ജയശങ്കറിന്റെ മരണം അന്വേഷിക്കണം

Monday 19 December 2016 9:48 pm IST

കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ദുരൂഹതയുണ്ടെന്ന പരാതി പുതിയതല്ല. കോടിക്കണക്കിന് കണക്കില്ലാത്ത പണത്തിന്റെ ഒളിത്താവളമായി ചില സഹകരണ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ടെന്നത് വെറും ആരോപണമല്ല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കല്‍ നടപടി വന്നതോടെ കള്ളപ്പണം നിക്ഷേപിച്ചവര്‍ മാറത്തടിക്കുകയാണ്. നിക്ഷേപം പിടിക്കപ്പെടാതിരിക്കാന്‍ പല നടപടികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിരിക്കുന്നു. പുറത്ത് രാഷ്ട്രീയ ഭരണ നേതൃത്വം സഹകരണം അപകടത്തിലെന്ന് മുറവിളി കൂട്ടുമ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി ഓവര്‍ടൈം ജോലി ചെയ്യിച്ച് ചേലല്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുകയാണെന്ന പരാതിയുണ്ട്. ഇതിനിടയിലാണ് ഒരു മന്ത്രിയുടെ കള്ളപ്പണം കുമിഞ്ഞുകൂടിയതായി ആരോപണം വന്ന സഹകരണ ബാങ്കിന്റെ മാനേജര്‍ മരണപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ കടകമ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ മാനേജര്‍ വി.എല്‍. ജയശങ്കറിനെയാണ് മരിച്ച നിലയില്‍ കണ്ടത്. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗമായ ജയശങ്കര്‍ രണ്ട് പതിറ്റാണ്ടോളമായി ഈ ബാങ്കില്‍ ജോലി ചെയ്യുകയാണ്. ബാങ്കിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിയുന്ന ഈ മാനേജരുടെമേല്‍ വന്‍ സമ്മര്‍ദ്ദമാണ് ആഴ്ചകളായി വന്നുകൊണ്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. സിപിഎം നേതാവ് ദീപക്കാണ് ബാങ്കിന്റെ പ്രസിഡന്റ്. മന്ത്രിയുടെയും ബന്ധുക്കളുടെയും പേരില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയ സഹകരണ സ്ഥാപനമാണ് കടകംപള്ളി ബാങ്ക്. ആദായനികുതി വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ബാങ്കാണിത്. ജയശങ്കറിനെ ചാക്ക പുള്ളി ലെയിനിലുള്ള അദ്ദേഹത്തിന്റെ വസതിയായ പ്രശാന്തിയില്‍ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് ആയ ഭാര്യ കെ. സുധാകുമാരി അഞ്ചര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജയശങ്കര്‍ കസേരയില്‍ മരിച്ചതായാണ് കാണുന്നത്. നാലേ മുക്കാലിന് ബന്ധുവായ ഫോട്ടോ ഗ്രാഫര്‍ കുടുംബഫോട്ടോ നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. അഞ്ച് മണിയോടെ ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നത് കണ്ടതായി സമീപത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്. കള്ളപ്പണം തന്റേതാണെന്ന് ജയശങ്കര്‍ സമ്മതിച്ച് നിയമപരമായി പിഴ അടയ്ക്കുക, നേതാക്കളുടെ പേര് പുറത്ത് പറയാതിരിക്കുക, പാര്‍ട്ടി എല്ലാ സഹായവും ചെയ്യും എന്നതായിരുന്നുവത്രെ പദ്ധതി. ഇതുസംബന്ധിച്ച് പല തലത്തില്‍ ചര്‍ച്ചയും നടന്നു. ബാങ്കിന്റെ പ്രസിഡന്റ് വെള്ളിയാഴ്ച രാത്രിയിലും ജയശങ്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജയശങ്കര്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇത് ഒരു സ്വാഭാവിക മരണം അല്ലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ പല വമ്പന്മാരും കുടുങ്ങുമെന്ന് പരക്കെ സംസാരമുണ്ട്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വളരെ അടുത്ത അനുയായിയാണ് മരിച്ചതെന്ന് ബിജെപി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ മന്ത്രി ശ്രമിച്ചതായും ആരോപണം വന്നുകഴിഞ്ഞു. അത് വളരെ സംശയാസ്പദമാണ്. ഈ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. ജയശങ്കറിന്റെ കുടുംബാംഗങ്ങളും ഭാര്യയും ഉള്‍പ്പെടെ ഉള്ളവരുടെ പരാതി പരിശോധിക്കണം. കേസ് അട്ടിമറിക്കപ്പെടാന്‍ പാടില്ല. ശക്തമായ സംശയങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നോട്ടുമരവിപ്പിച്ചശേഷം പല ബാങ്കുകളിലേയും നിക്ഷേപവായ്പാ രേഖകളില്‍ കൃത്രിമം നടന്നതായി ബലമായ സംശയം ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ അന്വേഷിക്കപ്പെടുന്നതോടൊപ്പം കടകംപള്ളി സര്‍വ്വീസ് സഹകരണബാങ്ക് മാനേജരുടെ മരണത്തിന്റെ പിന്നാമ്പുറവും പരിശോധിക്കണം. സംസ്ഥാനത്തെ സംവിധാനങ്ങള്‍ അന്വേഷിച്ചാല്‍ സത്യം വെളിച്ചത്തുവരാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ പുറത്തുള്ള ഏജന്‍സിതന്നെ ഇവ അന്വേഷിക്കണം. അതിനായി ജനങ്ങളുടെ ജാഗ്രതയും സമ്മര്‍ദ്ദവും അനിവാര്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.