ക്രിസ്മസ് വിപണി സജീവം

Tuesday 20 December 2016 7:16 pm IST

ആലപ്പുഴ: ക്രിസ്മസ് വിപണി സജീവമായി. വൈവിദ്ധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്തക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവ വാങ്ങാന്‍ കടകളില്‍ തിരക്കുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 140 ഓളം വെറൈറ്റികളില്‍ നക്ഷത്രങ്ങള്‍ എത്തിയിരുന്നിടത്ത് ഇക്കുറി 40 ഓളം വെറൈറ്റികള്‍ മാത്രമാണ്. നക്ഷത്രങ്ങളുടെയും മറ്റ് അലങ്കാരവസ്തുക്കളുടെയും വിലയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന വര്‍ദ്ധന ഇക്കുറിയില്ല. കൂടുതല്‍ വിലയുള്ള നക്ഷത്രങ്ങള്‍ ചുരുക്കമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപണിയില്‍ താരം ചൈനീസ് ഉത്പന്നങ്ങളാണ്. മിന്നിത്തിളങ്ങുന്ന ആശംസാ കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് കേക്ക്, വൈന്‍ വിപണികള്‍ സജീവം. പള്ളികളില്‍ നിന്നും മറ്റും ഓര്‍ഡറുകള്‍ ധാരാളം. ഇത്തവണ ക്രിസ്മസ് വിപണിയിലെ താരം എല്‍ഇഡി നക്ഷത്രമാണ്. രാത്രികാലങ്ങളില്‍ വഴിയോരങ്ങളില്‍ നക്ഷത്രവിസ്മയം തീര്‍ക്കുകയാണ് ഈ മിന്നുംതാരങ്ങള്‍. 170 മുതല്‍ 600 വരെ വിലയുള്ള ഇരുപതോളം തരത്തിലുള്ള എല്‍ഇഡി നക്ഷത്രങ്ങളാണ് വില്പനക്കെത്തിയിട്ടുള്ളത്. ഒപ്പം ജിമ്മിസ്റ്റാര്‍, ലോട്ടസ്സ്റ്റാര്‍, മത്തങ്ങ സ്റ്റാര്‍ തുടങ്ങിയ വിളിപ്പേരുകളില്‍ മുപ്പതോളം താരനിരകളും വിപണിയിലുണ്ട്. ക്രിസ്മസ് ആശംസകള്‍ ആലേഖനം ചെയ്ത കാര്‍ഡുകളും വിപണിയില്‍ സജീവമായി. ഇലക്ട്രോണിക് കാര്‍ഡുകളും വ്യത്യസ്ത ദ്യശ്യാലങ്കാരങ്ങളുമാണ് ഇത്തവണത്തെ പ്രത്യേകത. ഇലക്ട്രോണിക്ക് കാര്‍ഡുകള്‍ക്ക് 50 മുതല്‍ 100 വരെയാണ് വില. 10 രൂപ മുതലുള്ള കാര്‍ഡുകളും ലഭ്യമാണ്.200 രൂപ മുതല്‍ 3,500 രൂപ വരെയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയിലുണ്ട്. ട്രീ അലങ്കരിക്കാന്‍ സാന്താക്ലോസിന്റെ ചെറിയരൂപം, വിവിധ വര്‍ണ്ണങ്ങളിലെ ബോളുകള്‍, ഗിഫ്റ്റ് ബോക്‌സിന്റെ ചെറിയരൂപങ്ങള്‍ തുടങ്ങി വിവിധതരം അലങ്കാര വസ്തുക്കളും കടകളിലുണ്ട്. പച്ച നിറത്തിലുള്ള ട്രീകള്‍ക്ക് പകരം ഗോള്‍ഡന്‍, സില്‍വര്‍, ചുവപ്പ് നിറങ്ങളിലുള്ള ട്രീകളുമുണ്ട്. കൂടാതെ ഇലകളില്‍ മഞ്ഞുതുള്ളികള്‍ ഉള്ള മിസ്റ്റ് ട്രീ, ലൈറ്റിംഗോടെയുള്ള ട്രീ എന്നിവയും സുലഭം. വിവിധതരം ട്രീയും അലങ്കാരവസ്തുക്കളും വിപണിയിലെത്തി. ട്രീയ്ക്ക് വലിപ്പമനുസരിച്ചാണ് വില. 250 രൂപ മുതല്‍ 1000 വരെയാണ് വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.