കാനനപാത വഴി വരുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം: പ്രയാര്‍

Monday 19 December 2016 5:22 am IST

ശബരിമല: അതികഠിനമായ പരമ്പരാഗത കാനനപാത വഴി അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയോ പ്രത്യേക ക്യൂവഴിയോ പതിനെട്ടാംപടിയിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എരുമേലിയില്‍ നിന്ന് അഴുത-മുക്കുഴി-കരിമല-വലിയാനവട്ടം വഴി പമ്പയിലേക്കുള്ള യാത്രയുടെ കാഠിന്യം നേരിട്ട് മനസ്സിലാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരിമലവഴി 33 കിലോമീറ്റര്‍ പാത താണ്ടിവരുന്ന അയ്യപ്പന്മാര്‍ക്ക് കരിമല മുകളില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. ഇവരെ വെര്‍ച്വല്‍ ക്യൂവിലൂടെയോ പ്രത്യേക ക്യൂ സംവിധാനത്തിലൂടെയോ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കും. ദേവസ്വംബോര്‍ഡും വനംവകുപ്പും പോലീസും ചേര്‍ന്നുള്ള ഒരു ഉന്നതാധികാര സമിതിയെ ഇതിനായി ചുമതലപ്പെടുത്തും. ആദ്യമായാണ് ഒരു ദേവസ്വം പ്രസിഡന്റ് കരിമല വഴി നടന്നു കയറിയത്. ഇവിടെ അന്നദാനം നടത്തിയിരുന്ന ഗുരുമൂര്‍ത്തിക്ക് വനംവകുപ്പുമായി ബന്ധപ്പെട്ട് ശുദ്ധജലം പ്രത്യേക പൈപ്പുവഴി ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത് ഗുരുമൂര്‍ത്തി അനുസ്മരിച്ചു. രണ്ടുദിവസം മുമ്പ് ഗുരുമൂര്‍ത്തി ചെട്ടിയാര്‍ ഫോണില്‍ വിളിച്ച് കരിമല ടോപ്പില്‍ വെള്ളം ലഭിക്കാത്തതിനാല്‍ അഞ്ചു ദിവസമായി അന്നദാനം മുടങ്ങിയതായി അറിയിച്ചിരുന്നു. ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍പോറ്റിയും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കരിമലമുകളില്‍ മഴ കുറഞ്ഞതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. തമിഴ്‌നാട്ടില്‍നിന്നു ഗുരുമൂര്‍ത്തി സ്വാമി ഏര്‍പ്പെടുത്തിയ പണിക്കാര്‍ കിണറിനുള്ളില്‍ പാറ പൊട്ടിച്ച് ജലസ്രോതസ്സ് തേടുന്നുണ്ട്. എങ്കിലും ഇത് വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം കരിമലടോപ്പിന് ഒന്നര കിലോമീറ്റര്‍ താഴെയുള്ള ഉറവയില്‍നിന്ന് വലിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ വെള്ളം സംഭരിച്ച് രണ്ടുസ്ഥലത്തായി മോട്ടോര്‍ സ്ഥാപിച്ച് കരിമലയില്‍ വെള്ളം എത്തിക്കാന്‍ ദേവസ്വം ചീഫ് എഞ്ചിനീയറും വനംവകുപ്പ് ഉദ്യോഗസ്ഥരും ശ്രമം ആരംഭിച്ചിട്ടുണ്ട്. വന സംരക്ഷണസമിതി, എക്കോ ഡവലപ്‌മെന്റ് സൊസൈറ്റി എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത കടകളില്‍ കുടിവെള്ളം ലഭിക്കുന്നത് ഭക്തര്‍ക്ക് ആശ്വാസമാകുന്നു. കോയിക്കക്കാവില്‍ വനം തുടങ്ങുന്നിടത്തു സ്ഥാപിച്ച ഓക്‌സിജന്‍ പാര്‍ലര്‍ വനത്തിലെ കയറ്റഭാഗത്തേക്ക് മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിച്ചു. ഇഞ്ചിപ്പാറ, മുക്കുഴി എന്നീ വഴികളില്‍ വെളിച്ചമില്ല. അവിടെ പോക്കറ്റടി നിത്യസംഭവമാണ്. ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ ഏഴിന് കാനനപാതയിലൂടെ പുറപ്പെട്ട യാത്ര ഏറെ വൈകി വൈകുന്നേരത്തോടെയാണ് അദ്ദേഹം പൂര്‍ത്തിയാക്കി മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.