ഷൂട്ടൗട്ടില്‍ കൊല്‍ക്കത്ത

Monday 19 December 2016 4:58 am IST

  കൊച്ചി: മഞ്ഞക്കടലായി മാറിയ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഐഎസ്എല്‍ മൂന്നാം എഡിഷന്‍ ഫൈനലില്‍ കിരീടം അത്‌ലറ്റികോ കൊല്‍ക്കത്തക്ക്. ഒരിക്കല്‍ പോലും ഫൈനലിന്റെ നിലവാരത്തിലേക്കുയരാതെ പോയ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടിനൊടുവിലാണ് ബംഗാള്‍ കടുവ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നു വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ കൊല്‍ക്കത്ത രണ്ടാം കിരീടം നെഞ്ചോടു ചേര്‍ത്തു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു കൊല്‍ക്കത്തയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്ത് ബ്ലാസ്‌റ്റേഴ്‌സിനായി 37-ാം മിനിറ്റില്‍ മുഹമ്മദ് റാഫിയും 44-ാം മിനിറ്റില്‍ കൊല്‍ക്കത്തക്കായി ഹെന്റിക്വെ ഫോ ണ്‍സെകയും ഗോള്‍ നേടി. രണ്ട് ടീമുകളും പ്രതിരോധത്തിന് ഊന്നല്‍ കൊടുത്ത് കളിച്ചതോടെയാണ് കളി പലപ്പോഴും വിരസമായിത്തീര്‍ന്നത്. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഷോട്ടെടുത്ത അന്റോണിയോ ജര്‍മ്മന്‍ അനായാസം പന്ത് വലയിലെത്തിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് ഗ്രഹാം സ്റ്റാക്ക് വലത്തോട്ട് ഡൈവ് ചെയ്ത് തടുത്തിട്ടു. രണ്ടാം കിക്ക് എടുത്ത ബെല്‍ഫോര്‍ട്ടും ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നില്‍. തുടര്‍ന്ന് കൊല്‍ക്കത്തക്കായി സമീഗ് ദൗതി എടുത്ത കിക്കും വലയില്‍ കയറിയപ്പോള്‍ ഗോള്‍നില 2-1. തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ എല്‍ഹാദ്ജി നോയെയുടെ കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നപ്പോള്‍ ബോര്‍ജ ഫെര്‍ണാണ്ടസിന് ലക്ഷ്യം തെറ്റാതിരുന്നതോടെ ഗോള്‍ നില 2-2. മുഹമ്മദ് റഫീഖ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടപ്പോള്‍ കൊല്‍ക്കത്തയുടെ ജാവി ലാറയ്ക്കും പിഴച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിനായി നാലാം കിക്കെടുത്ത സെഡ്രിങ് ഹെങ്ബര്‍ട്ടിന്റെ ഷോട്ട് കൊല്‍ക്കത്ത ഗോളി തടുത്തിട്ടപ്പോള്‍ കൊല്‍ക്കത്തയുടെ ജുവല്‍ രാജയുടെ ഷോട്ട് വലയില്‍ കയറി. ഇതോടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ചാമ്പ്യന്മാരായി. കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിയത്. ഗോള്‍കീപ്പര്‍ സന്ദീപ്‌നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്ക് മൈതാനത്തെത്തി. ദിദിയര്‍ കാഡിയോക്ക് പകരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും കളത്തിലെത്തി. സസ്‌പെന്‍ഷനിലായ ഹോസുവിന് പകരം ഇഷ്ഫഖ് അഹമ്മദ് ലെഫ്റ്റ് വിങ്ങ് ബാക്കായി കളത്തിലെത്തി. ഡക്കന്‍സ് നാസണെ സ്‌ട്രൈക്കറാക്കിയും തൊട്ടുപിന്നില്‍ റാഫിയെയും വിന്യസിച്ചാണ് സ്റ്റീവ് കൊപ്പല്‍ ടീമിനെ കളിക്കളത്തില്‍ അണിനിരത്തിയത്. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് അവസരങ്ങളാണ് നഷ്ടമാക്കിയത്. ആദ്യമിനിറ്റില്‍ തന്നെ വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ശേഷം ബോക്‌സിലേക്ക് വിനീത് നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ ആരുമുണ്ടായില്ല. തൊട്ടുപിന്നാലെ ഇടതുവിങ്ങില്‍ കൂടി നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും നാസണ് ലക്ഷ്യം കാണുന്നതില്‍ പിഴച്ചു. മൂന്നാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. അഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ആദ്യ മുന്നേറ്റം. ഇയാന്‍ ഹ്യും നടത്തിയ മുന്നേറ്റം നേരെ ഗോളി ഗ്രഹാം സ്റ്റാക്കിന്റെ കൈകളില്‍ അവസാനിച്ചു. 10-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് നല്‍കിയ അളന്നുമുറിച്ച പാസ് മുഹമ്മദ് റാഫി നഷ്ടപ്പെടുത്തി. 14-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. തൊട്ടുപിന്നാലെ ഗ്രഹാം സ്റ്റാക്ക് നല്ലൊരു രക്ഷപ്പെടുത്തലിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി. പിന്നീട്‌ഹെങ്ബര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെടുത്തി. 25-ാം മിനിറ്റില്‍ റഫറി ആദ്യ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. കൊല്‍ക്കത്തയുടെ ബോര്‍ജ ഫെര്‍ണാണ്ടസാണ് ബുക്കിങ്ങ് വാങ്ങിയത്. പിന്നീട് 31-ാം മിനിറ്റില്‍ സമീഗ് ദൗതി നല്‍കിയ നല്ലൊരു പാസ് ഹ്യൂമിന് ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞില്ല. 34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ആദ്യമാറ്റം വരുത്തി. പരിക്കേറ്റ പ്രതിരോധനിരയിലെ കാളക്കൂറ്റന്‍ ആരോണ്‍ ഹ്യൂസ് കളത്തില്‍ നിന്ന് പിന്‍വലിഞ്ഞു. പകരം ഇറങ്ങിയത് എല്‍ഹാദി നോയേ. 37-ാം മിനിറ്റില്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. മെഹ്താബ് ഹുസൈന്‍ എടുത്ത ഒരു കോര്‍ണര്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി കൊല്‍ക്കത്ത വല കുലുക്കി. 43-ാം മിനിറ്റില്‍ കീഗന്‍ പെരേരക്ക് പകരം പര്‍ബിര്‍ ദാസിനെ കൊല്‍ക്കത്ത കോച്ച് മൊളീന്യോ കളത്തിലിറക്കി. തൊട്ടുപിന്നാലെകൊല്‍ക്കത്ത സമനില നേടി. സമീഗ് ദൗതി എടുത്ത കോര്‍ണര്‍ കിക്ക് ഹെന്റിക്വെ ഫോണ്‍സെക നല്ലൊരു ഹെഡ്ഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗ്രഹാം സ്റ്റാക്കിന് അനങ്ങാന്‍ പോലുമായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.