നഗരത്തില്‍ 1000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍: മന്ത്രി

Monday 19 December 2016 10:55 am IST

കോഴിക്കോട്: തിരുവനന്തപുരം - കാസര്‍കോട് ദേശീയ പാത നാലു വരിയാക്കുന്നത് ഉള്‍പ്പെടെ 70,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരന്‍ പറഞ്ഞു. പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ഈ തുക. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക വകയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നഗര റോഡ് വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ 500 കോടി രൂപ പദ്ധതികള്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടക്കുക. 400 കോടി രൂപയുടെ വികസനവുമായി ബന്ധപ്പെട്ട് എ. പ്രദീപ്കുമാര്‍ എംഎല്‍എയുമായി ഇക്കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. പന്നിയങ്കര മേല്‍പ്പാലത്തിന് മുന്‍ പിഡബ്ല്യുഡി വകുപ്പ് മന്ത്രിയുടെ പേര് നല്‍കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഉദ്ഘാടനത്തോടനുബന്ധിച്ച പൊതു സമ്മേളനം നടന്ന സുമംഗലി കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. ഘോഷയാത്രയായാണ് നാട്ടുകാര്‍ ഇവിടേയ്‌ക്കെത്തിയത്. വികസന പദ്ധതികള്‍ക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്താല്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും വേഗത്തിലാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഡോ.ഇ.ശ്രീധരന്‍ പറഞ്ഞു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍ , മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, നഗരസഭാ കൗണ്‍സിലര്‍ പി. അനിത തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഎംആര്‍സി ജനറല്‍ മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍ നന്ദിയും പറഞ്ഞു. എ.ബി. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പാലത്തിന് അനുമതി നല്‍കിയത്. ഒ.രാജഗോപാല്‍ എംപിയും, റെയില്‍വേസഹമന്ത്രിയും ആയിരിക്കുമ്പോഴാണ് പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപി പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇത് കനത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഡോ.എം.കെ. മുനീര്‍ എംഎല്‍എയെ തരംതാഴ്ത്തിയെന്നാരോപിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച പാലത്തിന്റെ ജനകീയ ഉദ്ഘാടനവും നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.