അഗർത്തല : ത്രിപുര നിയമസഭാ സ്പീക്കറുടെ അധികാര ദണ്ഡ് തൃണമൂൽ കോൺഗ്രസ് എം.എൽ.എ തട്ടിയെടുത്തോടി. സഭയിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് സുദീപ് റോയ് ബർമനാണ് സ്പീക്കറുടെ അധികാര ചിഹ്നമായ ദണ്ഡ് അടിച്ചുമാറ്റി ഓടിയത്.
സിപിഎം മന്ത്രിക്കെതിരെ സ്ത്രീപീഡന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം നടത്തുന്നതിനിടയിലായിരുന്നു സംഭവം. ശൂന്യവേളയിൽ നേരത്തെ അറിയിക്കാതെയായിരുന്നു ബർമൻ ആരോപണവുമായി രംഗത്തെത്തിയത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുന്നതിടെ സുദീപ് റോയ് സ്പീക്കറുടെ കാബിനരികിലേക്ക് നീങ്ങി ദണ്ഡെടുത്ത് ഓടുകയായിരുന്നു. വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരടക്കം ബർമനു പിന്നാലെ ഓടി. വാതിൽത്തുറന്നു പുറത്തേക്കു ഓടിയ ബർമനിൽനിന്ന് ഒടുവിൽ ദണ്ഡ് പിടിച്ചെടുത്തു.
സംഭവത്തെ തുടർന്ന് പ്രക്ഷുബ്ധമായ സഭ കുറച്ച് നേരത്തേക്ക് നിർത്തിവച്ചു. നിയമസഭയുടെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയാണ് ബർമൻ കാണിച്ചതെന്ന് സ്പീക്കർ പ്രതികരിച്ചു. ഇത് മൂന്നാം തവണയാണ് ത്രിപുര നിയമസഭയിൽ സമ്മേളനത്തിനിടെ വെള്ളികൊണ്ടുള്ള അധികാര ദണ്ഡ് എടുത്ത് അംഗങ്ങൾ ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: