പ്രമുഖ താരങ്ങള്‍ അണിനിരക്കും ജെ.സി.ഡാനിയല്‍ പുരസ്കാര സമര്‍പ്പണം ഇന്ന്‌

Monday 23 April 2012 11:06 pm IST

കൊച്ചി: ചലച്ചിത്രതാരം ജോസ്പ്രകാശിനുള്ള ജെ.സി.ഡാനിയല്‍ പുരസ്കാരം ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ എറണാകുളം ഫൈന്‍ ആര്‍ട്സ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫ്‌ പുരസ്കാരം ഏറ്റുവാങ്ങും. സിനിമാ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ അധ്യക്ഷത വഹിക്കും. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ്‌ ജോസ്പ്രകാശ്‌ അനുസ്മരണം നടത്തും. ജെ.സി.ഡാനിയല്‍ അവാര്‍ഡ്‌ സമിതി ചെയര്‍മാന്‍ ശശികുമാര്‍, മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എംഎല്‍എ, ജോസ്‌ പ്രകാശിന്റെ സഹപ്രവര്‍ത്തകര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍പീറ്റര്‍, അക്കാദമി സെക്രട്ടറി കെ.മനോജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാള സിനിമയില്‍ പ്രതിനായക സങ്കല്‍പത്തിന്‌ പതിറ്റാണ്ടുകളോളം രൂപവും ഭാവവും പകര്‍ന്ന ജോസ്‌ പ്രകാശ്‌ മാര്‍ച്ച്‌ 24-നാണ്‌ കൊച്ചിയില്‍ അന്തരിച്ചത്‌. നാടകത്തിനും സിനിമയ്ക്കും നല്‍കിയ മികച്ച സംഭാവനയ്ക്കാണ്‌ ജെ.സി.ഡാനിയല്‍ പുരസ്കാരം പ്രഖ്യാപിച്ചത്‌. 24-ന്‌ ആശുപത്രിയിലെത്തി പുരസ്കാരം കൈമാറാനിരിക്കേയായിരുന്നു ആ അതുല്യ പ്രതിഭയുടെ വിടവാങ്ങല്‍. പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.