പോലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി പൊതുസ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ പരാതി നല്‍കിയ ആളെ വണ്ടി കയറ്റി കൊല്ലാന്‍ ശ്രമം

Monday 19 December 2016 1:32 am IST

ഇരിട്ടി: പൊതുസ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിന്റെ പേരില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയ ആളെ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമം. ഇതിനെതിരെ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതി. പെരുവംപറമ്പ് സ്വദേശി ബാണത്തുംകണ്ടി ടി.കെ.അബ്ദുള്‍ജലീലാണ് ഇതേ സ്ഥലത്തെ നാരോന്‍ ഹംസക്കെതിരെ പൊതുസ്ഥലം കയ്യേറിയതായി കാണിച്ച് പായം പഞ്ചായത്തിലും തുടര്‍ന്ന് പരാതി നല്‍കിയതിന്റെ പേരില്‍ വാഹനം കയറ്റി കൊല്ലാന്‍ശ്രമിച്ചതായി കാണിച്ച് ഇരിട്ടി പോലീസിലും പരാതി നല്‍കിയിരിക്കുന്നത്. ഇരിട്ടി തളിപ്പറമ്പ് റോഡില്‍ പെരുവംപറമ്പ് മുസ്ലീം പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അബ്ദുള്‍ ജലീലിനു പലചരക്ക് കടയുണ്ട്. എന്നാല്‍ ഇതേ കെട്ടിടത്തിനു സമീപം നാരോന്‍ ഹംസ നിര്‍മ്മിച്ച കെട്ടിടം പൊതുസ്ഥലം കയ്യേറി എല്ലാ ചട്ടങ്ങളും ലഘിച്ചാണെന്നു ജലീല്‍ പായം പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രകാരം ചീഫ് ടൗണ്‍പ്ലാനര്‍ സ്ഥലത്തെത്തുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്തു. റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയെങ്കിലും ഒരു നടപടിയും ഉണ്ടാവാഞ്ഞതിനെത്തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം എന്ത് നടപടിയെടുത്തു എന്ന് പഞ്ചായത്തിനോടാരാഞ്ഞു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്ഥലം കയ്യേറി നിയമം ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ ഹംസക്ക് നോട്ടീസ് നല്‍കി. ഇതാണ് തന്നെ വാഹനം കയറ്റി അപായപ്പെടുത്താന്‍ ഹംസയെ പ്രേരിപ്പിച്ചതെന്ന് ജലീല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി 8 മണിയോടെ കടയുടെ മുന്‍വശം വൃത്തിയാക്കുന്നതിനിടയില്‍ അതിവേഗതയില്‍ ഓടിച്ചു വന്ന ക്വാളിസ് വാഹനം കൊണ്ട് തന്നെ ഇടിച്ചിടാനായിരുന്നു ഹംസയുടെ ശ്രമം. പെട്ടെന്ന് ഓടിമാറിയതിനാലാണ് താന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. കടയില്‍ ഈ സമയത്ത് എത്തിയ രണ്ടു പേര്‍ ഇതിനു ദൃക്ഷാക്ഷികള്‍ ആയിരുന്നു. ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഹംസയെ പിടികൂടാന്‍ പോലീസ് മിനക്കെട്ടില്ല. പോലീസ് പോയി അരമണിക്കൂറിനു ശേഷം വീണ്ടും എത്തിയ പ്രതി ജലീല്‍ 'പെരുവംപറമ്പില്‍ നിന്നും അധികം വിലസണ്ട. നിന്നെ വണ്ടി കയറ്റി കൊന്നാലും ഒന്നുമില്ല' എന്ന് പറഞ്ഞു ഭീഷണി മുഴക്കിയതായും ഇരിട്ടി എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും ചില സ്വാധീനങ്ങളില്‍ വഴങ്ങി ഇരിട്ടി പോലീസ് ഹംസക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണു അബ്ദുള്‍ ജലീലിന്റെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.