ആര്‍എസ്ബിവൈ പദ്ധതി: മരുന്നിന് പരക്കം പായുന്നു

Sunday 18 December 2016 11:05 pm IST

രാജേഷ് ദേവ് പേട്ട: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം മരുന്നിനായി ആളുകള്‍ പരക്കം പായുന്നു. ഡോക്ടര്‍ കുറിക്കുന്ന മരുന്ന് ആശുപത്രിയിലില്ല. നീതി, കാരുണ്യ മെഡിക്കല്‍ സ്‌റ്റോര്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എന്നിവിടങ്ങളില്‍  നിന്നും വാങ്ങാനാണ് അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇവിടങ്ങളില്‍ ഡോകടറുടെ കുറിപ്പ് പ്രകാരമുളള മരുന്ന് ഇല്ലെങ്കില്‍  പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് കൂടിയ വിലയ്ക്ക്  വാങ്ങേണ്ട സ്ഥിതിയാണ് രോഗികള്‍ക്കുളളത് . സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന്  വാങ്ങുന്ന മരുന്നുകള്‍ക്ക് ചിലവാകുന്ന തുക പദ്ധതിയനുസരിച്ച് കിട്ടുന്നില്ലായെന്ന പരാതിയും വ്യാപകമാണ്. സാധാരണക്കാര്‍ക്ക് മുപ്പതിനായിരം രൂപ വരെയുളള സൗജന്യ ചികിത്സ സഹായം ലഭ്യക്കുമാവുന്ന കേന്ദ്ര പദ്ധതിയാണ് രാഷ്ട്രീയ സ്വാശ്രയ ഭീമ യോജന (ആര്‍എസ്ബിവൈ) . ആശുപത്രികളില്‍ കിടത്തി ചികിത്സ നേടുന്ന പദ്ധതിപ്രകാരം കാര്‍ഡുളള രോഗികള്‍ക്കാണ്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. കൂടുതല്‍ ചികിത്സ വേണ്ട രോഗികള്‍ക്ക് ആര്‍എസ്ബിവൈ ചീസ് പ്ലസ് പദ്ധതിയില്‍ കൂടി അധികൃതരുടെ അനുമതിയോടെ എഴുപതിനായിരം രൂപയുടെ അധിക  സഹായവും ലഭിക്കും. ചികിത്സ കഴിഞ്ഞ്  ആശുപത്രി വിട്ട് പോകുമ്പോള്‍ അഞ്ച് ദിവസത്തെ മരുന്നും യാത്രാബത്തയും രോഗിക്ക് സൗജന്യമായി നല്‍കും. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയ്ക്ക്  ആവശ്യം വേണ്ട മരുന്നുകള്‍ ആശുപത്രികളില്‍ നിന്ന് തന്നെ നല്‍കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ തിരുവനന്തപുരം  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പദ്ധതി പ്രകാരമുളള വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയാണ്. പദ്ധതി കാര്‍ഡുമായി ചികിത്സ തേടുന്ന രോഗികള്‍ക്ക് തുടക്കത്തിലേ  ആശുപത്രിയില്‍  മരുന്നില്ല. സാധാരണയായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതുന്ന ഹൈസോസിമാക്‌സ്, പാന്‍ടോപ്, സാബിട്രാറ്റ്, പിക്ലിന്‍ സിറപ്പ്, ടഫോലാക്, വെല്‍ട്ടം, എക്കോസ്പിരിന്‍, പ്രസിറ്റൊ, എക്‌സ്‌ടോര്‍, മഫ്‌ളോര്‍ തുടങ്ങി  ഇഞ്ചക്ഷനുളള ഹ്യൂമന്‍ മിസ്റ്റാര്‍ഡ് വരെയുളള മരുന്നുകള്‍ പോലും ആശുപത്രിയില്‍ നിന്നും നല്‍കുന്നില്ല. പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുളള ക്യാഷ്വാലിറ്റി ഫാര്‍മസി , കമ്മ്യൂണിറ്റി മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ മാത്രമേ പണം നല്‍കാതെ മരുന്ന് വാങ്ങാന്‍ കഴിയുകയുളളൂ. നീതിയിലും കാരുണ്യയിലും എച്ച്എല്‍എല്‍ ലൈഫ് കെയറിലും പണം നല്‍കണം. ഇത്തരത്തില്‍ രോഗികള്‍ പണം നല്‍കി അംഗീകൃത മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ ഈ തുക പദ്ധതിയനുസരിച്ച് തിരികെ ലഭിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ് പറയുന്നത്. ഒരിക്കല്‍ നീതി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങിയാല്‍ ഈ തുക കിട്ടണമെങ്കില്‍ വീണ്ടും നീതിയുടെ പ്രത്യേക കൗണ്ടറില്‍ നിന്ന് സൗജന്യമായി മരുന്ന് വാങ്ങി കാരുണ്യയില്‍ ഏല്‍പ്പിക്കണം. കൂടെ ആദ്യം വാങ്ങിയ ബില്ലും നല്‍കണമെന്നതാണ്  നിലവിലുളള രീതി. ഇതേ സാഹചര്യത്തില്‍  ഡോക്ടര്‍ ഒന്നിലധികം മരുന്നുകള്‍ കുറിക്കുകയാണെങ്കില്‍ അവയൊക്കെ ഓരോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മാത്രമേ ലഭിക്കുകയുളളൂവെന്നതാണ്. കൂടിയ വിലയും ഇവയ്ക്ക് നല്‍കേണ്ടിവരും. ഓരോ മെഡിക്കല്‍ സ്‌റ്റോറിലേയ്ക്കും  ഡോക്ടറുടെ കുറിപ്പ് ഓരോ പ്രാവശ്യവും ഫോട്ടോ കോപ്പിയെടുത്ത് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറില്‍ ചെന്ന് പകര്‍പ്പില്‍ സീല്‍ ചെയ്യണമെന്നതാണ് വ്യവസ്ഥ. ഇത് മരുന്നിനായി പോകുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. അധികൃതരുടെ അശാസ്ത്രീയമായ  ഇത്തരം വ്യവസ്ഥകളില്‍ രോഗികള്‍ക്ക് കൃത്യമായി  മരുന്ന് എത്തിക്കാന്‍ കഴിയുന്നില്ല. ഇതോടെ  രോഗിയുടെ ചികിത്സയും വൈകുന്നു. ആശുപത്രി  അധികൃതരും മരുന്ന് കമ്പനികളും അംഗീകൃത മെഡിക്കല്‍ ഷോപ്പ് അധികൃതരും തമ്മിലുളള ഒത്തുകളിയാണ് മരുന്നുകളുടെ വിഭജനമെന്നാണ് സുചന. പുറത്തെ  മെഡിക്കല്‍ ഷോപ്പുകളില്‍ ഒരേ പോലെ മരുന്ന് കച്ചവടം നടക്കേണ്ട വിധത്തിലാണ് ചിട്ടവട്ടങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.  അതേസമയം ആശുപത്രി ഫാര്‍മസിയിലുളള മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.