ദര്‍ശന ചിന്തകള്‍, ലാവണ്യവഴികള്‍

Monday 19 December 2016 9:03 pm IST

കവി കവി, കാവ്യം, കാവ്യഹേതു, കാവ്യപ്രയോജനം എന്നിവയുടെ ദര്‍ശനപരമായ വിചിന്തനങ്ങള്‍ പൗരസ്ത്യ സാഹിത്യ മീമാംസയുടെ ആമുഖമായി സ്ഥാനംപിടിക്കുന്നുണ്ട്. സൂക്ഷ്മവും സുചിന്തിതവുമായ അവബോധത്തില്‍ അത് ഭാരതീയ ദര്‍ശന സംഹിതയുടെ ലക്ഷ്യലക്ഷണങ്ങളെ സ്വംശീകരിക്കുന്നു. 'കാവ്യം' എന്ന പദം 'സാഹിത്യം' എന്ന സംജ്ഞയുടെ പ്രാചീന ഭാരതീയ വ്യപദേശമാണ്. ശോകത്തില്‍നിന്ന് ശ്ലോകമുണ്ടാകുന്നുവെന്ന 'വികാര വിചിന്തനം' ആദി കവിയില്‍ നിന്നാരംഭിക്കുന്നു. വികാരാധിഷ്ഠിതമായ കാവ്യോല്‍പ്പത്തിയുടെ ചര്‍ച്ച 'വികാരവിരേചന'ത്തിലൂടെ തിടംവച്ച് 'വിശ്രാന്തി'യിലേക്ക് ഒഴുകിപ്പരക്കുന്നു. അരിസ്റ്റോട്ടിലിന്റെ 'വികാര സംശോധന'-കത്താര്‍സിസ് -മാനുഷികമൂല്യ സംബന്ധിയായ ഹൃദയചികിത്സയായാണ് ഗണിക്കപ്പെടുന്നത്. 'രസ'മെന്ന രസായനത്തെക്കുറിച്ചുള്ള വ്യവഹാര ചര്‍ച്ചയില്‍ കിഴക്കും പടിഞ്ഞാറും നിര്‍ണായകമായ സിദ്ധാന്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭാരതീയ രസജ്ഞാനത്തിന്റെ വ്യാഖ്യാനങ്ങളും വ്യാഖ്യാനഭേദങ്ങളും കലാദര്‍ശന ചരിത്രത്തിന്റെ ഊര്‍ജസംഭരണിയായി പരിണമിക്കുന്നു. സങ്കലനം ഉദ്ഗ്രഥനം സമന്വയം ആകലനം എന്നീ മാര്‍ഗബിന്ദുക്കളിലൂടെയാണ് സിദ്ധാന്തങ്ങളുടെ സഞ്ചാരം. 'നാനൃഷിഃ കവിരിത്യുക്ത- മൃഷിശ്ച കിലദര്‍ശനാത്' ഋഷിയല്ലാത്തവന്‍ കവിയല്ല. ദര്‍ശന ശക്തിയാണ് വ്യക്തിയെ കവിയാക്കുന്നത് എന്ന് ഭട്ടതൗതന്‍ പറയുന്നു. 'അന്തര്‍ജ്ഞാനം തന്നെ ആവിഷ്‌കരണം' എന്ന ക്രോച്ചെയുടെ നിരീക്ഷണ സമസ്യ ഇവിടെ ചേര്‍ത്ത് വായിക്കാം. 'കാവ്യം തന്നെ അമൃതം' എന്നാണ് കുന്തകന്റെ മതം. ബ്രഹ്മാനന്ദസദൃശമെന്നും ബ്രഹ്മാനന്ദ സോദരമെന്നും കാവ്യാനന്ദ ലഹരിയെ ഭാരതീയാചാര്യന്മാര്‍ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. ബൃഹദാരണ്യകോപനിഷത്ത് കവിയെ ബ്രഹ്മമാക്കുന്നു. 'ഈശാവാസ്യം' രസാസ്വാദനത്തെ ബ്രഹ്മാനന്ദ സോദരമായി ദര്‍ശിക്കുകയാണ്. താനറിയുന്നതും തന്നിലുദിക്കുന്നതുമായ ലോകം വാക്കായി മാറുമ്പോള്‍ കവിത പിറക്കുന്നു എന്ന മായികവാക്യം കാവ്യദര്‍ശനത്തിന് ഐതിഹാസികമാനം നല്‍കുകയായിരുന്നു. അപാരമായ കാവ്യസംസാരത്തില്‍ കവി ഏക പ്രജാപതിയാണെന്ന് കവിദര്‍ശനത്തെ മുന്‍നിര്‍ത്തി ധ്വന്യാലോകാചാര്യനായ ആനന്ദവര്‍ദ്ധനന്‍ നിരീക്ഷിക്കുന്നു. മഹര്‍ഷി അരവിന്ദനും ദര്‍ശനമാണ് കവിയുടെ അവശ്യസാമഗ്രിയായി ഗണിക്കുക. കവിതയെന്ന 'സ്വയംഭൂ'വിനെ ഭാരതീയത പൂജിക്കുന്നു. കവിത മന്ത്രം തന്നെയെന്നു അരവിന്ദവാക്യധ്വനിയുടെ അനുരണനം കാവ്യാത്മാവിന്റെ അനന്തസാധ്യതയുടെ വഴിയില്‍ മുഴങ്ങുന്നു. കവിത സത്യശിവസൗന്ദര്യം തന്നെയെന്ന് കണ്ടെത്തിയവരുണ്ട്. വിരക്തിയും നിസ്വാര്‍ത്ഥതയും കൈവരിച്ച യോഗാത്മക കവിത കവിതയുടെ ഉദാത്തതയെ വിളംബരം ചെയ്യുന്നു. 'ഹിരണ്മയ പാത്രംകൊണ്ട് മൂടിയ സത്യ'ത്തെ വെളിവാക്കുകയാണ് കാവ്യം. കാവ്യം കാവ്യം ധര്‍മനിഷ്ഠമായ പ്രാര്‍ത്ഥനയായി ഗണിച്ച് സാഹിത്യത്തിന്റെ മൂല്യപ്രഭാവത്തെ ഉണര്‍ത്തിയെടുക്കുകയാണ് പൗരസ്ത്യ മീമാംസ. ദര്‍ശനസമസ്യയില്‍ നിന്ന് അതീതത്വത്തിലേക്കുള്ള തീര്‍ത്ഥയാത്രയാണ് കവിത. ഭാമഹന്‍ (ക്രി. 750-850) ശബ്ദാര്‍ത്ഥങ്ങളുടെ സഹിതത്വമാണ് കാവ്യമെന്ന് നിര്‍വചിക്കുമ്പോള്‍ വാമനന്‍ (ക്രി. 770-840) 'കാവ്യം ഗ്രാഹ്യമലങ്കാരാത്' എന്ന് ചൊല്ലി അലങ്കാരസരണിയിലേക്ക് വിവിധ സൂചകങ്ങളിലൂടെ കാവ്യത്തെ ഇണക്കി നിര്‍ത്തുന്നു. അലങ്കാരമെന്നാല്‍ സൗന്ദര്യം തന്നെയെന്ന് ആചാര്യന്‍ വിവരണവും നല്‍കുന്നു. കാവ്യം ലാവണ്യം തന്നെയെന്ന ഈ കണ്ടെത്തല്‍ ലാവണ്യശാസ്ത്രത്തിന്റെ വര്‍ണരാശിയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 'വാക്യം രസാത്മകം കാവ്യം' എന്നാണ് സാഹിത്യദര്‍പ്പണകാരനായ വിശ്വനാഥന്റെ (ക്രി. 14-ാം ശതകം) നിര്‍വചനം. ജീവിത കേന്ദ്രീകൃതമായ കാവ്യ വ്യാഖ്യാനത്തിന്റെ തലം ഇതിലിടംപിടിക്കുന്നു. ജീവിതത്തിനുവേണ്ടി കലയെ തിരസ്‌കരിക്കുകയാണ് പ്ലേറ്റോ. അരിസ്റ്റോട്ടിലിന്റെയും ടോള്‍സ്റ്റോയിയുടെയും കലാദര്‍ശനമാനങ്ങള്‍ ജീവിതചലനങ്ങളുടെ അപഗ്രഥനം നിര്‍വഹിക്കുന്നു. ഭരതന്റെയും ധനഞ്ജയന്റെയും കാവ്യചിന്തയും സമാനവീക്ഷണഗതി പ്രാപിക്കുന്നുണ്ട്. ദണ്ഡിയുടെ 'കാവ്യാദര്‍ശം' ജ്ഞാനജ്യോതിസ്സായി കവിതയെ പുനഃസൃഷ്ടിക്കുന്നു. ഭരതമുനി (ക്രി.മു.200-100)യുടെ നാട്യസംബന്ധിയായ അപൂര്‍വാശയങ്ങള്‍ വൈവിധ്യവൈചിത്ര്യങ്ങള്‍ നിറയുന്ന ലോകവ്യവഹാരത്തിന്റെ അനുകീര്‍ത്തനമാണ് നാട്യകലയെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. ഇത് കാവ്യനിര്‍വചന സീമയില്‍ അതീതമാനങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രഭവമായി. ധനഞ്ജയനും ഹേമചന്ദ്രനും രാജശേഖരനും രുദ്രടനും കുന്തകനും വാഗ്ഭടനും വാമനനും മഹിമഭട്ടനും കാവ്യത്തെ ജൈവരൂപമായി കാണുന്ന വിശ്വനാഥനും കാവ്യവിചിന്തനത്തിന്റെ സൂര്യപ്രകാശത്തെ പ്രതിഭാപൂര്‍ണിമയില്‍ പ്രതിഫലിപ്പിച്ചവരാണ്. കവിതയിലെ അറിവനുഭൂതിയുടെ ലാവണ്യസത്തയെയാണ് ആചാര്യന്മാര്‍ ഉന്മീലനം ചെയ്യുന്നത്. ആനന്ദവര്‍ദ്ധനന്‍ (ക്രി. 840-890) കാവ്യത്തിന്റെ മഹിതാത്മാവ് ധ്വനിതാര്‍ത്ഥമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടെഴുതിയ 'ധ്വന്യാലോകം' ഭാരതീയ കാവ്യശാസ്ത്രത്തിന്റെ സമഗ്രതയോലുന്ന സൂക്ഷ്മാവതരണമാണ്. 'രസധ്വനി'യെന്ന മഹിതസംജ്ഞയില്‍ ഈ സിദ്ധാന്ത വൈഭവം പ്രകീര്‍ത്തിതമായി. രസാഭിവ്യക്തി അന്തരാത്മാവിലാണെന്ന ചിന്ത കാവ്യശാസ്ത്രത്തിനുതന്നെ രസപോഷകമാവുകയായിരുന്നു. കവിതയുടെ പരമാണുവിലോരോന്നിലും ആനന്ദമധു നിറയുന്നുവെന്ന കുന്തകന്റെ പ്രമാണം കാവ്യം സംസ്‌കാരമാണെന്ന് രേഖപ്പെടുത്തുകയാണ്. നാളെ: കാവ്യസ്വരൂപത്തിന്റെ വിശ്വരൂപം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.