കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസിലെ പ്രതികളായ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.
കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മനു(19), രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ ശരണ്‍(18), ജെറിന്(18), ജയപ്രകാശ്(18), റെയ്സണ്‍(18) എന്നിവരെയാണ് ഡിസംബര്‍ 31 വരെ റിമാന്‍ഡ് ചെയ്തത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിലാഷ്, നിധിന്, പ്രവീണ്‍ എന്നീ പ്രതികള്‍ ഒളിവിലാണ്.
പ്രതികള്‍ക്കെതിരെ ചിങ്ങവനം പോലീസ് റാഗിങ്, ദളിത്പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം, ചേരാനല്ലൂര്‍ പാലിയംതുരുത്ത് സ്വദേശി ഷൈജു ഡി. ഗോപി, തൃശൂര്‍ സ്വദേശി അവിനാശ് എന്നീ വിദ്യാര്‍ത്ഥികളാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ റാഗ് ചെയ്തതായി പരാതി നല്‍കിയത്.
ഇരുവരേയും നഗ്നരായി കഠിനമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ഇരുവരും. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: