ജനറല്‍ ആശുപത്രിയില്‍ വികസനം വഴിമുട്ടി

Monday 19 December 2016 7:36 pm IST

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി. അറ്റകുറ്റപ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന് ആക്ഷേപം. ഭരണപ്രതിസന്ധി ഉടലെടുത്തതോടെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്. ജില്ല ഭരണകൂടത്തിന്റെ അധീനതയിലായിരുന്നു മുമ്പ് ആശുപത്രി മേല്‍നോട്ട ചുമതല. പിന്നീട് നഗരസഭക്ക് ആശുപത്രിയുടെ പൂര്‍ണ ചുമതല ആരോഗ്യവകുപ്പ് കൈമാറി. കൈമാറ്റം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നഗരസഭക്ക് നല്‍കാത്തത് അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ആശുപത്രിയിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. ട്രോമ കെയര്‍ യൂനിറ്റ്, ഒപി ബ്‌ളോക്ക് നവീകരണം, മതിയായ ആംബുലന്‍സുകളുടെ സേവനം, ഡയാലിസീസ് കേന്ദ്രം എന്നിവ പ്രതിസന്ധിയിലാണ്. ദേശിയപാതയോരത്തെ പ്രധാന ആശുപത്രിയാണ് ജനറല്‍ ആശുപത്രി. നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകിയതോടെ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് കണ്ടതോടെയാണ് 2.40കോടി രൂപ മുതല്‍ മുടക്കി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിലവാരത്തിലുള്ള പുതിയ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒരുസമയം ഏഴുപേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ട്രോമകെയര്‍ രൂപകല്‍പന ചെയ്തത്. ഇതോടൊപ്പം മേജര്‍,മൈനര്‍ ഓപറേഷന്‍ തിയറ്ററുകളോടുകൂടിയ വാര്‍ഡും ഈ നിര്‍ദിഷ്ട പ്രോജക്ടില്‍ ഉണ്ടായിരുന്നു. ട്രോമകെയര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 17 ഡോക്ടര്‍മാര്‍ അടക്കം 25 പേര്‍ വേണം. എന്നാല്‍, പദ്ധതി അംഗീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും പുരോഗതി ഉണ്ടായില്ല. പ്രധാനമായും സിവില്‍ വര്‍ക്കുകള്‍, ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയം എന്നിവയാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത്. പൊതുമരാമത്ത് വകുപ്പാണ് സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നത്. കൂടാതെ നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം അഴിമതി ആരോപണവും ഉയരുന്നുണ്ട്. ആശുപത്രി വികസന സമിതിയോ, ജില്ലാ ഭരണകൂടമോ, ജനപ്രതിനിധികളോ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ചില ജീവനക്കാരാണ് ഭരണം നടത്തുന്നത്. പണികള്‍ ചെയ്യിക്കുന്നതും, മേല്‍നോട്ടം വഹിക്കുന്നതും, പണം നല്‍കുന്നതും ഇവര്‍ തന്നെ, ആരും ചേദിക്കാനും നിയന്ത്രിക്കാനും ഇല്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മൂക്കിന് താഴെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.