ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവഗണിത പുരസ്കാരം വേദഗണിത പ്രചാരകനായ കെ. വിജയരാഘവന് മാസ്റ്റര്‍ക്ക്. ഡോ. ശ്രീരാം ചൗതേവാല അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് 2016 ലെ പുരസ്കാരം തീരുമാനിച്ചത്. മാധവന്റെ സുവര്‍ണ്ണ ചിത്രം ആലേഖനം ചെയ്ത ആറന്മുള കണ്ണാടിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പാലക്കാട്ടെ വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഗണിത അദ്ധ്യാപകനായും അദ്ധ്യാപക പരിശീലകനായും പ്രധാനാദ്ധ്യാപകനായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും പ്രവര്‍ത്തിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമാണ്.വരാമാനുജ സരണിയുടെ സംസ്ഥാന സംയോജകനാണ്.
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 22, 23, 24 തിയതികളില്‍ ഇരിങ്ങാലക്കുട താണിശ്ശേരി തരണനെല്ലൂര്‍ ആര്‍ട്ട്സ് & സയന്‍സ് കോളേജില്‍ നടക്കുന്ന വേദഗണിത മഹാസമ്മേളനത്തില്‍ പുരസ്കാരദാന ചടങ്ങ് നടക്കും.
മാധവഗണിത കേന്ദ്രവും ദല്‍ഹി ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസും ചേര്‍ന്നാണ് വേദഗണിത സമ്മേളനം നടത്തുന്നത്. 24ന് 3ന് സമാപന സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കും. യുജിസി ചെയര്മാന് ഡോ. വേദപ്രകാശ്, രാജ്യസഭാംഗവും സീ ടിവി ചെയര്‍മാനുമായ സുഭാഷ് ചന്ദ്ര, ശിക്ഷാ ഉത്ഥാന്‍ ന്യാസ് സെക്രട്ടറി അതുല്‍ കോഠാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി 22ന് 3മണിക്ക് സംഗമഗ്രാമ മാധവന്റെ ജന്മസ്ഥലത്ത് നിന്ന് ശ്രീ സംഗമേശ്വര സന്നിധിയിലേക്ക് മാധവ ജ്യോതി പ്രയാണം നടക്കും. ജ്യോതി മാധവന്റെ ജന്മഗൃഹമായ ഇരിങ്ങാടപ്പിള്ളി മനയില്‍ നിന്നും പകര്‍ന്നെടുക്കും. തുടര്‍ന്ന് ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മാധവാചാര്യന് വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ശിലാപാളികളില്‍ പുഷ്പാര്‍ച്ചന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: