പെരുമ്പളത്ത് ജങ്കാര്‍ തകര്‍ന്നു ഒഴിവായത് വന്‍ ദുരന്തം

Tuesday 20 December 2016 9:02 pm IST

പെരുമ്പളത്ത് തകര്‍ന്ന ജങ്കാര്‍

പൂച്ചാക്കല്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെരുമ്പളം ദ്വീപിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കിന്‍കോ നിര്‍മ്മിച്ച് നല്‍കിയ ജങ്കാര്‍ ഇന്നലെ രാവിലെ യാത്ര അവസാനിച്ചതിനു തൊട്ടുപുറകെ തകര്‍ന്നു. വാഹനങ്ങള്‍ എല്ലാം ഇറങ്ങിയതിനു ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിര്‍മ്മാണത്തിലെ സാങ്കേതിക തകരാറുകാരണം ഒരുവര്‍ഷമായി കെട്ടിയിട്ടിരികുകയായിരുന്നു ജങ്കാര്‍. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നു കിന്‍കോയെ കൊണ്ടുതന്നെ അറ്റകുറ്റപ്പണി ചെയ്യിച്ചു. കഴിഞ്ഞദിവസം ട്രയല്‍ റണ്‍ നടത്തിയ ജങ്കാറാണു ഇന്നലെ രാവിലെ തകര്‍ന്നത്.
ഏ.എം. ആരിഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് പെരുമ്പളത്തേയ്ക്കായി നിര്‍മ്മിച്ച ഐശ്വര്യം ജങ്കാറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാതെ പരീക്ഷണ ഓട്ടം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള എംഎല്‍എയുടെയും കിന്‍കോ അധികൃതരുടെയും നടപടിയില്‍ യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം അപലപിച്ചു. മറ്റൊരു ജലദുരന്തം ക്ഷണിച്ചു വരുത്താനുള്ള ആസൂത്രിക നീക്കമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാതെ വാഹനങ്ങളും, ജനങ്ങളെയും കയറ്റി സര്‍വ്വീസ് നടത്തുവാന്‍ തയ്യാറായ സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍കോയ്‌ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ വകുപ്പ് മന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഐശ്വര്യം ജങ്കാര്‍ നിര്‍മ്മാണത്തില്‍ ഏകദേശം 75 ലക്ഷത്തിലധികം രൂപ അഴിമതി നടന്നുവെന്നു ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിമല്‍ ആവശ്യപ്പെട്ടു.
കിന്‍കോയെന്ന സര്‍ക്കാര്‍ ഏജന്‍സിയ്ക്ക് നല്കിയ കരാര്‍ എന്തിനാണ് കിന്‍കോ ഈ കരാര്‍ മറ്റൊരു സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് നല്‍കിയതെന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. നിലവിലെ പെരുമ്പളം ജെട്ടിയില്‍ വന്ന് ജങ്കാര്‍ രൂപകല്‍പ്പന ചെയ്യേണ്ട കുസാറ്റിലെ ജലഗതി ഡിപ്പാര്‍ട്ട്‌മെന്റ് സംഭവസ്ഥലത്ത് എത്താതെ പദ്ധതി തയ്യാറാക്കിയതും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വെളിവാക്കുന്നതാണ്.
നിര്‍മ്മാണ തകരാര്‍ പൂര്‍ണ്ണമായി പരിഹരിയ്ക്കാതെ സര്‍വ്വീസ് നടത്തിയാല്‍ തടയുമെന്നും പ്രതികരിക്കുമെന്നും യുവമോര്‍ച്ച യോഗം മുന്നറിയിപ്പ് നല്‍കി. യുവമോര്‍ച്ച നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രൂപേഷ് എന്‍. പൈ, യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗങ്ങളായ എം. വിജീഷ്, ബി. നിമേഷ് യുവമോര്‍ച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി. മഹില്‍, എ.എന്‍. നിര്‍മ്മല്‍, സെക്രട്ടറി വി.എസ്. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.