ആലപ്പുഴ: എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവുണ്ടായിട്ടും പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാതെ റവന്യുവകുപ്പ്. ഇതോടെ റാങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായി. നിലവില്‍ ജില്ലയിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാത്തത്.
മറ്റു ജില്ലകളിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇതേ അവസ്ഥ ഉള്ളതായും ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടുന്നു. ആലപ്പുഴയില്‍ റവന്യുവകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റിന്റെ ആറ് ഒഴിവുകളാണ് ഉള്ളത്. എന്നാല്‍ ഒരൊഴിവ് മാത്രമാണ് ഇതുവരെ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനുപാതമനുസരിച്ചു ആലപ്പുഴയില്‍ റവന്യുവില്‍ ആകെ 53 ടൈപ്പിസ്റ്റ് തസ്തികയാണ് ഉള്ളത്.
ഇതില്‍ എല്‍ഡി ടൈപ്പിസ്റ്റ് 14ഉം, യുഡി ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷന് ഗ്രേഡ് ടൈപ്പിസ്റ്റ് എന്നിവ 13 വീതവും തസ്തികകളാണ് ഉള്ളത്. 10 എല്‍ഡി ടൈപ്പിസ്റ്റുകള്‍ യുഡി ആയി പ്രമോഷന് ലഭിച്ചെങ്കിലും ഇവരില്‍ ജൂനിയറായ രണ്ടുജീവനക്കാരെ മാത്രമാണ് മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റി നിയമിച്ചത്. എന്നാല്‍ ബാക്കിയുള്ളവരില്‍ ചിലരെ ആരുടെയൊക്കെയോ താത്പര്യത്തിനു ജില്ലയില്‍ തന്നെ തുടരാന്‍ അനുവദിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
വിഷയത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍. എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു മൂന്നുമാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂരിപക്ഷം ജില്ലകളിലും ഒരു നിയമനവും നടക്കാത്തതിലും ഉദ്യോഗാര്‍ഥികള്‍ക്കു ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: