പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കു മാറ്റിയത്‌ കവര്‍ച്ചക്കാര്‍ക്ക്‌ സഹായകം

Friday 8 July 2011 11:26 pm IST

കോട്ടയം: കോട്ടയത്തെ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കാക്കിയത്‌ മുതല്‍ കവര്‍ച്ചാ സംഘങ്ങള്‍ കോട്ടയം നഗരത്തില്‍ പിടി മുറുക്കിയിരിക്കുന്നു. കൂടുതല്‍ മോഷണങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാനക്കാരും. രാജേഷ്‌ മെറ്റല്‍സിണ്റ്റെ കടയില്‍ വസ്ത്രത്തില്‍ മാലിന്യം തേച്ച്‌ നടത്തിയ കവര്‍ച്ച, ആഭരണക്കടയുടെ ഭിത്തിതുരന്നുള്ള മോഷണം, പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആഭരണക്കടയില്‍ നടന്ന മോഷണം ഇങ്ങനെ നിരവധി ആസൂത്രിതമായ കവര്‍ച്ചകളാണ്‌ കോട്ടയം നഗരത്തില്‍ അരങ്ങേറിയത്‌. ഇതില്‍ത്തന്നെ പല കേസുകളും തെളിയിക്കപ്പെടാനാകാതെ കിടക്കുന്നു. ഇപ്പോള്‍ ഇതാ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി കുന്നത്തുകളത്തില്‍ ജൂവലറിയില്‍ നടന്ന പകല്‍ക്കൊള്ളയും. ഈ കവര്‍ച്ചയിലെ പ്രതിയെയും തൊണ്ടിമുതലും കണ്ടെത്താന്‍ കഴിഞ്ഞത്‌ മേടയില്‍ ഷിജോയെന്ന കുമരകം സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അന്വേഷണാത്മകതയും സന്‍മനസും കൊണ്ടാണ്‌. കോട്ടയം നഗരത്തിണ്റ്റെ സമ്പന്നതയും വ്യാപാര സ്ഥാപനങ്ങളിലെ സെക്യൂരിറ്റി സംവിധാനങ്ങളിലുള്ള പോരായ്മയും അന്യസംസ്ഥാന കവര്‍ച്ചക്കാരെ കോട്ടയം നഗരത്തിലേക്കാകര്‍ഷിക്കുന്നു. പട്ടാപ്പകല്‍ നടക്കുന്ന പകല്‍ക്കൊള്ളകള്‍ അരങ്ങേറുന്നതിണ്റ്റെ പ്രധാന കാരണങ്ങളിലൊന്ന്‌ നഗരത്തിലെ തിരുനക്കര പ്രൈവറ്റ്‌ ബസ്സ്റ്റാന്‍ഡിണ്റ്റെ തെക്കുവശത്തായി എല്ലാ സൌകര്യങ്ങളോടുംകൂടി സജീവമായി പ്രവര്‍ത്തിച്ചിരുന്ന വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി കോടിമതയിലേക്കു മാറ്റിയതാണ്‌. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരെയും പകല്‍ക്കൊള്ളക്കാരെയും മയക്കുമരുന്ന്‌, കഞ്ചാവ്‌ മാഫിയകളെയും ഗുണ്ടാവിളയാട്ടത്തെയും നേരിടാന്‍ ആകെയുള്ള സംവിധാനം തിരുനക്കര സ്റ്റാന്‍ഡിനുള്ളിലെ പോലീസ്‌ എയ്ഡ്പോസ്റ്റ്‌ മാത്രമാണ്‌. രാത്രി ൬മണിയോടെ ഇതും പ്രവര്‍ത്തനരഹിതമാകും. ഇത്‌ കവര്‍ച്ചക്കാര്‍ക്കും മാഫിയകള്‍ക്കും സഹായകമായി മാറുന്നു. ഈ നിലയ്ക്കു മാറ്റം വരുത്തേണ്ടത്‌ കോട്ടയം നഗരത്തിണ്റ്റെ സുരക്ഷിതത്വത്തിന്‌ അനിവാര്യമാണ്‌. നഗരസുരക്ഷ ഉറപ്പുവരുത്തുന്നതിലേക്ക്‌ വേണ്ടുന്ന നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ കഴിഞ്ഞദിവസം നഗരത്തെ ഞെട്ടിച്ചതുപോലുള്ള പകല്‍ക്കൊള്ളയ്ക്ക്‌ ഇനിയും നഗരം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.