അധികൃതരുടെ അനാസ്ഥയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം

Sunday 18 December 2016 9:54 pm IST

കോട്ടയം: ഏഴ് മാസം മുന്‍പ് പണി പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയാതെ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയം. 20 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയമാണ് മാസങ്ങളായിട്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. സ്റ്റേഡിയം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടേയും തെുരവ്‌നായകളുടെ വാസകേന്ദ്രമായി മാറപ്പെട്ടിരിക്കുകയാണ്. കോട്ടയത്തെ കായിക പ്രേമികളുടെ സ്വപ്‌ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്നത്. നഗരസഭ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ ഇന്‍ഡോര്‍ സ്‌റ്റേഡിയം. വോളിബോള്‍, ഷട്ടില്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ലീ-ബില്‍ഡേഴ്‌സ് എന്ന കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇതുവരെ ഇവിടെ വൈദ്യതി കണക്ഷന്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭിക്കുന്നതിന് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥയാണ് സ്‌റ്റേഡിയം കായിക മരസരങ്ങളുടെ വേദിയാക്കി മാറ്റുന്നതില്‍ കാലതാമസം വരുന്നതിന് കാരണം. സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് എത്തുന്ന ആള്‍ക്കാരോട് മറ്റ് പലകാരണങ്ങളും പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ ഉദ്ഘാടനമാമാങ്കങ്ങള്‍ക്ക് ഇടയിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടന്നത്. ഇതിനുശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ നടന്നിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. 2017ലെങ്കിലും സ്‌റ്റേഡിയം കായിക മത്സരങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യമാണ് കായികമേഖലയില്‍ നിന്ന് ഉയരുന്നത്. ഇതേ അഭിപ്രായമാണ് നഗരസഭക്കും ഉള്ളത്. കോട്ടയത്തിന്റെ വികസന മുഖച്ഛയയിലെ ഒരു പ്രമുഖ പദ്ധതിയാണ് വെറും സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി ഗുണകരമാകാത്ത നിലയില്‍ കിടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.