂക്ഷമായതോടെ വെള്ളിയാഴ്ച രാത്രി 11 ന് റ്റി.ആര്‍ സോമന് പിന്തുണ അറിയിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നു തന്നെ നീക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഏരിയ സെക്രട്ടറി റ്റി.ആര്‍ സോമന്‍ പറഞ്ഞു.ഇന്നലെ വൈകിട്ട് ആറുമണിയോട് കൂടി ഇരുനൂറിലേറെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഏര്യ കമ്മിറ്റിയെ അനുകൂലിച്ച് തൊടുപുഴയില്‍ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.