എണ്‍പത്തിരണ്ടുകാരി ദുരിതത്തില്‍

Sunday 18 December 2016 9:02 pm IST

കുമളി: മക്കള്‍ തിരിഞ്ഞ് നോക്കുന്നില്ല, ആഹാരവും മരുന്നും ലഭിക്കാതെ വയോധിക ദുരിതത്തില്‍. കുമളി അമരാവതി ദാസയ്യയുടെ ഭാര്യ രാമത്തായി(82)ക്ക് ആണ് ബന്ധുക്കള്‍ ഉണ്ടായിട്ടും അനാഥയായി ജിവിക്കേണ്ടി വരുന്നത്. മൂന്ന് ആണും ഒരു പെണ്ണും ഉള്‍പ്പെടെ നാലുമക്കളുള്ള ഇവരെ ഇവരാരും തിരിഞ്ഞ് പോലും നോക്കാറില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് ദാസയ്യ ഏഴ് വര്‍ഷം മുമ്പ് മരിച്ചതോടെയാണ് രാമത്തായിയുടെ ദുരവസ്ഥ ആരംഭിക്കുന്നത്. പറമ്പില്‍ നിന്നും ലഭിക്കുന്ന പപ്പായയും കഴിച്ചാണ് ഇവര്‍ വിശപ്പകറ്റുന്നത്. അടുത്ത കാലം വരെ സമീപത്തുള്ള കൃഷിയിടങ്ങളില്‍ ഇവര്‍ പണിക്ക് പോയാണ് ഉപജീവനം നടത്തിയിരുന്നത്. രണ്ട് ആണ്‍മക്കള്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച് കുമളിയില്‍ താമസിക്കുന്നുണ്ട്. മകളും മറ്റൊരു മകനും തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇവരുടെ മനോനില തകര്‍ന്നു. ഇതോടെ ഇവരുടെ പേരിലുണ്ടായിരുന്ന നാല് ഏക്കറോളം സ്ഥലത്തില്‍ നിന്നും 3.5 ഏക്കറോളം സ്ഥലം മക്കള്‍ ചേര്‍ന്ന് വിറ്റു. പണം കിട്ടിയതോടെ മാതാവിനെ ഉപേക്ഷിക്കുകയായിരുന്നു. രോഗം ഇവരുടെ ശരീരത്തെ തളര്‍ത്തിയതോടെ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി. പണം ഇല്ലാത്തതിനാല്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് ഇവര്‍ പറയുന്നു. നാല്‍പത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലുള്ള വീട് മാത്രമാണ് ഇവരുടെ ആശ്രയം. പണം അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാല്‍ രാത്രി കാലങ്ങളില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കഴിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.