തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്വീകാര്യതയേറുന്നു. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനൊപ്പം മൊബൈല്‍ ആപ്പും തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകമാവുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ നിരവധി വിവരങ്ങള്‍ പുതിയ മൊബൈല്‍ ആപ് വഴി ലഭിക്കും.
സന്നിധാനത്ത് ദര്‍ശനത്തിനായി വേണ്ടിവരുന്ന കാത്തിരിപ്പു സമയം, പമ്പയിലെ വിവിധ പാര്‍ക്കിങ് സ്ഥലങ്ങളില്‍ തല്‍സമയമുള്ള ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ്പ് എന്നിവയും പുതിയ മൊബൈല്‍ ആപ്പില്‍ ലഭിക്കും. അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം.
ശബരിമലയിലെ ഓരോ ദിവസത്തെയും പ്രധാന ചടങ്ങുകള്‍, പ്രധാന ഫോണ്‍ നമ്പരുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, പത്രക്കുറിപ്പുകള്‍ എന്നിവയും ലഭിക്കും. കാണാതാവുന്ന ആളുകളുടെയും വസ്തുക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി പോലീസിനെ അറിയിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. എല്ലാ പ്രധാന ദക്ഷിണേന്ത്യന്‍ ഭാഷകളിലും പൊതുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും അപ്പിന്റെ സവിശേഷതയാണ്. വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ് http://goo.gl/ACPV7C ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: