വീല്‍ചെയറും സ്ട്രച്ചറും 'ഇല്ല' വലയുന്നത് രോഗികള്‍

Tuesday 20 December 2016 7:12 pm IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളജാശുപത്രിയിലെത്തുന്ന അവശരായ രോഗികളെ അത്യാഹിത വിഭാഗത്തിലുള്‍പ്പെടെയെത്തിക്കുന്നതിന് വീല്‍ചെയര്‍ ഇല്ലാത്തത് ജീവനക്കാരുമായി സംഘര്‍ഷത്തിന് കാരണമാകുന്നു.രോഗികളുമായെത്തുന്നവര്‍ വാഹനത്തില്‍ നിന്ന് രോഗിയെ ഇറക്കി മണിക്കൂറുകള്‍ ആശുപത്രി സമുച്ചയം മുഴുവന്‍ കയറിയിറങ്ങിയാലും വീല്‍ചെയറോ സ്‌ട്രെച്ചറോ കിട്ടാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു രോഗിയുമായി ആലപ്പുഴയില്‍ നിന്നെത്തിയ തനിക്ക്, മണിക്കൂറുകള്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും കയറിയിറങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടര്‍ ഇടപെട്ടാണ് വീല്‍ ചെയര്‍ സംഘടിപ്പിച്ചുനല്‍കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ കെ. എം. അന്‍സാരി പറയുന്നു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും വാങ്ങി നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചുനല്‍കാമെന്ന ഉറപ്പിന്മേലാണ് ഡോക്ടര്‍ വീല്‍ ചെയര്‍ ഏര്‍പ്പാടാക്കി തന്നതെന്ന് അന്‍സാരി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി ആശുപത്രിയില്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. വിവിധ സന്നദ്ധ സംഘടനകള്‍ ആശുപത്രിയിലേക്ക് ആവശ്യമായ വീല്‍ച്ചെയര്‍, സ്ട്രച്ചര്‍ തുടങ്ങിയവ സംഭാവനയായി നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം കാണാതാകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നു. ആശുപത്രി സൂപ്രണ്ടിനെയും മറ്റും സമ്മര്‍ദത്തിലാക്കി അറ്റന്‍ഡര്‍മാര്‍ തന്നെയാണ് രോഗികള്‍ക്ക് വീല്‍ച്ചെയറുകള്‍ സ്വയം ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നും ആരോപണമുണ്ട്. വീല്‍ചെയറില്‍ രോഗിയെ ഡോക്ടര്‍മാരുടെ അടുത്തും വിവിധ ചികിത്സാ വിഭാഗങ്ങളിലുമെത്തിക്കുന്ന അറ്റന്‍ഡമാര്‍ക്ക് പ്രത്യേക പടി ലഭിക്കുന്നുണ്ട്. വീല്‍ച്ചെയര്‍ രോഗികളുടെ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ സ്വയം ഉപയോഗിക്കുന്നതോടെ ഈ പടി നഷ്ടമാകുമെന്നതിനാല്‍ അറ്റന്‍ഡര്‍മാര്‍ തന്നെ, വീല്‍ചെയറുകള്‍ അജ്ഞാതകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. പലപ്പോഴും രോഗികളെ തോളില്‍ ചുമന്നും ഒപ്പമുള്ളവര്‍ ഒരുമിച്ച് എടുത്ത് കൊണ്ടും മറ്റുമാണ് ഡോക്ടര്‍മാരുടെ മുന്നിലും അത്യാഹിത വിഭാഗത്തിലുമെത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.