കുന്നത്തൂര്‍പ്പാടിയില്‍ ഉത്സവം തുടങ്ങി; വന്‍ ഭക്തജനത്തിരക്ക്

Monday 19 December 2016 1:43 am IST

പയ്യാവൂര്‍: കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. കൊടുംതണുപ്പില്‍ കുന്നത്തൂര്‍ മലയില്‍ മുത്തപ്പദര്‍ശനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു. മുത്തപ്പന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളായ പുതിയമുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ ആദ്യദിവസം ഉണ്ടായി. ആദ്യദിവസം മാത്രമേ മുത്തപ്പന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങള്‍ കെട്ടിയാടുകയുള്ളൂ. ജനുവരി 15 വരെയുള്ള ദിവസങ്ങളില്‍ തിരുവപ്പനയും വെള്ളാട്ടവും ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും ഉണ്ടായിരിക്കും. ഐതിഹ്യപ്രകാരം ഭഗവാന്‍ മുത്തപ്പന്റെ അതീവ പ്രാധാന്യമുള്ളതും പുരാതനവുമായ പുണ്യ സങ്കേതമാണ് കുന്നത്തൂര്‍പാടി. ദക്ഷിണ കേരളത്തിന് ശബരിമലയെന്ന പോലെയാണ് ഉത്തര കേരളത്തിന് കുന്നത്തൂര്‍പാടി. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂര്‍പാടി സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ അന്തരീക്ഷമാണ് കുന്നത്തൂര്‍ പാടിയിലേത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പന്‍ അരുളപ്പാടുണ്ടത്രേ. താഴേ നിന്നും പടവുകള്‍ കയറിയെത്തുന്ന തുറസ്സായ സ്ഥലവും ഇതിനോടു ചേര്‍ന്നുള്ള ഗുഹയുമാണ് ഇവിടെയുള്ളത്. ചുറ്റും നിബിഡ വനമല്ലാതെ കെട്ടിടങ്ങളൊന്നും ഇവിടെയില്ല. ഉല്‍സവകാലത്ത് ഗുഹയോടു ചേര്‍ന്ന് താത്കാലിക മഠപ്പുര കെട്ടിയുണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവില്‍. മഠപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.