ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു: കുമ്മനം

Monday 19 December 2016 6:41 pm IST

നാട്ടകം പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി അവിനാശിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുന്നു. അവിനാശിന്റെ അമ്മ, ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ സമീപം

തൃശൂര്‍: നാട്ടകം പോളിടെക്‌നിക്കില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദളിത് വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു. റാഗിങ്ങിനിടെ വിഷം കുടിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടിട്ടും തെളിവുകള്‍ ശേഖരിക്കാനോ പ്രതികളെ പിടിക്കാനോ പോലീസ് തയ്യാറായിട്ടില്ല. കീഴടങ്ങിയ ചില പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ഉണ്ടായത്. ശരിയായി അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

പട്ടികജാതി പിന്നോക്കവിഭാഗങ്ങള്‍ക്കുനേരെ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരം പാറശാലയില്‍ അനില്‍കുമാര്‍ എന്ന ദളിത് യുവാവ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. കൊല്ലം ജില്ലയില്‍ നാലിലേറെ അക്രമങ്ങളുണ്ടായി. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ രണ്ട് യുവാക്കള്‍ പത്തു ദിവസത്തോളം ചികിത്സയിലായിരുന്നു. കുണ്ടറയിലും ദളിത് വിഭാഗത്തില്‍പ്പെട്ട കുടുംബം പീഡനത്തിനിരയായി. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരില്‍ പോലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചവര്‍ കേരളത്തിലെ ദളിത് പീഡനങ്ങള്‍ തമസ്‌കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

കോട്ടയത്ത് ബിജെപി ജില്ലാ പ്രസിഡന്റ് വരെ ആക്രമിക്കപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയം അംഗീകരിക്കാത്തവരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് സിപിഎം. പോലീസ് കൂട്ടുനില്‍ക്കുന്നു. പട്ടികജാതി പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി കമ്മീഷനും ഇടപെടണം.

തൃശൂരിലുണ്ടായിട്ടും പിണറായി വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാനോ ബന്ധുക്കളെ കാണാനോ തയ്യാറായില്ല. ഇത് അപലപനീയമാണ്. കുമ്മനം പറഞ്ഞുഅവിനാശിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ദേശീയഗാന വിവാദത്തെ വര്‍ഗീയവത്കരിക്കാനും മുതലെടുക്കാനും ശ്രമം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രി തന്നെ കമാലുദ്ദീന്‍ എന്ന പേര് വര്‍ഗ്ഗീയമാണെന്ന് അഭിപ്രായപ്പെട്ടു. പ്രശ്‌നത്തെ വര്‍ഗ്ഗീയവത്കരിക്കാനും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുമാണ് ഈ വെളിപ്പെടുത്തല്‍ .

ചലച്ചിത്ര മേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാണിച്ചവരെ അറസ്റ്റ് ചെയ്തത് പിണറായിയുടെ പോലീസാണ്. അറസ്റ്റ് ശരിയായില്ലെന്ന് പറഞ്ഞത് കമല്‍ ഉള്‍പ്പെടെയുള്ളവരും. ഇതിനിടയില്‍ ആര്‍എസ്എസിനെയും ബിജെപിയേയും വലിച്ചിഴക്കുന്നത് വര്‍ഗ്ഗീയതയുടെ പേരില്‍ മുതലെടുപ്പിനാണെന്നും കുമ്മനം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനീഷ് കുമാര്‍, ഇ.എം.ചന്ദ്രന്‍, പി.ഗോപിനാഥ്, രഘുനാഥ് സി.മേനോന്‍, പ്രദീപ്കുമാര്‍ എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.