സന്നിധാനത്ത് തിരക്കേറി

Monday 19 December 2016 7:48 pm IST

ശബരിമല; മണ്ഡലപൂജയ്ക്ക് ആറുദിവസം ശേഷിക്കെ സന്നിധാനത്ത് തിരക്കേറി. ഇന്നലെ നിര്‍മ്മാല്യ ദര്‍ശനത്തിന് നട തുറന്നപ്പോള്‍ വന്‍തിരക്കായിരുന്നു. പുല്ലുമേട് വഴി വരുന്ന തീര്‍ത്ഥാടകരെ കൊണ്ട് വലിയ നടപ്പന്തലിന്റെ ഒരുഭാഗത്തെ ബാരിക്കേഡ് നിറഞ്ഞപ്പോള്‍ മറുഭാഗത്തെ ബാരിക്കേഡ് പമ്പയില്‍നിന്നുള്ള തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു. മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡുവഴി കടന്നുവരാന്‍ പമ്പ കണ്‍ട്രോള്‍ റൂമില്‍നിന്നു നല്‍കുന്ന പാസ്സ് വിതരണം നിര്‍ത്തി. 6 മണിക്കൂര്‍ വരെ ക്യൂനിന്നാണ് ് പലര്‍ക്കും ദര്‍ശനം സാദ്ധ്യമായത്. എരുമേലിയില്‍നിന്ന് കരിമല വഴി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. എരുമേലിയില്‍ പേട്ട തുള്ളി കാളകെട്ടി, അഴുത, കല്ലിടാംകുന്ന് , ചെറിയനാവട്ടം, വലിയാനവട്ടം വഴിയാണ് യാത്ര. അന്യ സംസ്ഥാനക്കാരാണ് കൂടുതല്‍. വെള്ളാരം ചെറ്റ പുതുശ്ശേരി ഭാഗത്ത് മെഡിക്കല്‍ സെന്ററും കരിമലയുടെ കയറ്റഭാഗത്ത് ഓക്‌സിജന്‍ പാര്‍ലറും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം ആശുപത്രികളിലും, നീലിമല, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകളിലും കൂടുതല്‍ ഡോക്ടറന്മാരെ നിയോഗിച്ചു. മരുന്നുകളും എത്തിച്ചു. പമ്പയിലും നിലയ്ക്കലിലും അത്യാധുനിക സംവിധാനമുള്ള എഎല്‍എപ് ആംബുലന്‍സ് ക്രമീകരിച്ചു. സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡ് അന്നദാനം വിപുലപ്പെടുത്തി. തിരക്ക് കണക്കിലെടുത്ത് വഴിപാട് സാധനങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ട് ലക്ഷം കവര്‍ അപ്പവൂും 20 ലക്ഷം ടിന്‍ അരവണയും സ്റ്റോക്കുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.