ജില്ലയില്‍ വാര്‍ഷിക പദ്ധതിക്കായി ചെലവഴിച്ചത് 10 ശതമാനം മാത്രം

Monday 19 December 2016 11:07 pm IST

കാക്കനാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജില്ലയില്‍ വാര്‍ഷിക പദ്ധതിക്കായി തുക ചിലവഴിച്ചത് 10 ശതമാനം മാത്രം. കൊച്ചി കോര്‍പ്പറേഷനും പത്തു ശതമാനം തുക പോലും ഇതു വരെ ചിലവാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 14.55 ശതമാനം തുകയാണ് ആകെ ചിലവഴിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ 9.09 ശതമാനം തുകയാണ് ഇതു വരെ ചിലവഴിച്ചത്. നഗരസഭ 19.46 ശതമാനം തുകയും ചിലവഴിച്ചു. തൃക്കാക്കര നഗരസഭയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 31.44 ശതമാനം. കൂത്താട്ടുകുളം 26.24 ശതമാനവും, മരട് 10.34 ശതമാനവുമാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 13.17 ശതമാനം തുക ചിലവഴിച്ചപ്പോള്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്താണ് കൂടുതല്‍ (27.80) ശതമാനം ചിലവഴിച്ചത്. പറവൂര്‍ 24.12, പളളുരുത്തി 5.88, പാറക്കടവ് 5.95 തുകയാണ് ചിലവഴിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 19.20 ശതമാനം തുക ചിലവഴിച്ചപ്പോള്‍ വാളകമാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് 45.5 ശതമാനം. ജില്ലയില്‍ പത്ത് ശതമാനത്തില്‍ താഴെ തുക ചിലവഴിച്ചത് 18 ഗ്രാമപഞ്ചായത്തുകളാണ്. 15 മുതല്‍ 20 ശതമാനം വരെ. 17 ഗ്രാമപഞ്ചായത്തുകളും, 30 മുതല്‍ 35 വരെ 6 ഗ്രാമപഞ്ചായത്തുകളും, 40 ശതമാനം വരെ 2 ഗ്രാമപഞ്ചായത്തുകളുമാണ് ചിലവഴിച്ചത്. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതികളുടെ നിര്‍വ്വഹണത്തിന് തടസ്സമുള്ളതായി സെക്രട്ടറിമാര്‍ അവലോകനയോഗത്തില്‍ പറഞ്ഞു. ഗുണഭോക്തൃവിഹിതം അടക്കേണ്ട പദ്ധതികളിലാണ് കാലതാമസം നേരിടുന്നത്. ഒരു തദ്ദേശസ്ഥാപനം മറ്റൊരു തദ്ദേശസ്ഥാപനത്തില്‍ ഡെപ്പോസിറ്റ് തുക അടക്കാന്‍ പാടില്ലെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവാണ് ഇതിന് തടസ്സം.തൊഴിലുറപ്പ് പദ്ധതികളുടെ സാധന സാമഗ്രികള്‍ നേരിട്ട് തദ്ദേശസ്ഥാപനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നുള്ള നിബന്ധനയും പദ്ധതിക്ക് തടസ്സമാകുന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍ അദ്ധ്യക്ഷയായിരുന്നു. കളക്ടര്‍ കെ. മുഹമ്മദ്. വൈ. സഫീറുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരും, സെക്രട്ടറിമാരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.