അനിശ്ചിതകാല ക്വാറി പണിമുടക്ക് ഇന്ന് മുതല്‍; നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

Monday 19 December 2016 10:45 am IST

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ഭൂമികളില്‍ 24 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ അടച്ചുപൂട്ടാന്‍ നീക്കമെന്നാരോപിച്ച് ചെറുകിട കരിങ്കല്‍ ക്വാറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്റ്റാറ്റിയൂട്ടറി അതോററ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പെര്‍മിറ്റ് ക്വാറികളുടെ സംരക്ഷണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് നിയമസംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ (പെര്‍മിറ്റ് വിഭാഗം) നേതൃത്വത്തിലാണ് പണിമുടക്ക്. വന്‍കിട ക്വാറികളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തിയാവും പണിമുടക്കെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍ കെ അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി എം കെ ബാബുവും അറിയിച്ചു. സുപ്രീംകോടതിയ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 95 ശതമാനം കരിങ്കല്‍ ക്വാറികളും അടച്ചുപൂട്ടുമെന്ന അവസ്ഥയാണ്. കോടതി വിധി പൂര്‍ണമായും നടപ്പാക്കുന്നതോടെ കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വില കുതിച്ചുയരും. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടുകയും പരിസ്ഥിതി ദുര്‍ബല പ്രദേശത്തും വനാതിര്‍ത്തിയിലും എല്‍ എ പട്ടയഭൂമിയിലും നിയമവിരുദ്ധമായ് പ്രവര്‍ത്തിക്കുന്നവ ലോബികള്‍ക്ക് ഖനനത്തിന്റെ കുത്തക അവകാശം തരപ്പെടുത്തിയെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 2,600 ഓളം വരുന്ന ക്വാറികളില്‍ നൂറോളം എണ്ണത്തിന് മാത്രമേ പാരിസ്ഥിതിക അനുമതിയുള്ളൂ. പെര്‍മിറ്റ് ക്വാറികള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുകയും വില കുതിച്ചുയരുകയും ചെയ്യും. നിര്‍മ്മാണ മേഖലക്ക് ഇത് ഇരുട്ടടിയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.