കായല്‍ കൈയേറ്റം; സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

Tuesday 20 December 2016 8:08 pm IST

ആലപ്പഴ: വേമ്പനാട് കായല്‍ കയ്യേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി പാണാവളളി പഞ്ചായത്തില്‍ നെടിയതുരുത്ത് ദ്വീപില്‍ കാപ്പികോ കേരളാ റിസോര്‍ട്ട് വില്ലകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും നടപടിയെടുക്കുന്നില്ല. റിസോര്‍ട്ടിനെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയ സിപിഐ എംഎല്‍എ ഇന്നു മന്ത്രിയാണ്. വേമ്പനാട് കായലില്‍ കയ്യേറ്റം വ്യാപകമാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതില്‍ ഒതുങ്ങുകയാണ് സര്‍ക്കാര്‍ നടപടികള്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വ്യാപകമായി കായല്‍ കയ്യേറ്റം ഉണ്ടായത്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഈ സര്‍ക്കാരും നടപടി സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് കായല്‍ കൈയേറ്റത്തെ കുറിച്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. 2.093 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി 36 വില്ലകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കയ്യേറിയും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചും നിര്‍മ്മിച്ച വില്ലകള്‍ പൊളിച്ചു നീക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റിസോര്‍ട്ട് അധികൃതര്‍ 7.0212 ഹെക്ടര്‍ സ്ഥലമാണ് കൈവശം വച്ചിട്ടുള്ളത്. ഇതില്‍ 4.927 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാന്‍ മാത്രമേ അവര്‍ക്കു കഴിഞ്ഞിട്ടുള്ളൂ. 2013 ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം മൂന്നാകാറായിട്ടും തുടര്‍ നടപടികളൊന്നും സ്വീകരിക്കാതെ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ്. ഭൂമി കയ്യേറ്റവും പരിസ്ഥിതി ആഘാതവും ബോദ്ധ്യപ്പെട്ട ഹൈക്കോടതിയും നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. 1957ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം റിസോര്‍ട്ടുകാരുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ചേര്‍ത്തല അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് ആലപ്പുഴ ആര്‍ഡിഒ 2013 സപ്തംബര്‍ ആറിന് വീണ്ടും ഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല. അതിനിടെ കോടതി ഉത്തരവു പ്രകാരം ഈ റിസോര്‍ട്ടു പൊളിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പരിസ്ഥിതിക്ക് കോട്ടം ഉണ്ടാകുമെന്ന് പറഞ്ഞ് നടപ്പാക്കിയില്ല. പിന്നീട് റിസോര്‍ട്ട് പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് ലഭിക്കുന്നതിന് ഈ കാലതാമസം റിസോര്‍ട്ടുടമകള്‍ക്ക് സഹായകരമാകുകയും ചെയ്തു. സുപ്രീംകോടതിയില്‍ ഇതിനെതിരെ ഹര്‍ജി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ സ്വാധീനമുള്ള പണമിടപാടു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. തണ്ണീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയും നിര്‍മ്മിച്ച റിസോര്‍ട്ടിനെതിരെ നടപടി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നേരത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ചില എംഎല്‍എമാരും ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരും രംഗത്തു വന്നതും വിവാദമായിരുന്നു. റവന്യു വകുപ്പിന്റെ തന്നെ കണക്കു പ്രകാരം റിസോര്‍ട്ട് ലോബികള്‍ ഏറ്റവും അധികം കായല്‍ തീരങ്ങള്‍ കയ്യടക്കിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. ഇതിനാല്‍ കായലിന്റെ വിസ്തീര്‍ണ്ണം ഗണ്യമായി കുറയുകയാണ്. വീടുനിര്‍മ്മിക്കാന്‍ ഒരുതുണ്ടു ഭൂമിയില്ലാതെ വിഷമിക്കുന്ന ഭൂരഹിതരായവര്‍ക്ക് നല്‍കാന്‍ ഭൂമി ഇല്ലെന്നു പ്രഖ്യാപിക്കുമ്പോഴാണ് വന്‍കിട കുത്തകകളുടെയും ടൂറിസം മാഫിയകളുടെയും ഭൂമി കയ്യേറ്റത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.