സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Monday 19 December 2016 10:55 am IST

പന്തീരാങ്കാവ്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമീണ വായനശാലക്കുള്ള ഇഎംഎസ് പുരസ്‌കാരം പയ്യടിമേത്തല്‍ പുത്തൂര്‍ ദേശസവിനി വായനശാലയ്ക്ക് സമ്മാനിച്ചു. വായനശാലയ്ക്കു സമീപം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വായനശാല ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം ടി.പത്മനാഭനും പി.എന്‍ പണിക്കര്‍ പുരസ്‌കാരം വി.കെ. ബാലനും സമ്മാനിച്ചു. ഡിസി പുരസ്‌കാരം എറണാകുളം കക്കാട്ടൂര്‍ പബ്ലിക് ലൈബ്രറിക്കും എന്‍.ഇ. ബലറാം പുരസ്‌കാരം ചെക്കിക്കുളം കൃഷ്ണന്‍ പിള്ള സ്മാരകവായനശാലയ്ക്കും, പി. രവീന്ദ്രന്‍ പുരസ്‌കാരം കണ്ണൂര്‍ ചെങ്ങളായി ഗ്രാമയോജന വായനശാലയ്ക്കും സമാധാനം പരമേശ്വരന്‍ പുരസ്‌കാരം കോട്ടയം സചിവോത്തമ യുവരശ്മി ലൈബ്രറിക്കും മുഖ്യമന്ത്രി സമ്മാനിച്ചു. എം.കെ. രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത എന്നിവര്‍ ആശംസനേര്‍ന്നു. ടി. പത്മനാഭനും വി.കെ. ബാലനും മറുപടി പ്രസംഗം നടത്തി. പുരസ്‌കാര സമിതി കണ്‍വീനര്‍ കീഴാറ്റൂര്‍ അനിയന്‍ പുരസ്‌കാരം ജേതാക്കളെ പരിചയപ്പെടുത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.