റീച്ച് ആയുര്‍വ്വേദ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

Tuesday 20 December 2016 1:20 am IST

കണ്ണൂര്‍: കേരളത്തിലെ ആയുര്‍വേദ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഡോക്ടര്‍മാര്‍, മരുന്ന് നിര്‍മാണ കമ്പനികള്‍, യോഗ സെന്ററുകള്‍, കോളജുകള്‍ തുടങ്ങി മുഴുവന്‍ ആയുര്‍വ്വേദ ശൃംഖലകളെയും കോര്‍ത്തിണക്കിക്കൊണ്ട് റീച്ച് ആയുര്‍വ്വേദ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ ഡോ.സനല്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് റീച്ച് ആയുര്‍വ്വേദ ജനങ്ങളിലേക്കെത്തുന്നത്. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും കേരളത്തിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും മേല്‍വിലാസങ്ങള്‍ കൂടാതെ മരുന്ന് നിര്‍മാതാക്കളുടെ വിവരങ്ങള്‍ സര്‍ച്ച് ചെയ്യുക എന്നതും ഈ അപ്ലിക്കേഷന്‍ സാധ്യമാക്കുമെന്ന് ഡോ.സനല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും റീച്ച് ആയുര്‍വേദയുടെ പ്രത്യേകതയാണ്. ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ ഡോക്ടര്‍മാരും മറ്റ് ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ചാറ്റ് റൂമിലൂടെ ദൂരീകരിക്കുവാന്‍ സാധിക്കും. നിരവധി ഹെല്‍ത്ത് ടിപ്‌സും ആപ്ലിക്കേഷന്‍ നല്‍കും. ഡോക്ടര്‍മാര്‍ക്ക് അവരുടെ ഒപി സമയവും ആശുപത്രികള്‍ക്കും മരുന്ന് നിര്‍മാതാക്കള്‍ക്കും അവരുടെ മറ്റ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പ് നല്‍കും. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന റീച്ച് ആയുര്‍വ്വേദ ഗൂഗിള്‍ പ്ലേ സേ്റ്റാറില്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ വിവേക് കാളക്കാട്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു. കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക : ചിത്രയാത്ര നാളെ ആരംഭിക്കും കണ്ണൂര്‍: ആര്‍ട്ട് ക്യാന്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ കാന്‍സറിനെ അറിയുക കാന്‍സറിനെ അകറ്റുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ അഞ്ഞൂറ് കേന്ദ്രങ്ങളിലൂടെ ചിത്രകാരന്‍ എബി എന്‍ ജോസഫ് ചിത്രയാത്ര നടത്തുന്നു. കലയും സാന്ത്വനവും ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും സമന്വയിക്കുന്ന യാത്ര നാളെ ശ്രീകണ്ഠാപുരത്ത് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രയാത്ര വൈകീട്ട് നാലിന് കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനും നടനും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റും ചേര്‍ന്ന് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്യും. ആദ്യജില്ലയായ കണ്ണൂരില്‍ 38 കേന്ദ്രങ്ങളിലേക്കാണ് യാത്രപോവുക. ചിത്രയാത്രയുടെ അധ്യക്ഷനായ ഡോ.വി.പി.ഗംഗാധരന്‍ തയ്യാറാക്കിയ 23 സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ യാത്രയില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖരായ 30 കലാകാരന്‍മാരുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതും വ്യാപിക്കുന്നതും, വിവിധ ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നതും രോഗവ്യാപനത്തെ തടയുന്നതുമെല്ലാം ചിത്രങ്ങള്‍ക്ക് പ്രമേയമാവുന്നു. അന്ധവിശ്വാസങ്ങളെ അകറ്റുന്നതും തെറ്റിദ്ധാരണകളെ തിരുത്തുന്നതുമായ സന്ദേശങ്ങള്‍ ഇതിലുള്‍പ്പെടുന്നു. രോഗകാരണമായേക്കാവുന്ന ശീലകേടുകള്‍ക്ക് നേരെയും ഇത് വിരല്‍ചൂണ്ടുന്നു. ഒപ്പം പ്രകൃതിയോടത്തുള്ള ജീവിതരീതിയെയും പ്രോത്സാഹിപ്പിക്കുന്നു. ക്ലാസുകളും അനുഭവ സാക്ഷ്യങ്ങളും അടങ്ങുന്ന വീഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു. കാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രദര്‍ശനകേന്ദ്രങ്ങളില്‍ വിതരണത്തിനായുണ്ട്. ഇതോടൊപ്പം രോഗബാധ കൊണ്ട് ജീവിതദൈര്‍ഘ്യം പരിമിതപ്പെട്ടവരെയും ദാരിദ്ര്യം അനുഭവപ്പെടുന്നവരെയും സ്വീകരിക്കുന്ന ഒരു മാതൃകാകേന്ദ്രം ഒരുക്കാനും കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ട്. ഇടം എന്ന് പേരിടാനുദ്ദേശിക്കുന്ന കേന്ദ്രം 2019 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനാണ് തീരുമാനം. ഇതിനായി ഓരോ ചുവരിലും ഓരോ ഗാന്ധി ചിത്രം എന്ന മുദ്രാവാക്യമുയര്‍ത്തി നാടാകെ ഗാന്ധിചിത്രങ്ങള്‍ വിതരണം ചെയ്ത് കേന്ദ്രത്തിന്റെ നിര്‍മാണത്തിനാവശ്യമായ വിഭവ സമാഹരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ സാജു സേവ്യര്‍, പി.നാരായണന്‍, സുഹാസ് വേലാണ്ടി, ടി.എം.ദയാനന്ദന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.